മോഹിനിയാട്ട പഠനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി കേരള കലാമണ്ഡലം. പഠനത്തിന് ആണ്‍കുട്ടികള്‍ക്കും അവസരമൊരുക്കും. കലാമണ്ഡലം ഭരണ സമിതി യോഗത്തില്‍ തീരുമാനമുണ്ടാകും. കഴിഞ്ഞ ദിവസം നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴി തെളിയിച്ചത്. വിവാദങ്ങളുടെയും വിവിധ മേഖലകളില്‍ നിന്നുള്ള നിരന്തര ആവശ്യത്തിന്റെയും പശ്ചാത്തലത്തിലാണ് മോഹിനിയാട്ടത്തിന് ആണ്‍കുട്ടികളുടെ പ്രവേശനം എന്ന തീരുമാനത്തിലേക്ക് ഭരണ സമിതി എത്തുന്നത്.
ആണ്‍കുട്ടികള്‍ക്ക് പ്രവേശനം കൊടുക്കുന്ന രീതിയില്‍ സംവിധാനം രൂപീകരിക്കുന്നതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയില്‍ വെക്കുമെന്നും കലാമണ്ഡലം വൈസ് ചാന്‍സലര്‍ ബി അനന്തകൃഷ്ണന്‍ വ്യക്തമാക്കി.
കലാമണ്ഡലത്തിന് അധിക ബാധ്യത ഇല്ലാതെ പുതിയ സംവിധാനം കൊണ്ടുവരാനാണ് ആലോചന. എട്ടു മുതല്‍ പിജി വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരം നിലവില്‍ കലാമണ്ഡലത്തിലുണ്ട്. തീരുമാനം നടപ്പാക്കും മുമ്പ് നിരവധി കടമ്പകള്‍ കടക്കാനുണ്ട് കലാമണ്ഡലത്തിന്. കരിക്കുലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ വേണമെന്ന് കലാമണ്ഡലം അധികൃതര്‍ അറിയിച്ചു.