Saturday, November 23, 2024

ഇഎസ്എ, വന്യജീവിആക്രമണം എന്നീ വിഷയങ്ങളില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിലപാട് വ്യക്തമാക്കണം: സീറോമലബാര്‍ സഭ

രാഷ്ട്രം പൊതുതെരഞ്ഞെടുപ്പിന്റെ അവസാന തയ്യാറെടുപ്പുകളിലേക്കു നീങ്ങുമ്പോഴും, സംസ്ഥാനത്തെ ഇഎസ്എ വില്ലേജുകളെ സംബന്ധിച്ച് കൃത്യത വരുത്തുന്നതിന്, യാതൊരു സാവകാശവും അനുവദിക്കാതെ, ഏപ്രില്‍ 30 നു മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അടിയന്തര ഉത്തരവും വര്‍ദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളും അവമൂലം തുടര്‍ച്ചയായുണ്ടാകുന്ന മരണങ്ങളുമടക്കം സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വിധേയമാവാതിരിക്കുകയും സര്‍ക്കാരുകള്‍ വേണ്ടത്ര പരിഗണന നല്‍കാതിരിക്കുയും ചെയ്യുന്നത് സമൂഹത്തില്‍ വലിയ ആശങ്കയ്ക്ക് കാരണമാകുന്നു. ഈ വിഷയങ്ങള്‍ സമൂഹമധ്യത്തില്‍ ഉന്നയിക്കാനും ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ സംബന്ധിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതികരണങ്ങള്‍ അറിയാനും സീറോമലബാര്‍ സഭ ആഗ്രഹിക്കുന്നു.

ഇഎസ്എ ഷേപ്പ് ഫയല്‍ പുനര്‍നിര്‍ണയത്തിലെ ബോധപൂര്‍വ്വമായ വീഴ്ചകള്‍

1. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംവേദ പ്രദേശങ്ങളെ (ESA) സംബന്ധിച്ച് 2018-ല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച 92 വില്ലേജകളുടെ അതിര്‍ത്തി നിശ്ചയിച്ചതില്‍ അപാകത ഉള്ളതായും ജനവാസമേഖലകള്‍, കൃഷിയിടങ്ങള്‍, തോട്ടഭൂമികള്‍ എന്നിവ അതില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും 24.05.2022-ല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയതായി മനസിലാക്കുന്നു.

2. കേന്ദ്രസര്‍ക്കാര്‍ അന്തിമവിജ്ഞാപനത്തിനായി സംസ്ഥാനത്തോട് തിരുത്തലുകള്‍ ആവശ്യപ്പെട്ടിട്ടും ഇതു സംബന്ധിച്ച വിശദമായ പഠനം നടത്തുന്നതിനായി ലഭ്യമായിരുന്ന സമയം മുഴുവനും പാഴാക്കിയശേഷം, സമയബന്ധിതമായി മറുപടി കൊടുക്കാതെ, ഈ ജനുവരി 31ന് അവസാനിച്ച കാലാവധി മുതല്‍ മൂന്നുമാസം കൂടി സംസ്ഥാന സര്‍ക്കാര്‍ അവധി നീട്ടി ചോദിച്ചിരിക്കുകയാണ്.

