Sunday, November 24, 2024

‘ഭൂമി ദുരിതമുന്നറിയിപ്പ് നല്‍കുന്നു’: കാലാവസ്ഥാ വ്യതിയാനത്തില്‍ റെഡ് അലര്‍ട്ടുമായി ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന

ആഗോളതാപനംമൂലം ലോകം വലിയ അപകടത്തിലേക്കാണ് നീങ്ങുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.). കഴിഞ്ഞവര്‍ഷം റെക്കോഡ് അളവില്‍ ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളിയതും കരയിലും വെള്ളത്തിലും ചൂടുയര്‍ന്നതും ഹിമാനികളും കടലിലെ ഐസും ഉരുകിയതും ഡബ്ല്യു.എം.ഒ. ചൂണ്ടിക്കാട്ടി. ഈ സ്ഥിതി നിയന്ത്രിച്ച് കാലാവസ്ഥയെ പഴയപോലെയാക്കാനുള്ള ലോകത്തിന്റെ ശ്രമം പോരെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.

ഏറ്റവും ചൂടേറിയ വര്‍ഷമെന്ന 2023-ന്റെ റെക്കോഡ്, 2024 തിരുത്താനുള്ള സാധ്യതയേറെയാണെന്നും ഡബ്ല്യു.എം.ഒ. ചൊവ്വാഴ്ച പുറത്തിറക്കിയ ‘ആഗോള കാലാവസ്ഥയുടെ അവസ്ഥ’ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതാപനം ഈ നൂറ്റാണ്ടില്‍ ഒന്നര ഡിഗ്രി സെല്‍ഷ്യസ് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കൂട്ടായ ശ്രമം വേണമെന്ന് സംഘടന പറഞ്ഞു.

‘ഭൂമി ദുരിതമുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു’വെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. കാലാവസ്ഥാപ്രതിസന്ധി മനുഷ്യകുലം അഭിമുഖീകരിക്കുന്ന നിര്‍ണായക വെല്ലുവിളിയാണെന്ന് ഡബ്ല്യു.എം.ഒ. സെക്രട്ടറി ജനറല്‍ സെലെസ്റ്റെ സൗളോ പറഞ്ഞു. ഭക്ഷ്യഭദ്രതയില്ലായ്മയും കുടിയേറ്റവും കൂടാനും അസമത്വം ഏറാനും അതിടയാക്കുമെന്നും അവര്‍ പറഞ്ഞു.

Latest News