അതി കഠിനമായ വേനല്‍ക്കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പലയിടങ്ങളിലും 40 ഡിഗ്രിയിലധികം താപമാണ് രേഖപ്പെടുത്തുന്നത്. ഈ സമയങ്ങളില്‍ സൂര്യാഘാതം ഏല്‍ക്കുന്നതും, ഉഷ്ണകാല രോഗങ്ങളും പൊതുവെ വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ്. ഇങ്ങനെയുള്ള സമയങ്ങളില്‍ ശരീരം സുരക്ഷിതമാക്കുകയെന്നത് പ്രാധാന്യം അര്‍ഹിക്കുന്നതാകുന്നു. അതിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം..
ധാരാളം വെള്ളം കുടിക്കുക
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയെന്നതു തന്നെയാണ് വേനല്‍ക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ പ്രധാനപ്പെട്ടത്. നിര്‍ജ്ജലീകരണം തടഞ്ഞ് ശരീരത്തെ തണുപ്പിക്കുന്നതിനായി ധാരാളം ശുദ്ധജലം കുടിക്കാം.
പഴ വര്‍ഗങ്ങള്‍ കഴിക്കുന്നത് ശീലമാക്കുക
ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം തന്നെ ഭക്ഷണത്തില്‍ ഫല വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തി കഴിക്കുന്നതും ശരീരത്തെ തണുപ്പിക്കാന്‍ സഹായിക്കുന്നു. ഓറഞ്ച്, തണ്ണിമത്തന്‍ തുടങ്ങി ജലാംശം ധാരാളം അടങ്ങിയിട്ടുള്ള ഫലവര്‍ഗങ്ങള്‍ കഴിക്കുന്നത് നിര്‍ജ്ജലലീകരണം ഒരു പരിധി വരെ തടയാന്‍ സഹായിക്കുന്നു.
മദ്യപാനം ഒഴിവാക്കുക
ശരീരത്തെ ജലാംശം എളുപ്പത്തില്‍ വലിച്ചെടുക്കാന്‍ മദ്യപാനം കാരണമാകുന്നു. അതിനാല്‍ തന്നെ വേനല്‍ക്കാലത്തെ മദ്യപാന ശീലം പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത് ശരീരം പെട്ടന്ന് വരണ്ടതാക്കാന്‍ കാരണമാകുന്നു.
പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഈ വസ്ത്രങ്ങള്‍ ധരിക്കുക
ചൂട് കൂടി വരികയാണ്. അതിനാല്‍ തന്നെ സില്‍ക്ക്, പോളിസ്റ്റര്‍ തുടങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ശീലമാക്കാം. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. കറുപ്പ് പോലുള്ള ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ചൂട് വേഗത്തില്‍ ആഗിരണം ചെയ്യുന്നതിന് കാരണമാകുന്നു.