Saturday, November 23, 2024

ദുരന്തമുഖത്തെ അന്നദാതാക്കള്‍; വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍

ഗാസയിലെ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെ ജീവനക്കാര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഓസ്‌ട്രേലിയ, പോളണ്ട്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരാണ് കൊല്ലപ്പെട്ടത്.

ഗാസയിലേയ്ക്ക് എത്തിയ 100 ടണ്‍ ഭക്ഷ്യസഹായം ഇറക്കിയതിനു ശേഷം ദേര്‍ അല്‍ബലാഹിലെ വെയര്‍ഹൗസിലേയ്ക്ക് മടങ്ങി പോകുന്നതിനിടെയാണ് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടായത്. വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ ലോഗോ പതിച്ച വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. സംഘടനയ്‌ക്കെതിരെ കരുതിക്കൂട്ടി നടന്ന ആക്രമണമല്ലെന്നും അറിയാതെ സംഭവിച്ച തെറ്റില്‍ ഖേദിക്കുന്നുവെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചിരുന്നു.

എന്താണ് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍

ആഗോളതലത്തില്‍ പ്രവര്‍ത്തനം നടത്തുന്ന ഒരു സന്നദ്ധസംഘടനയാണ് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങളിലും ദുരന്തങ്ങളിലും കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്ന യുഎസ് ആസ്ഥാനമായി, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണിത്.

ഷെഫായ ജോസ് ആന്‍ഡ്രൂസും ഭാര്യ പെട്രീഷ്യ ഫെര്‍ണാണ്ടസും ചേര്‍ന്ന് 2010 ലാണ് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ സ്ഥാപിച്ചത്. പ്രതിദിനം 1.07 ലക്ഷം പേര്‍ക്കാണ് ഇവര്‍ ഭക്ഷണം വിളമ്പുന്നത്. 2.5 ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തിലധികം പേര്‍ ഭവനരഹിതരാവുകയും ചെയ്ത 2010 ലെ ഹെയ്തിയിലെ ഭൂകമ്പത്തെ തുടര്‍ന്ന് അവിടം സന്ദര്‍ശിച്ചശേഷമാണ് ഈ ദമ്പതികള്‍ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ സ്ഥാപിച്ചത്.

ഭൂകമ്പം, ചുഴലിക്കാറ്റ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ സംഘര്‍ഷങ്ങളിലും പ്രതിസന്ധികളിലും അകപ്പെട്ട ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനാണ് സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹെയ്തി ഭൂകമ്പത്തിനുശേഷം യുഎസ്, ലാറ്റിനമേരിക്ക, യൂറോപ്പ് എന്നിവയുള്‍പ്പെടെ ലോകമെമ്പാടും ഇവര്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഫെബ്രുവരിയില്‍ ചിലിയിലുണ്ടായ കാട്ടുതീയിലും ജനുവരിയിലെ ജപ്പാന്‍ ഭൂകമ്പത്തിലും പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ മുന്‍പന്തിയിലായിരുന്നു വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍.

പ്രകൃതി ദുരന്തത്തിലകപ്പെട്ടവര്‍, അഭയാര്‍ത്ഥികള്‍, കോവിഡ് കാലത്തെ ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ സഹായം ലഭിച്ചവരാണ്. നിലവില്‍ യുക്രൈനിലും ഗാസയിലും യുദ്ധത്തിലകപ്പെട്ടവരുടെ സഹായത്തിനായി ഓടിനടക്കുകയായിരുന്നു വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ ടീം. അതിനിടെയാണ് ഇവരുടെ ടീമിലെ ഏഴുപേര്‍ കൊല്ലപ്പെട്ടത്.

Latest News