Thursday, February 27, 2025

ഉക്രൈൻ നഗരങ്ങളിൽ ആക്രമണം ഇരട്ടിപ്പിച്ച് റഷ്യ

ഉക്രൈനിലെ നഗരങ്ങൾക്ക് മേൽ മിസൈൽ ആക്രമണം ശക്തമാക്കി റഷ്യ. നൂറ്റിഇരുപതിലേറെ മിസൈലുകളാണ് ഈ ദിവസങ്ങളിൽ റഷ്യ ഉക്രൈനിൽ വർഷിച്ചത്. ആക്രമണത്തിൽ തലസ്ഥാന നഗരമായ കീവിൽ പതിനാലുകാരി ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റു. വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ പലയിടത്തും തകർന്നിരിക്കുകയാണ്.

ആക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ നഗരത്തിലെങ്ങും വൈദ്യുതി, ജലവിതരണം തടസ്സപ്പെട്ടേക്കുമെന്ന് മേയർ വിറ്റാലി ക്ലിറ്റ്ച്കോ മുന്നറിയിപ്പ് നൽകി. കീവ്, ഹർകീവ്, ലിവിവ്, ഒഡേസ, ഡിനിപ്രോപെട്രോവിസ്ക് എന്നീ നഗരങ്ങളിലാണ് കൂടുതൽ മിസൈലുകൾ പതിച്ചത്. ആക്രമണങ്ങളുടെ ലക്ഷ്യം അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക എന്നതായിരുന്നു. ആക്രമണത്തിൽ ഒട്ടേറെ കെട്ടിടങ്ങളും തകർന്നു.

ഇതിനിടെ ഉക്രൈനിന്റെ വ്യോമ പ്രതിരോധ സംവിധാനമായ എസ്–300 മിസൈൽ ബെലാറൂസിൽ പതിച്ചതായി ബെൽറ്റ വാ‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റഷ്യയുടെ മിസൈൽ ആക്രമണം നടക്കുന്നതിനിടെയാണ് ഇതെന്നും മിൻസ്ക് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളി‍ൽ പോരാട്ട മേഖലയിൽ പലയിടത്തും തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് റഷ്യ മിസൈൽ ആക്രമണം ശക്തമാക്കിയതെന്നാണ് വിവരം.

Latest News