ബ്രെയിന്‍ ചിപ്പ് ഘടിപ്പിച്ച ആദ്യരോഗിയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് ഇലോണ്‍ മസ്‌കിന്റെ ബ്രെയിന്‍-ചിപ്പ് സ്റ്റാര്‍ട്ടപ്പ് ന്യൂറലിങ്ക്. വാഹനാപകടത്തെ തുടര്‍ന്ന് കിടപ്പിലായ യുവാവ് ന്യൂറലിങ്ക് ഉപകരണം ഉപയോഗിച്ച്, കമ്പ്യൂട്ടറില്‍ ഓണ്‍ലൈന്‍ ചെസ്സും വീഡിയോ ഗെയിമുകളും ചിന്തകള്‍ കൊണ്ട് നിയന്ത്രിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ദൃശ്യങ്ങളില്‍ യുവാവ് സ്വയം പരിചയപ്പെടുത്തുന്നുണ്ട്. പേര് നോളണ്ട് അര്‍ബാഗ്, 29 വയസ്, ഒരു വാഹനാപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് ശരീരം തളര്‍ന്ന് കിടപ്പിലാണ്. ഇയാള്‍ തന്റെ ലാപ്ടോപ്പില്‍ ചെസ്സ് കളിക്കുന്നതും ന്യൂറലിങ്ക് ഉപകരണം ഉപയോഗിച്ച് കഴ്‌സര്‍ ചലിപ്പിക്കുന്നതും വിഡിയോയില്‍ കാണാം. മസ്തിഷ്‌ക-കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് ഉപയോഗിക്കുന്ന പ്രക്രിയയും അര്‍ബാഗ് വീഡിയോ വിവരിക്കുന്നുണ്ട്. ന്യൂറലിങ്ക് പഠനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും അര്‍ബാഗ് പറയുന്നു.
2016ല്‍ മസ്‌ക് സ്ഥാപിച്ച ന്യൂറലിങ്ക് ഒരു ബ്രെയിന്‍-ചിപ്പ് സ്റ്റാര്‍ട്ടപ്പാണ്. ഇവര്‍ വികസിപ്പിച്ച ‘ടെലിപ്പതി’ എന്ന ഉപകരണം തലച്ചോറില്‍ ഘടിപ്പിച്ച് രോഗികള്‍ക്ക് അവരുടെ ചിന്തകളിലൂടെ കമ്പ്യൂട്ടര്‍ നിയന്ത്രിക്കാനാവും. ഇതിന് ഒരു നാണയത്തിന്റെ വലുപ്പമുണ്ടാകും. ഈ ഉപകരണം ശസ്ത്രക്രിയയിലൂടെ രോഗിയുടെ തലയോട്ടിയില്‍ ഘടിപ്പിക്കുന്നു. ഒരു സാധാരണ ബ്ലൂടൂത്ത് സ്മാര്‍ട്ട് ഫോണ്‍ കണക്ഷന് സമാനമാണ് സമാനമാണ് ഇതിന്റെ പ്രവര്‍ത്തനം.
കഴിഞ്ഞ വര്‍ഷം മേയിലാണ് ബ്രെയിന്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ന്യൂറാലിങ്കിന് അനുമതി ലഭിച്ചത്. തുടര്‍ന്ന് പരീക്ഷണത്തിന്റെ ഭാഗമാവാന്‍ തയ്യാറുള്ള രോഗികളെ കമ്പനി ക്ഷണിച്ചിരുന്നു. ജനുവരിയിലാണ് ഉപകരണം ഒരു മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിച്ചതായി കമ്പനി അറിയിച്ചത്. ഇയാളുടെ ആരോഗ്യനില ഭേദപ്പെട്ടുവെന്നും ചിന്തകളിലൂടെ കംപ്യൂട്ടര്‍ മൗസ് നിയന്ത്രിക്കാന്‍ അയാള്‍ക്ക് സാധിക്കുന്നുണ്ടെന്നും ഫെബ്രുവരിയില്‍ മസ്‌ക് അറിയിച്ചിരുന്നു.