Saturday, November 23, 2024

ഗദ്സേമന്‍ തോട്ടവും സകല രാജ്യങ്ങളുടെ ദേവാലയവും

യേശുക്രിസ്തുവിന്റെ പീഡകളും കുരിശുമരണവും ഉത്ഥാനവും അനുസ്മരിക്കുന്ന വിശുദ്ധമായ നോമ്പിന്റേയും അതിനു പരിസമാപ്തിയായി ആചരിക്കുന്ന വലിയ ആഴ്ചയുടേയും സുപ്രധാന മണിക്കൂറുകളിലൂടെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനത കടന്നുപോകുന്നത്. ഈയവസരത്തില്‍, യേശുവിന്റെ പീഡാനുഭവത്തോടും കുരിശുമരണത്തോടും ബന്ധപ്പെട്ടതായി വിശുദ്ധ ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന ചില പ്രത്യേക സ്ഥലങ്ങളേയും ഇടങ്ങളേയും പരിചയപ്പെടാം…

ഒലിവുമലയുടെ താഴ്വാരത്തുള്ള ഗദ്സേമന്‍ തോട്ടം കെദ്രോണ്‍ അരുവിയുടെ അക്കരെയാണെന്ന് ബൈബിളില്‍ വ്യക്തമായി രേഖപ്പെടുത്തുന്നു. ജറുസലേം നഗരത്തിന്റെ കിഴക്കുഭാഗത്തുള്ള മൂന്നു മലകളില്‍ മധ്യത്തില്‍ സ്ഥിതിചെയ്യുന്ന മലയാണ് ഒലിവുമല. ഈ മലയുടെ താഴ്വാരത്തില്‍ ഈശോ രക്തം വിയര്‍ത്തു പ്രാര്‍ത്ഥിച്ച ഗദ്സേമന്‍ തോട്ടത്തിനുള്ളിലെ സ്ഥലത്താണ് ‘സകല രാജ്യങ്ങളുടെ ദേവാലയം’ (Church of All the Nation) നിലകൊള്ളുന്നത്. ഇത് കെദ്രോണ്‍ അരുവിയുടെ തീരത്തുള്ള സ്ഥലമാണ്.

ജറുസലേം ദേവാലയം നിലനിന്നിരുന്ന മോറിയ മലക്കും അതിനു നേരെ എതിര്‍വശത്തുള്ള ഒലിവുമലക്കും ഇടയിലുള്ള താഴ്വരയാണ് കെദ്രോണ്‍ താഴ്വര എന്ന പേരില്‍ അറിയപ്പെടുന്നത്. ആ താഴ്വരയ്ക്ക് ഈ പേര് ലഭിച്ചത് കെദ്രോണ്‍ അരുവി അതിലെ ഒഴുകുന്നതുകൊണ്ടാണ്. ബൈബിളിലെ പഴയ നിയമത്തില്‍ ജോസഫാത്ത് താഴ്വര എന്ന പേരിലും കെദ്രോണ്‍ താഴ്വര അറിയപ്പെടുന്നുണ്ട്.

ഈശോയുടെ സമയത്ത് ഗലീലിയയില്‍ നിന്ന് തീര്‍ത്ഥാടനമായി ജറുസലേം ദേവാലയത്തിലേക്ക് പ്രാര്‍ത്ഥിക്കുന്നതിനായി വരുന്ന യഹൂദര്‍ ഒലിവുമലയിറങ്ങി കെദ്രോണ്‍ താഴ്വര കടന്നാണ് ജറുസലേം ദേവാലയത്തിലെത്തിയിരുന്നത്. ഒന്നാം നൂറ്റാണ്ടില്‍ കെദ്രോണ്‍ താഴ്വരയുടെ സമീപത്തുള്ള ഒലിവുമല, ഒലിവ് മരങ്ങളാല്‍ സമ്പന്നമായിരുന്നു. ഒലിവുതോട്ടങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഒലിവുമലയ്ക്ക് ആ പേര് ലഭിച്ചത്.

