ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഹമാസ് പ്രതിനിധി സംഘം ഈജിപ്തിലെ കെയ്റോയില്‍. അമേരിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സിസായ സിഐഎയുടെ ഡയറക്ടര്‍ വില്യം ബേണ്‍സ് ഈജിപ്ഷ്യന്‍ തലസ്ഥാനത്തെ എത്തി മണിക്കൂറുകള്‍ക്കുശേഷം ഹമാസ് പ്രതിനിധി സംഘം എത്തിയിരിക്കുന്നത്.
‘പോസിറ്റീവ് മനോഭാവത്തോടെ ഒരു കരാറിലെത്താന്‍ തീരുമാനിച്ചിരിക്കുന്നു’ എന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഖത്തര്‍ പ്രതിനിധി സംഘവും ഇന്ന് പുറപ്പെടുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങള്‍ക്കു ഖത്തറിനും അമേരിക്കയ്ക്കുമൊപ്പം ഈജിപ്തും നേതൃത്വം നല്‍കുന്നുണ്ട്.
സന്ധി ഉറപ്പാക്കാന്‍ നയതന്ത്ര ശ്രമങ്ങള്‍ ശക്തമാണ്. ഹമാസും സിഐഎ ഉദ്യോഗസ്ഥരും ശനിയാഴ്ച ഈജിപ്ഷ്യന്‍ മധ്യസ്ഥരെ കാണുമെന്ന് ഈജിപ്ഷ്യന്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. വെടിനിര്‍ത്തലും തടവുകാരുമായുള്ള കൈമാറ്റ കരാറും അംഗീകരിക്കാന്‍ ഇസ്രായേല്‍ ഹമാസിന് ഒരാഴ്ച സമയം അനുവദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അല്ലെങ്കില്‍ റഫയില്‍ തങ്ങളുടെ കരയാക്രമണം ആരംഭിക്കുമെന്നാണ് ഭീഷണി.
അതേസമയം റഫാ നഗരത്തിനുനേരെ ആക്രമണം അഴിച്ചുവിടരുതെന്ന് ഇസ്രയേലിനോട് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗാസയിലെ ജനങ്ങള്‍ക്കും വെടിനിര്‍ത്തലിനും ഇടയില്‍ നില്ക്കുന്ന ഒരേയൊരു കാര്യം ഹമാസ് മാത്രമാണെന്നും കരാറില്‍ തീരുമാനമെടുക്കുകയെന്നത് ഹമാസിനു വളരെ എളുപ്പമുള്ള കാര്യമാണെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി.
”ഫലത്തില്‍, വെടിനിര്‍ത്തലിനെക്കുറിച്ചും ബന്ദികളെ മോചിപ്പിക്കുന്നതിനെക്കുറിച്ചും അവര്‍ക്ക് ഉത്തരം നല്‍കാനാകുമോയെന്ന് കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. ചിലപ്പോള്‍ ഹമാസിനുള്ളില്‍ മറ്റെന്തിങ്കിലും നടക്കുന്നുണ്ടാകും. വരും ദിവസങ്ങളില്‍ അതിന്റെ മികച്ച ചിത്രം ഞങ്ങള്‍ക്ക് ലഭിക്കും,” ബ്ലിങ്കെന്‍ വെള്ളിയാഴ്ച പറഞ്ഞു.