തുടക്കം മുതല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമാണ് ‘ദി കേരള സ്റ്റോറി.’ പ്രദര്‍ശനത്തിന് നാളുകള്‍ക്കുശേഷം വീണ്ടും ‘കേരള സ്റ്റോറി’ വാര്‍ത്തകളില്‍ നിറയുകയാണ്. കേരളത്തിലെ ഭരണ-പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കും വിലകൊടുക്കാതെ ദൂരദര്‍ശനില്‍ ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് കേന്ദ്രം നടത്തിയ നിര്‍ണ്ണായകമായ നീക്കമാണ് ഈ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കുന്നത്.
‘ദി കേരള സ്റ്റോറി’ ഇന്നലെ രാത്രി എട്ടുമണിക്കാണ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തത്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തുവന്നിരുന്നു. കേരളത്തെ ഇകഴ്ത്തിക്കാണിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണ് സംപ്രേക്ഷണത്തിനു പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപിച്ചു. സംപ്രേക്ഷണം വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് ഉള്‍പ്പെടെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കത്ത് നല്‍കിയിരുന്നു. എന്നാല്‍ കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങളുടെ ആരോപണങ്ങളെ മുഖവിലയ്ക്കെടുക്കാതെ സംപ്രേക്ഷണവുമായി മുന്നോട്ടുപോകാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
ചിത്രത്തിന്റെ സംപ്രേക്ഷണവുമായി മുന്നോട്ടുപോകാനുള്ള ദൂരദര്‍ശന്റെ തീരുമാനങ്ങളില്‍ ഇടപെടാതെ ഹൈക്കോടതിയും മാറിനിന്നു എന്നത് ശ്രദ്ധേയമായിരുന്നു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ക്കായി കാക്കാതെ കോടതിയിലെത്തിയതു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് ടി.ആര്‍. രവി വ്യക്തമാക്കിയത്.
ചിത്രത്തില്‍ കാണിക്കുന്ന തരത്തില്‍ മതംമാറ്റവും ഭീകരപ്രവര്‍ത്തനങ്ങളും കേരളത്തില്‍ സംഭവിച്ചിട്ടില്ല എന്നും ചിത്രത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ വ്യാജമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശനം തടയുന്നതിനായുള്ള ആവശ്യം ഭരണ-പ്രതിപക്ഷങ്ങള്‍ ഉയര്‍ത്തിയത്. എന്നാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നതായ കാര്യങ്ങള്‍ കേരത്തില്‍ നടന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് 2019 ജൂണ്‍ മാസം നാലാം തീയതി പ്രസിദ്ധീകരിച്ച പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2016-ല്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളികളുടെ ആദ്യസംഘത്തിന്റെ തലവന്‍ അബ്ദുള്‍ റഷീദ് അബ്ദുള്ള (32) അഫ്ഗാനിസ്ഥാനില്‍ യു.എസ്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടിലായിരുന്നു ദി കേരള സ്റ്റോറിയിയില്‍ പ്രദര്‍ശിപ്പിച്ച സംഭവങ്ങളുടെ യാഥാര്‍ഥ്യം അടങ്ങിയിരുന്നത്. അബ്ദുള്ളയുടെ നേതൃത്വത്തില്‍ കുട്ടികളടക്കം 21 പേര്‍ 2016 മേയില്‍ പടന്ന, തൃക്കരിപ്പൂര്‍, പാലക്കാട് എന്നിവിടങ്ങളിലെ വീടുകള്‍ ഉപേക്ഷിച്ച് ഐ.എസ്-ല്‍ ചേരുകയായിരുന്നു. അബ്ദുള്‍ റഷീദ് അബ്ദുള്ള, സോണിയ സെബാസ്റ്റ്യന്‍ എന്ന ക്രിസ്ത്യന്‍ യുവതിയെ മതംമാറ്റുകയും പിന്നീട് ഇവര്‍ ആയിഷ എന്നപേരില്‍ അറിയപ്പെടുകയും ആയിരുന്നു. ആയിഷയും ഇവരുടെ രണ്ടര വയസ്സുള്ള മകളുമായാണ് അബ്ദുള്‍ റഷീദ് ഐ.എസ്-ല്‍ ചേരാന്‍ പോകുന്നത്. പിന്നീട് നടന്ന ആക്രമണത്തില്‍ അബ്ദുള്‍ റഷീദ് കൊല്ലപ്പെടുകയും ആയിഷ ജയിലിലാകുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ വ്യക്തമായ ഒരു റിപ്പോര്‍ട്ടുണ്ടായിട്ടും ഈ റിപ്പോര്‍ട്ടിനെ കണ്ണടച്ചുതള്ളുന്ന നിലപാടാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങള്‍ കൈക്കൊണ്ടിരുന്നത്. ഈ സാഹചര്യത്തിലാണ് ദി കേരള സ്റ്റോറി ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്നതും അതിന്റെ പ്രാധാന്യം വര്‍ധിക്കുന്നതും.