Saturday, November 23, 2024

‘നിയമനടപടി ന്യായവും സുതാര്യവുമാകണം’; കേജരിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി അമേരിക്കയും

ജര്‍മനിക്ക് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി അമേരിക്കയും. കേജരിവാളിന്റെ അറസ്റ്റ് അമേരിക്കന്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരുകയാണെന്നും ന്യായവും സുതാര്യതയും സമയബന്ധിതവുമായ നിയമനടപടികള്‍ ഉറപ്പാക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുമെന്നും വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഏതൊരു ഇന്ത്യന്‍ പൗരനെയും പോലെ ആം ആദ്മി പാര്‍ട്ടി നേതാവിനും നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണ ലഭിക്കണമെന്ന് ജര്‍മനി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇതേ ആവശ്യവുമായി അമേരിക്കയും രംഗത്തുവന്നിരിക്കുന്നത്.

നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും അടിസ്ഥാന ജനാധിപത്യ നിയമങ്ങളും ഈ കേസില്‍ പാലിക്കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നാണ് ജര്‍മന്‍ വിദേശകാര്യ വക്താവ് വെള്ളിയാഴ്ച പറഞ്ഞത്.

ഇതിനോട് ശക്തമായി പ്രതികരിച്ച കേന്ദ്ര സര്‍ക്കാര്‍ ജര്‍മന്‍ വക്താവിനെ വിളിച്ചുവരുത്തുകയും ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലാണിതെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം അമേരിക്കയുടെ ഇടപെടലില്‍ ഇതുവരെ കേന്ദ്ര സര്‍ക്കാരില്‍നിന്ന് പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അരവിന്ദ് കേജരിിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ വസതിയില്‍ എത്തി ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

 

Latest News