Sunday, November 24, 2024

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് ഭൂരിപക്ഷം ഇസ്രായേലികളും ആഗ്രഹിക്കുന്നതായി അഭിപ്രായ സര്‍വേ

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് ഭൂരിപക്ഷം ഇസ്രായേലികളും ആഗ്രഹിക്കുന്നതായി അഭിപ്രായ സര്‍വേ റിപ്പോര്‍ട്ട്. എന്‍12ന്റെ സര്‍വേയില്‍ 28 ശതമാനം പേര്‍ നെതന്യാഹുവിനെ പിന്തുണച്ചപ്പോള്‍ 58 ശതമാനം രാജിവെക്കണമെന്ന് അഭിപ്രായപ്പെട്ടു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ നെതന്യാഹു സഖ്യത്തിന് 52 സീറ്റും ഗാന്റ്, യയിര്‍ ലാപിഡ് സഖ്യത്തിന് 63 സീറ്റും ലഭിക്കുമെന്നുമാണ് സര്‍വേ റിപ്പോര്‍ട്ട്. ബെന്നി ഗാന്റ്‌സിന്റെ നാഷനല്‍ യൂണിറ്റി പാര്‍ട്ടി 31 സീറ്റ് നേടുമ്പോള്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് 18 സീറ്റ് മാത്രമേ ലഭിക്കൂവെന്നും സര്‍വേ പറയുന്നു. യേഷ് ആത്തിഡിന് 15 സീറ്റും ഇസ്രയേല്‍ ബെയ്ത്തെനു 11 സീറ്റും, ഒത്സ്മ യെഹൂദിത് 9 സീറ്റും നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.

പ്രതിരോധമന്ത്രി യോവ് ഗാലന്റ് രാജിവെക്കണമെന്ന് 48 ശതമാനവും ഐഡിഎഫ് മേധാവി സ്റ്റാഫ് ഹെര്‍സി ഹലേവി സ്ഥാനമൊഴിയണമെന്ന് 50 ശതമാനം പേരും ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് തലവന്‍ റോനന്‍ ബാര്‍ രാജിവെക്കണമെന്ന് 56 ശതമാനം പേരും അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് 54 ശതമാനം ആളുകള്‍ അഭിപ്രായപ്പെടുമ്പോള്‍ മന്ത്രിമാരായ ബെന്നി ഗാന്റ്‌സും ഗാഡി ഈസന്‍കോട്ടും ഉടന്‍ സ്ഥാനമൊഴിയണമെന്ന് 37 ശതമാനം പേരും ആവശ്യപ്പെടുന്നു.

 

 

Latest News