Sunday, November 24, 2024

ലോക പാര്‍ക്കിന്‍സണ്‍സ് ദിനം: ഈ രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

ഇന്ന് ലോകപാര്‍ക്കിന്‍സണ്‍സ് ദിനമാണ്. എല്ലാ വര്‍ഷവും ഏപ്രില്‍ 11 ലോക പാര്‍ക്കിന്‍സണ്‍സ് ദിനമായി ആചരിക്കാറുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗത്തെ കുറിച്ച് ആവശ്യമായ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ ദിവസം ആചരിക്കുന്നത്. അസോസിയേഷന്‍ ഫോര്‍ പാര്‍ക്കിന്‍സണ്‍സ് ഡിസീസ് ആണ് ഏപ്രില്‍ 11 ലോക പാര്‍ക്കിന്‍സണ്‍സ് ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്. ലോകാരോഗ്യ സംഘടനയും ഇതിന് പിന്തുണ നല്‍കി. പാര്‍ക്കിന്‍സണ്‍സ് രോഗവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ കുറയ്ക്കുക, പാര്‍ക്കിന്‍സണ്‍സ് രോഗത്തെക്കുറിച്ച് ആളുകള്‍ക്ക് അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ ദിനം മുന്നോട്ടുവെയ്ക്കുന്നത്.

1817ല്‍ ഡോ. ജെയിംസ് പാര്‍ക്കിന്‍സണ്‍ ആണ് പാര്‍ക്കിന്‍സണ്‍സ് രോഗം ആദ്യമായി കണ്ടെത്തുന്നത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ഏപ്രില്‍ 11 പാര്‍ക്കിന്‍സണ്‍സ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. തലച്ചോറിലെ സിരാകേന്ദ്രങ്ങള്‍ കാലക്രമേണ ക്ഷയിച്ചു പോകുന്ന രോഗമാണിത്. ശരീര ചലനങ്ങളെ നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന ‘ഡോപാമിന്‍’ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ നിര്‍മിക്കുന്ന കോശങ്ങളാണ് ഈ രോഗം മൂലം നശിച്ചു പോകുന്നത്.

പാര്‍ക്കിന്‍സണ്‍സ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഡോപമിന്റെ അളവ് എഴുപത് ശതമാനത്തോളം കുറയുമ്പോഴാണ്. തുടക്കത്തില്‍ രോഗിയുടെ ചലനങ്ങളെയായിരിക്കും ഇത് ബാധിക്കുന്നത്. വിറയല്‍ ആണ് പാര്‍ക്കിന്‍സണ്‍സ് രോഗ ബാധിതരില്‍ ഏറ്റവും ആദ്യം പ്രത്യക്ഷപ്പെടുന്ന ലക്ഷണം. വിരലുകള്‍, താടി, ചുണ്ട്, കാല്‍ തുടങ്ങിയവ വിറയ്ക്കാന്‍ തുടങ്ങും. രോഗം മൂര്‍ച്ഛിക്കുന്നതോടെ കൈകള്‍ക്കും തലയ്ക്കും കൂടുതലായി വിറയലുണ്ടാകും. പിന്നീട് ശരീരത്തിന്റെ ചലനശേഷി കുറഞ്ഞ് തുടങ്ങും.

പേശികളില്‍ വേദന, തോള്‍ വേദന, ഇടുപ്പ് വേദന, നടക്കുമ്പോഴും ഇരിക്കുമ്പോഴുമുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കാനിടയുണ്ട്. നില്‍ക്കുമ്പോഴും നടക്കുമ്പോഴും തലയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുക. കൈകള്‍ വീശാതെയുള്ള നടത്തം, പതിഞ്ഞ ശബ്ദം, ഇമവെട്ടാതിരിക്കുക, കയ്യക്ഷരം മോശമാവുകയും ചെറുതാവുകയും ചെയ്യുക തുടങ്ങിയവയാണ് മറ്റ് രോഗലക്ഷണങ്ങള്‍. രോഗം തീവ്രമാകുമ്പോള്‍ മറവിയും ഉണ്ടാകും.

ചികിത്സയിലൂടെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുന്ന ഒന്നാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയും ചില സന്ദര്‍ഭങ്ങളില്‍ ശസ്ത്രക്രിയ, ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ തുടങ്ങിയ ചികിത്സാ രീതികളും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഡോപമിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മരുന്നുകളാണ് പ്രധാനമായും നിര്‍ദ്ദേശിക്കപ്പെടാറുള്ളത്.

ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്താനും പാര്‍ക്കിന്‍സണ്‍ രോഗികളോട് ഡോക്ടര്‍മാര്‍ പറയാറുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പാക്കല്‍, ശരിയായ വ്യായാമം, മാനസികാരോഗ്യം മെച്ചപ്പെടുത്തല്‍ തുടങ്ങിയവയിലും ശ്രദ്ധ കേന്ദ്രീകരിക്കണം.

 

 

Latest News