1924-ല്‍ നിര്‍മ്മിക്കപ്പെട്ട സകല രാജ്യങ്ങളുടെയും ദേവാലയത്തിന് ആ പേര് ലഭിച്ചത് അതിന്റെ നിര്‍മ്മാണത്തിനു വേണ്ടി ലോകത്തിലുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ സ്വീകരിച്ചതുകൊണ്ടാണ്. ഒലിവുമരങ്ങളുടെ ഒരു തോട്ടത്തില്‍ കൂടിയാണ് ഈ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നത്. ഈ തോട്ടത്തില്‍ പുരാതനമായ എട്ട് ഒലിവ് മരങ്ങള്‍ കാണാന്‍ സാധിക്കും. 2009-ല്‍ നടത്തിയ പഠനമനുസരിച്ച് ഈ ഒലിവ് മരങ്ങള്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ കുരിശുയുദ്ധക്കാരുടെ സമയത്തു നിന്നുള്ളതാണ്. അതായത് ഏകദേശം 900 വര്‍ഷത്തിലധികം പ്രായം ഈ മരങ്ങള്‍ക്കുണ്ട്. ഈ എട്ട് ഒലിവ് മരങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയായി കണ്ടെത്തപ്പെട്ടത് അവക്കെല്ലാം ഒരേ ഡിഎന്‍എ ഘടനയാണുള്ളത് എന്നതാണ്. അതായത് ഒരേ മാതൃവൃക്ഷത്തില്‍ നിന്നാണ് ഈ എട്ട് ഒലിവ് മരങ്ങളും നട്ടുവളര്‍ത്തിയിരിക്കുന്നത്.

എ.ഡി. 379-നും 393-നും ഇടയില്‍ ജറുസലേം ഭരിച്ച ബൈസന്റെന്‍ സാമ്രാജ്യത്തിലെ രാജാവായിരുന്ന തിയഡോസിയൂസ് ചക്രവര്‍ത്തിയാണ് ഗദ്സേമനിലെ ആദ്യ ദേവാലയം നിര്‍മ്മിക്കുന്നത്. വിശുദ്ധ നാട്ടില്‍ നാലാം നൂറ്റാണ്ടില്‍ തീര്‍ത്ഥാടനം നടത്തിയ എജേരിയ വിശുദ്ധ വാരത്തില്‍ ഗദ്സേമനിയില്‍ തീര്‍ത്ഥാടകര്‍ പ്രത്യേകമായി വന്നു പ്രാര്‍ത്ഥിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. നാലാം നൂറ്റാണ്ടിലെ ആദ്യ ദേവാലയം അതിമനോഹരമായിരുന്നു. എന്നാല്‍ ഏഴാം നൂറ്റാണ്ടില്‍ പേര്‍ഷ്യക്കാര്‍ ഈ ദേവാലയം തകര്‍ത്തു. പിന്നീട് കുരിശുയുദ്ധക്കാരുടെ കാലത്ത് ഇവിടെ ഒരു ദേവാലയം പുനര്‍നിര്‍മ്മിച്ചു. കുരിശുയുദ്ധക്കാരെ പരാജയപ്പെടുത്തിയ മുസ്ലീം ഭരണാധികാരികള്‍ ആ ദേവാലയവും തകര്‍ത്തുകളഞ്ഞു.

പിന്നീട് പതിനഞ്ചാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ ഗദ്സേമന്‍ തോട്ടത്തിലെ ദേവാലയമുണ്ടായിരുന്ന സ്ഥലം ഏറ്റെടുക്കുകയും സംരക്ഷിക്കുകയും ചെയ്തു. 1900-ത്തിന്റെ തുടക്കത്തില്‍ അവിടെ പുരാവസ്തു ഗവേഷണപഠനം നടത്തിയതിനു ശേഷമാണ് ഇപ്പോഴുള്ള ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. നാലാം നൂറ്റാണ്ടിലെ ദേവാലയം ഉണ്ടായിരുന്ന അതേ സ്ഥലത്താണ് ഇപ്പോഴുള്ളതും നിലകൊള്ളുന്നത്. ഈ ദേവാലയത്തിന്റെ അള്‍ത്താര ഈശോ രക്തം വിയര്‍ത്തു പ്രാര്‍ത്ഥിച്ച പാറയുടെ മുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അള്‍ത്താരയുടെ കീഴെയും മുമ്പിലും ഈശോയുടെ രക്തം വീണ് നനഞ്ഞ ഗദ്സമേനിലെ പാറ ഇന്നും നമുക്ക് കാണാനും അവിടെ സ്പര്‍ശിച്ചു പ്രാര്‍ത്ഥിക്കാനും സാധിക്കും.

