റഷ്യന്‍ സേനയില്‍ ജോലി ചെയ്യുന്ന 50 ഓളം ഇന്ത്യന്‍ പൗരന്മാര്‍ തിരികെ നാട്ടിലെത്താന്‍ സഹായം തേടി അധികൃതരെ സമീപിച്ചതായി വിദേശകാര്യമന്ത്രാലയം. എത്രയും വേഗം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.
നേതൃത്വത്തിലുള്‍പ്പെടെ സാധ്യമായ എല്ലാ തലങ്ങളിലും ഇന്ത്യ വിഷയം ഉയര്‍ത്തിക്കൊണ്ട് വന്നിട്ടുണ്ട്. അടുത്തിടെ മോസ്‌കോയില്‍ നടന്ന വാര്‍ഷിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഇക്കാര്യം ഉന്നയിക്കുകയും ഇന്ത്യന്‍ പൗരന്മാരെ എത്രയും പെട്ടന്ന് മടക്കി അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് രണ്‍ധീര്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ ആവശ്യത്തിന് ശുഭ സൂചകമായ പ്രതികരണമാണ് റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷ ഭൂമിയില്‍ റഷ്യന്‍ സേനയില്‍ ജോലി ചെയ്തിരുന്ന നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ റിക്രൂട്ടിങ് ഏജന്‍സികള്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചാണ് പലരെയും റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തതെന്ന് വ്യക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റഷ്യന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി വിഷയം ഉന്നയിച്ചത്.
പലരും പാചകക്കാരായും സഹായികളായും, സപ്പോര്‍ട്ടിങ് സ്റ്റാഫുകളായും റഷ്യന്‍ സേനയില്‍ ജോലി ചെയ്യുന്നവരാണ്. റിക്രൂട്ട് ചെയ്യപ്പെട്ട 2 ഇന്ത്യക്കാര്‍ ഇതിനോടകം രാജ്യത്ത് മടങ്ങിയെത്തിയിരുന്നു. ഇന്ത്യക്കാരെ കൂടാതെ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, എന്നിവിടങ്ങളില്‍ നിന്നുള്ളവരും റഷ്യന്‍ സേനയില്‍ ജോലി ചെയ്യുന്നതായാണ് വിവരം.