3. റവന്യൂ -പരിസ്ഥിതി – വനം വകുപ്പുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഋടഅ വില്ലേജ് ഷെയ്പ് ഫയല്‍സിന്റെ തിരുത്തലുകള്‍ നടത്തിയതായി അറിയുന്നു .ഇങ്ങനെ തയ്യാറാക്കിയ ഫയലുകള്‍ അതാത് വില്ലേജുകള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ക്കു കൈമാറി ജനങ്ങളെ ബോധ്യപ്പെടുത്തിമാത്രമേ കേന്ദ്രത്തിന് അയച്ചുകൊടുക്കുകയുള്ളൂ എന്ന് രണ്ടുവര്‍ഷംമുമ്പ് സംസ്ഥാനസര്‍ക്കാര്‍ ചര്‍ച്ചകളില്‍ നല്‍കിയ ഉറപ്പു കാറ്റില്‍ പറത്തിയിരിക്കുന്നു. മാത്രമല്ല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി മേല്‍കമ്മിറ്റിക്ക് രൂപംകൊടുക്കേണ്ടതിനുപകരം, തയ്യാറാക്കി എന്ന് പറയപ്പെടുന്ന ഷേപ്പ് ഫയല്‍, ഈ ഇലക്ഷന്‍ സമയത്ത്, മൂന്നാഴ്ചക്കകം (ഏപ്രില്‍ 30) എന്തെങ്കിലും തിരുത്തലുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ വളരെ വൈകി സര്‍ക്കുലര്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍ അവര്‍ക്ക് ഇതിലേക്ക് ആവശ്യമായ രേഖകള്‍ ലഭ്യമാക്കുകയോ, സാങ്കേതികസഹായം നല്‍കുകയോ ചെയ്തിട്ടില്ല എന്നറിയുന്നു.

4. നിലവിലെ ഇഎസ്എ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന്‍ അനുസരിച്ച്

ESA പരിധിയില്‍പെട്ടുപോയ 92 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാതെയും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിനു സമര്‍പ്പിച്ച റിപ്പോട്ടില്‍ ഈ വില്ലേജുകളിലെ ‘ വനവിസ്തൃതിയില്‍ സംഭവിച്ച വലിയ തെറ്റുകള്‍ തിരുത്താതെയുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഋടഅ വില്ലേജ് ഷേപ്പ് ഫയല്‍ (സ്ഥലീയവിവരങ്ങള്‍) തയ്യാറാക്കിയിരിക്കുന്നത് എന്ന് അനുമാനിക്കുന്നു.

5. നിലവില്‍ ESA യില്‍ ഉള്‍പ്പെട്ടിരിക്കുന്ന 92 വില്ലേജുകളുടെയും ഷെയ്പ് ഫയലുകള്‍ (സ്ഥലീയവിവരങ്ങള്‍) പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിവസിക്കുന്ന പൊതുജനങ്ങളെക്കൂടി ബോധ്യപെടുത്തി അവരുടെ ആശങ്കകള്‍കൂടി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടുമില്ല. സാധാരണക്കാര്‍ക്ക് അവ വ്യക്തമാക്കി കൊടുക്കാനുള്ള ക്രമീകരണങ്ങളും ചെയ്യുന്നില്ല.

6. ഋടഅ പരിധിയില്‍ നിന്നും ജനവാസപ്രദേശങ്ങളും കൃഷിഭൂമിയും റവന്യൂഭൂമിയും പൂര്‍ണമായും ഒഴിവാക്കി,ഈ വില്ലേജുകളിലെ നിലവിലുള്ള യഥാര്‍ത്ഥ വനവിസ്തൃതി രേഖപെടുത്തി മാത്രമേ പുതിയ ഋടഅ തിരുത്തല്‍ റിപ്പോര്‍ട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലേക്ക് സമര്‍പ്പിക്കാന്‍ പാടുള്ളൂ എന്ന് ഇതിനാല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

7. മന്ത്രിമാരും ജനപ്രതിനിധികളും തെരഞ്ഞെടുപ്പുപ്രചരണത്തിന്റെ തിരക്കിലായതിനാല്‍ ഉദ്യോഗസ്ഥരുടെ മാത്രം മേല്‍നോട്ടത്തില്‍ പ്രസ്തുത റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകാനിടയാകരുത് എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു..