ഗദ്സേമന്‍ തോട്ടത്തിലെ ദേവാലയത്തിന് ചില പ്രത്യേകതകളുണ്ട്. ഈശോയുടെ പ്രാര്‍ത്ഥനയെ അനുസ്മരിപ്പിച്ചുകൊണ്ട് മങ്ങിയ വെളിച്ചം ദേവാലയത്തിനുള്ളില്‍ പ്രവേശിക്കുന്ന രീതിയിലാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ദേവാലയത്തിന്റെ അള്‍ത്താരക്കു പിന്നിലുളള ഭിത്തിയില്‍ ഈശോയുടെ ഗദ്സേമനിലെ പ്രാര്‍ത്ഥനയും യൂദാസിന്റെ ചുംബനവും ഈശോയെ അറസ്റ്റ് ചെയ്യുന്നതും ചിത്രീകരിച്ചിരിക്കുന്നു. ദേവാലയത്തിന്റെ മേല്‍ക്കൂരയില്‍ ഈ ദേവാലയ നിര്‍മ്മാണത്തിനു വേണ്ടി സംഭാവന നല്‍കിയ രാജ്യങ്ങളുടെ എംബ്ലങ്ങള്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.

തറയിലെ മൊസൈക്കുകള്‍ നാലാം നൂറ്റാണ്ടിലെ ദേവാലയത്തിലുണ്ടായിരുന്ന മൊസൈക്കുകളുടെ അനുകരണമാണ്. നാലാം നൂറ്റാണ്ടിലെ മൊസൈക്കുകളുടെ അവശിഷ്ടങ്ങള്‍ ചിലയിടങ്ങളില്‍ ചില്ലിട്ടു പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ദേവാലയത്തിന്റെ മുഖവാരത്തില്‍ രക്തം വിയര്‍ത്തു പ്രാര്‍ത്ഥിക്കുന്ന ക്രിസ്തുവിന്റെ കൈകള്‍ വിരിച്ചുപിടിച്ചിരിക്കുന്ന രൂപമാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിന് ഇരുവശങ്ങളിലുമായി വിശുദ്ധരും പീഡിതരുമായ ആളുകള്‍ പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നതു കാണാം.

വ്യാഴാഴ്ചകളില്‍ ഈ ദേവാലയത്തില്‍ നടത്തുന്ന ആരാധന ഹൃദയസ്പര്‍ശിയാണ്. ഗദ്സേമന്‍ തോട്ടത്തില്‍ രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിക്കുമ്പോഴാണ് കുരിശില്‍ ജീവനര്‍പ്പിക്കാനുള്ള അന്തിമ തീരുമാനം ഈശോ സ്വീകരിക്കുന്നത്. നമ്മുടെ പ്രാര്‍ത്ഥനകളുടെയെല്ലാം ലക്ഷ്യം ദൈവഹിത നിര്‍വ്വഹണത്തിന് സ്വയം സമര്‍പ്പിക്കുക എന്നതായിരിക്കണമെന്ന് യേശുവിന്റെ ഗദ്സേമനിലെ പ്രാര്‍ത്ഥന ഓര്‍മ്മിപ്പിക്കുന്നു.

ഡോ. പോള്‍ കുഞ്ഞാനായില്‍

വിശുദ്ധ നാട്ടിലൂടെ യേശുവിലേയ്ക്ക്

Latest News