Sunday, November 24, 2024

പരീക്ഷകളുടെ സമ്മര്‍ദം മറികടക്കാനുള്ള സിലബസ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്താല്‍ ജീവനൊടുക്കിയ വിദ്യാര്‍ഥികള്‍ക്ക് ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ മികച്ച വിജയം എന്നുള്ള വാര്‍ത്തകള്‍ നമ്മെയെല്ലാം ഏറെ ദുഃഖിപ്പിക്കുന്നു. കുട്ടികളെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പരീക്ഷാഫലങ്ങള്‍. വിജയികള്‍ നൂറുശതമാനക്കണക്ക് ഉറക്കെ വിളിച്ചുപറയുമ്പോള്‍ തോല്‍വിയുടെ ആഘാതം താങ്ങാനാവാതെ പൊലിഞ്ഞുപോകുന്ന വിദ്യാര്‍ഥിജീവിതങ്ങള്‍ വിരല്‍ചൂണ്ടുന്നത് നാം ഒരോരുത്തരിലേക്കുമാണ്. പരീക്ഷകളുടെ സമ്മര്‍ദം മറികടക്കാനുള്ള സിലബസ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം.

കേരളത്തില്‍ പരീക്ഷാപ്പേടി മൂലം നടക്കുന്ന വിദ്യാര്‍ഥികളുടെ ആത്മഹത്യാനിരക്ക് വര്‍ധിക്കുകയാണ്. പരീക്ഷ എന്നത് സ്വയം കണ്ടെത്താനുള്ള വഴി മാത്രമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒന്നോ, രണ്ടോ വിഷയത്തില്‍ തോറ്റാല്‍ മാനം ഇടിഞ്ഞുവീഴില്ലെന്ന് ശരാശരിവിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ ആശ്വസിപ്പിക്കണം. വിദ്യാലയത്തിന്റെ സല്‍പേര് കുട്ടികളെ കുരുതികൊടുത്തിട്ടു വേണ്ടെന്ന് വിദ്യാലയനടത്തിപ്പുകാരും കരുതണം. മൂല്യവത്തായ ജീവിതമാണ് ഏറ്റവും പ്രധാനമെന്ന് വിദ്യാര്‍ഥികളെ പറഞ്ഞുമനസ്സിലാക്കാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനു കഴിയുന്നുണ്ടോ?

വിദ്യാഭ്യാസം കൊണ്ടും സാമൂഹികസാഹചര്യങ്ങളാലും മുന്നില്‍നില്‍ക്കുന്നെന്ന് അവകാശപ്പെടുന്ന കേരളത്തിലെ കുട്ടികളുടെ ആത്മഹത്യാനിരക്ക് ഏവരെയും ഞെട്ടിക്കുന്നതാണ്. തോറ്റവരെ സമൂഹം അംഗീകരിക്കില്ലെന്നും അവഗണിക്കുമെന്നുമുള്ള ഭയം കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. തല്‍ഫലമായി ആത്മഹത്യ എന്ന വഴി തെരഞ്ഞെടുക്കാന്‍ പ്രേരിതരാകുകയാണ്. പ്രശ്നങ്ങള്‍ നിരവധിയെങ്കിലും കുട്ടികളില്‍ രൂപപ്പെടുന്ന ദുരഭിമാനബോധം ആത്മഹത്യാപ്രവണതയ്ക്കു കാരണമാകുന്നു. ഫുള്‍ മാര്‍ക്ക് കിട്ടാത്തതുകൊണ്ട് ആത്മഹത്യ ചെയ്യുന്ന കുട്ടികളും പരീക്ഷാഫലം വരുന്നതിനുമുന്‍പ് പരാജയപ്പെട്ടേക്കും എന്ന ഭയത്താല്‍ ജീവനൊടുക്കുന്ന വിദ്യാര്‍ഥികളും നമുക്കിടയിലുണ്ട്. കുട്ടികളുടെ മനസ്സും സമൂഹവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ബാക്കിപത്രമാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണം.

എ പ്ലസ് സംസ്‌കാരം, പരീക്ഷയില്‍ വിജയിക്കുക എന്നതിലുപരി ഫുള്‍ മാര്‍ക്ക് നേടണം എന്ന രീതിയിലേക്ക് കുട്ടികളുടെ ചിന്തയെ സ്വാധീനിക്കുന്ന നിലയിലേക്ക് വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. കുട്ടികള്‍ കരിയറില്‍ ഏറ്റെടുക്കുന്ന ഈ അമിതഭാരം ഗുരുതരപ്രശ്നമാണ്. മാതാപിതാക്കള്‍, അധ്യാപകര്‍, സമൂഹം തുടങ്ങിയവയുടെ കൂടിച്ചേരലിലാണ് കുട്ടികള്‍ സ്വഭാവം രൂപീകരിക്കുന്നത്. അതിനാല്‍ പൊലിഞ്ഞുപോകുന്ന ഓരോ ജീവന്റെയും ഉത്തരവാദിത്തം സമൂഹത്തില്‍ നിക്ഷിപ്തമാണ്. തോറ്റവന്റേതു കൂടിയാണ് ലോകമെന്ന വാക്കുകള്‍ പറച്ചില്‍ മാത്രമാക്കാതെ പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്.

കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കുമുള്ള അവബോധ ക്ലാസുകള്‍ പരീക്ഷയുടെ മുന്നോടിയായി നിര്‍ത്തുന്ന ശീലമാണ് നിലവില്‍ കുട്ടികളെ സംബന്ധിക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ സംവിധാനങ്ങളും അനുവര്‍ത്തിച്ചുവരുന്നത്. ഈ രീതിയാണ് ആദ്യം വിമര്‍ശിക്കപ്പെടേണ്ടത്. പരാജയപ്പെട്ട വിദ്യാഥികളെ തിരിഞ്ഞുനോക്കാതെ മരണത്തിലേക്കു തള്ളിവിടുന്ന സംവിധാനം മാറേണ്ടതുണ്ട്. തോറ്റുപോയ വിദ്യാര്‍ഥികള്‍ക്കും സമൂഹത്തില്‍ ഇടം ഉറപ്പാക്കാന്‍ നമ്മുടെ ഭരണകൂടത്തിനു സാധിക്കേണ്ടതുണ്ട്.

ടോണി ചിറ്റിലപ്പള്ളി

Latest News