Friday, November 29, 2024

ഇന്ത്യ ‘ഭാരതം’ ആകുമോ? പേരു മാറിയ രാഷ്ട്രങ്ങളെ പരിചയപ്പെടാം

രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരതം’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ചര്‍ച്ചകളും വാദപ്രതിവാദങ്ങളും പുരോഗമിക്കുകയാണ്. ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട അത്താഴവിരുന്നിനുള്ള ഔദ്യോഗിക ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനുപകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് എഴുതിയതാണ് ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചത്. മുന്‍ ക്രിക്കറ്റ് താരം സേവാഗ് ഉള്‍പ്പടെ, ഭാരതം എന്ന് പേര് മാറ്റുന്നതിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

പിന്നാലെ 20 -ാമത് ആസിയാന്‍ – ഇന്ത്യ ഉച്ചകോടിക്കുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള കുറിപ്പിലും ‘പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത്’ എന്ന് എഴുതിയിരുന്നു. ഇത്, വിഷയത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനമുയരാന്‍ ഇടയാക്കുകയും പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു. കൂടാതെ, യു.എന്നിന്റെ മുന്‍പിലും വിഷയമെത്തി. ഈ സാഹചര്യത്തില്‍ പേരുമാറ്റിയ ചില രാജ്യങ്ങൾ ഏതൊക്കെയെന്നു നോക്കാം.

ശ്രീലങ്ക – മുമ്പ് സിലോൺ

ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്ക ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് സിലോണ്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1948 -ല്‍ ശ്രീലങ്ക സ്വാതന്ത്രം നേടിയെങ്കിലും 1972 -ല്‍ ല്‍ ഒരു റിപ്പബ്ലിക്ക് ആകുന്നതുവരെ സിലോണ്‍ എന്ന പേരുതന്നെ ഉപയോഗിച്ചിരുന്നു. റിപ്പബ്ലിക്ക് ആയതിനുപിന്നാലെ ശ്രീലങ്ക എന്ന് പുനഃക്രമികരിച്ചു എങ്കിലും ഈ പേര് പ്രചാരത്തിലുണ്ടായിരുന്നു. ശ്രീലങ്ക അതിന്റെ സ്വാതന്ത്ര്യം ഉറപ്പിക്കുന്നതിനും പോർച്ചുഗീസ് – ബ്രിട്ടീഷ് ഭരണത്തിന്റെ ചരിത്രപരമായ അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിനുമായി 2011 -ലാണ് കൊളോണിയൽ പേരായ സിലോൺ ഉപേക്ഷിച്ചത്.

തുർക്കിയ – മുമ്പ് തുർക്കി

തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, ഔദ്യോഗികനാമം തുർക്കിയിൽ നിന്ന് തുർക്കിയ എന്നാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചത് ഈ അടുത്താണ്. രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരത്തെയും മൂല്യങ്ങളെയും നാഗരികതയെയും ആഗോളതലത്തിൽ മികച്ച രീതിയിൽ പ്രതിനിധീകരിക്കാനാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്.

ചെക്കിയ – മുമ്പ് ചെക്ക് റിപ്പബ്ലിക്

2016 ഏപ്രിലിലാണ് ചെക്ക് റിപ്പബ്ലിക്കിന്റെ പേര് ചെക്കിയ എന്നാക്കി മാറ്റിയത്. കായിക ഇനങ്ങളിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും രാജ്യത്തിന്റെ പേര് വേഗത്തില്‍ അംഗീകരിക്കപ്പെടണമെന്ന ലക്ഷ്യത്തോടെയായിരുന്നു പേരുമാറ്റം.