വന്യജീവി ആക്രമണങ്ങളും നിരുത്തരവാദ സമീപനങ്ങളും

1. അവര്‍ത്തിച്ചാവര്‍ത്തിച്ചുണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ മൂലം കേരളത്തിലെ 106 പഞ്ചായത്തുകളില്‍ ജീവിക്കുന്ന 35 ലക്ഷം ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന സ്ഥിതി വിശേഷമാണ് ഉണ്ടായിരിക്കുന്നത്.

2. ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസങ്ങളില്‍ 8 മനുഷ്യ ജീവനുകള്‍ വന്യമൃഗ ആക്രമണങ്ങളില്‍ പൊലിയുകയും അനേകര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ തെരഞ്ഞെടുപ്പുകാലത്ത് ഈ വിഷയം രാഷ്ട്രീയചര്‍ച്ചയുടെ ഭാഗമായി മാറേണ്ടതുണ്ട്.

3. വന്യജീവി ആക്രമണങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പ്രതിപക്ഷവും കുറ്റകരമായ നിസംഗത തുടരുകയും പരസ്പരം പഴിചാരുകയുമാണ് ചെയ്യുന്നത്.

4. സംസ്ഥാന വനംവകുപ്പ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് ആത്മാര്‍ത്ഥതയില്ലാത്തതും ഫലപ്രാപ്തിയില്ലാത്തതുമാണെന്നു വിശ്വസിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

5. വനാതിര്‍ത്തികളില്‍ കിടങ്ങുകളും വൈദ്യുതിവേലികളും നിര്‍മ്മിച്ച് വന്യജീവികള്‍ കൃഷിഭൂമിയിലും റവന്യൂ ഭൂമിയിലും പ്രവേശിക്കുന്നതു തടയാന്‍ ആത്മാര്‍ത്ഥമായ ഒരു ശ്രമവും സംസ്ഥാന വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.

6, 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (2) വകുപ്പുപ്രകാരം ജീവനു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ ജനങ്ങള്‍ക്ക് അധികാരമുള്ളതാണ്. ഇതു തടസപ്പെടുത്തുന്ന സമീപനമാണ് സംസ്ഥാന വനംവകുപ്പു സ്വീകരിക്കുന്നത്.

7. വന്യമൃഗ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന സാധാരണ ജനങ്ങളെ കേസുകളില്‍ കുടുക്കി അറസ്റ്റു ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന മനുഷ്യത്വരഹിതമായ നടപടിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ ഉദ്യോഗസ്ഥരുടെമേല്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വിവിധ പ്രതിഷേധങ്ങളില്‍ ആവശ്യപ്പെട്ടിട്ടും ‘റവന്യൂഭൂമിയില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ പോലീസും റവന്യൂ വകുപ്പുമാണ് ഇടപെടേണ്ടത് അവിടെ വനംവകുപ്പിന് കടന്നുകയറാന്‍ അവകാശമില്ല’ എന്ന ശക്തമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്?

8. മറ്റു സംസ്ഥാനങ്ങളുടെ മാതൃകയില്‍ കേരളം സ്വതന്ത്ര വന്യജീവി നിയമം നിര്‍മിക്കാനോ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന വന്യജീവികളെ വെടിവയ്ക്കാനുള്ള അധികാരം പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കു നല്‍കാനോ തയ്യാറാകുന്നില്ല.

9. വന്യജീവി ആക്രമണങ്ങളെ തടയാന്‍ ശ്രമിക്കേണ്ടതിനുപകരം പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുകയും ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.

10. വന്യജീവികള്‍ നടത്തുന്ന കൊലപാതകങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യവിലോപം കൊണ്ടും ഒത്താശയോടെയും നടക്കുന്നതായിരിക്കെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യയ്ക്കു കേസെടുക്കേണ്ടതാണ്. എന്നാല്‍ അവരെ സസ്‌പെന്‍ഡ് ചെയ്യാന്‍പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

11. വന്യജീവികള്‍ക്ക് ആവശ്യമായ ഭക്ഷണംനല്‍കാനോ അനിയന്ത്രിതമായി പെറ്റുപെരുകുന്ന വന്യജീവികളെ നിയന്ത്രിക്കാനോ സംസ്ഥാന വനംവകുപ്പ് തയ്യാറാകുന്നില്ല. വനംവകുപ്പിന്റെ അനാസ്ഥയ്ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് ഈ നാട്ടിലെ സാധാരണ പൗരന്‍മാര്‍ക്കാണ്.

