Sunday, November 24, 2024

ഇന്ത്യയിലെ 56 ശതമാനം രോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഐസിഎംആര്‍

രാജ്യത്തെ ജനങ്ങളിലെ 56.4 ശതമാനം രോഗങ്ങളും അനാരോഗ്യകരമായ ഭക്ഷണശീലത്തില്‍നിന്നുണ്ടാകുന്നതാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). പഞ്ചസാരയും ഉപ്പും നിയന്ത്രിക്കുക, പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ പുതിയ ഭക്ഷണക്രമ മാര്‍ഗനിര്‍ദേശങ്ങള്‍ ഐസിഎംആര്‍ പുറത്തുവിട്ടു.

ആരോഗ്യകരമായ ഭക്ഷണക്രമവും ശാരീരിക പ്രവര്‍ത്തനങ്ങളും ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവ ഗണ്യമായി കുറയ്ക്കുകയും ടൈപ് ടു പ്രമേഹത്തെ 80 ശതമാനം വരെ തടയുകയും ചെയ്യുമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ വലിയൊരളവുവരെ അകാല മരണങ്ങള്‍ ഒഴിവാക്കാമെന്നും 148 പേജുള്ള റിപ്പോര്‍ട്ടിലെ 17 മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്.

പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കാനും പകരം പരിപ്പ്, എണ്ണക്കുരു, സമുദ്രവിഭവങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ കൂടുതലായി ഉപയോഗപ്പെടുത്തി ഫാറ്റി ആസിഡുകള്‍ നേടാനും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. പഞ്ചസാരയും കൊഴുപ്പും അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉയര്‍ന്ന ഉപഭോഗം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളുടെ പരിമിതമായ ലഭ്യത എന്നിവ രാജ്യത്തെ ജനങ്ങളില്‍ മൈക്രോ ന്യൂട്രിയന്റുകളുടെ കുറവിനും അമിതഭാര പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നതായി ഐസിഎംആര്‍ വ്യക്തമാക്കി.

ഉപ്പ് കഴിക്കുന്നത് നിയന്ത്രിക്കാനും എണ്ണകളും കൊഴുപ്പും മിതമായ അളവില്‍ കഴിക്കാനും ശരിയായ വ്യായാമം ചെയ്യാനും പഞ്ചസാരയും അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളും കുറയ്ക്കാനും സമിതി ശിപാര്‍ശ ചെയ്യുന്നു.

 

Latest News