എസ്വാറ്റിനി- മുമ്പ് സ്വാസിലാന്‍ഡ്

ആഫ്രിക്കന്‍ രാജ്യമായ സ്വാസിലാന്‍ഡിന്റെ പേര് എസ്വാറ്റിനി എന്നാക്കി മാറ്റിയിരുന്നു. തങ്ങളുടെ പ്രാദേശികപൈതൃകത്തെ അംഗീകരിക്കുകയെന്നത് ലക്ഷ്യമിട്ടായിരുന്നു ഈ തീരുമാനം. സ്വാസികളുടെ മണ്ണ് എന്നാണ് എസ്വാറ്റിനി എന്ന വാക്കിന്റെ അർഥം.

നെതർലാൻഡ്സ് – മുമ്പ് ഹോളണ്ട്

പ്രമോഷണൽ ആവശ്യങ്ങൾക്കായി 2020 ജനുവരിയിൽ, ഹോളണ്ട് എന്ന പേര് മാറ്റി. നെതർലൻഡ്‌സ് എന്നാണ് പുതിയ പേര്.

റിപ്പബ്ലിക് ഓഫ് നോർത്ത് മാസിഡോണിയ – മുമ്പ് മാസിഡോണിയ

നാറ്റോയിൽ ചേരാനും മാസിഡോണിയ എന്നൊരു പ്രദേശവുമുള്ള ഗ്രീസിൽ നിന്ന് വേറിട്ടുനിൽക്കാനും, റിപ്പബ്ലിക് ഓഫ് മാസിഡോണിയ 2019 ഫെബ്രുവരിയിൽ റിപ്പബ്ലിക് ഓഫ് നോർത്ത് മാസിഡോണിയയായി മാറി.

അയർലൻഡ് – മുമ്പ് ഐറിഷ് ഫ്രീ സ്റ്റേറ്റ്

1937 -ൽ അയർലൻഡ് ഒരു പുതിയ ഭരണഘടന അംഗീകരിച്ചു. അയർലൻഡ് എന്ന് പുനർനാമകരണം ചെയ്യുകയും ഔദ്യോഗികമായി റിപ്പബ്ലിക്കായി മാറുകയും ചെയ്തു.

റിപ്പബ്ലിക് ഓഫ് കാബോ വെർഡെ – മുമ്പ് കേപ് വെർഡെ

2013 -ലാണ് കേപ് വെര്‍ഡെ റിപ്പബ്ലിക് ഓഫ് കാബോ വെര്‍ഡെ എന്ന പേര് സ്വീകരിച്ചത്. തങ്ങളുടെ ഔദ്യോഗികഭാഷയെ ബഹുമാനിക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു പേരുമാറ്റം. ഇതിന്റെ ഭാഗമായാണ് പോര്‍ച്ചുഗീസ് അക്ഷരവിന്യാസമുള്ള റിപ്പബ്ലിക് ഓഫ് കാബോ വെര്‍ഡെ എന്ന പേര് സ്വീകരിച്ചത്.

തായ്‌ലൻഡ് – മുമ്പ് സിയാം

സംസ്‌കൃതത്തിൽ വേരൂന്നിയ സിയാമിനുപകരം 1939 -ൽ തായ്‌ലൻഡ് എന്ന പേര് വന്നു. 1946 -നും 1948 -നുമിടയിൽ ഹ്രസ്വകാലത്തേക്ക് സിയാമിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് ഔദ്യോഗികമായി തായ്‌ലൻഡ് കിംഗ്ഡം ആയി മാറി.

മ്യാന്മർ – മുമ്പ് ബർമ്മ

1989 -ൽ മ്യാന്മർ, ബർമ്മയെ രാജ്യത്തിന്റെ ഔദ്യോഗിക നാമമാക്കി മാറ്റി. പഴയ പേരിന്റെ ആഗോള ഉപയോഗത്തിൽ ചിലത് തുടർന്നും ഭാഷാപരമായ കൃത്യതയെ പ്രതിഫലിപ്പിക്കുന്നു.

ഇറാൻ – മുമ്പ് പേർഷ്യ

1935 -ൽ പേർഷ്യ, ഇറാൻ ആയി പരിവർത്തനം ചെയ്തു.

Latest News