12. വന്യജീവി ആക്രമണങ്ങളുടെ ഇരകള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം (50 ലക്ഷം രൂപയെങ്കിലും) നല്‍കാതെ സര്‍ക്കാര്‍ കയ്യൊഴിയുകയാണ് ചെയ്യുന്നത്. വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നിടത്തു മാത്രമാണ് ചെറിയതുകകളെങ്കിലും നഷ്ടപരിഹാരം നല്‍കുന്നത്.

13. മറ്റു സ്ഥലങ്ങളില്‍നിന്നുപിടിക്കുന്ന വിഷസര്‍പ്പങ്ങളെയും ക്ഷുദ്രജീവികളെയും വനാതാര്‍ത്തിയോടുചേര്‍ന്നുള്ള ജനവാസകേന്ദ്രങ്ങളില്‍ തുറന്നുവിടുന്നത് ആളുകളെ അവിടെനിന്ന് ഒഴിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

14, സംസ്ഥാനത്തിന്റെ വനവിസ്തൃതി വര്‍ദ്ധിപ്പിക്കാനും വനത്തിനുള്ളില്‍ ദേശവിരുദ്ധ / നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു സൗകര്യം ചെയ്തുകൊടുക്കാനുംവേണ്ടി ജനങ്ങളെ കുടിയിറക്കാനുള്ള ചില വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഗൂഢശ്രമങ്ങളും അതിനെ പിന്തുണയ്ക്കുന്ന സര്‍ക്കാരുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നയസമീപനങ്ങളും പൊതുജന താല്‍പര്യത്തിന് പൂര്‍ണമായും എതിരാണ് എന്നു പറയേണ്ടിയിരിക്കുന്നു.

15. വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കു നീതി ലഭിക്കുന്നതിനു വേണ്ടി തെരുവിലിറങ്ങിയ കര്‍ഷര്‍ക്കും മലയോര നിവാസികള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കേസുകളും 2024 ഏപ്രില്‍ 20ന് മുമ്പ് പിന്‍വലിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണമെന്ന് സീറോമലബര്‍ സഭ ശക്തമായി ആവശ്യപ്പെടുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ പലപ്പോഴും അവരുടെ അന്തകരായി മാറിക്കൊണ്ടിരിക്കുന്നു എന്നത് അങ്ങേയറ്റം അപലപനീയവും ചര്‍ച്ചചെയ്യപ്പെടേണ്ടതുമാണ് .

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ ESA വില്ലേജുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം ഉത്തരവാദിത്തപരമായും കാര്യക്ഷമമായും നിര്‍വഹിക്കണമെന്നും വന്യജീവി ആക്രമണങ്ങളില്‍ നിന്നും മനുഷ്യജീവനും കൃഷിഭൂമിക്കും മതിയായ സംരക്ഷണം നല്‍കണമെന്നും ജനപക്ഷത്തുനിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു. അതോടൊപ്പം ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനാധിപത്യ സംവിധാനത്തില്‍ അവര്‍ക്കുള്ള ഉത്തരവാദിത്തം ഓര്‍മിച്ചുകൊണ്ട് ഈ വിഷയങ്ങളില്‍ ഇടപെടുകയും പ്രശ്‌നപരിഹാരത്തിനുള്ള സത്വര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യണമെന്ന് സീറോമലബാര്‍ സഭ ഇതിനാല്‍ ആവശ്യപ്പെടുന്നു.

ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്ത്
ചെയര്‍മാന്‍
സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍

 

Latest News