Sunday, November 24, 2024

യുഎസിനെ പിന്തള്ളി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന. 118.4 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റിറക്കുമതി വ്യാപാരമാണ് 2023- 24 വര്‍ഷകാലയളവില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടന്നത്. ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷിയേറ്റീവിന്റെ (ജി.ടി.ആര്‍.ഐ) റിപ്പോര്‍ട്ടിലാണ് ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായത് സൂചിപ്പിക്കുന്നത്. 118.3 ബില്യണ്‍ ഡോളറിന്റെ വ്യാപാരം ആണ് അമേരിക്കയുമായി 2023-24 കാലത്ത് നടന്നത്. യുഎഇ ആണ് ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളി. റഷ്യ, സൗദി അറേബ്യ, സിങ്കപ്പുര്‍ എന്നിവയാണ് തൊട്ടുപിന്നില്‍.

2021-22, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ യു.എസ് ആയിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയില്‍നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 8.7 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഇരുമ്പ് അയിര്, പരുത്തി നൂല്‍, തുണിത്തരങ്ങള്‍, കൈത്തറി ഉത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പഴം പച്ചക്കറികള്‍, പ്ലാസ്റ്റിക്, ലിയോലിയം എന്നിവയുടെ കയറ്റുമതിയിലാണ് വലിയ വളര്‍ച്ച രേഖപ്പെടുത്തിയത്. ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 3.24 ശതമാനം വര്‍ധിച്ച് 101.7 ബില്യണ്‍ യുഎസ് ഡോളറുമായി.

അതേസമയം, 2023- 24 സാമ്പത്തിക വര്‍ഷം യുഎസിലേക്കുള്ള കയറ്റുമതി 1.32 ശതമാനം ഇടിഞ്ഞ് 77.5 ബില്യണ്‍ യുഎസ് ഡോളറായി. 2022- 23-ല്‍ ഇത് 78.54 ആയിരുന്നു. ഇറക്കുമതി 20 ശതമാനം കുറഞ്ഞ് 40.8 ബില്യണ്‍ യുഎസ് ഡോളറിലെത്തിയെന്നും കണക്ക് സൂചിപ്പിക്കുന്നു. 2019 മുതല്‍ 2024 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ മികച്ച 15 വ്യാപാര പങ്കാളികളുമായുള്ള ഇന്ത്യയുടെ വ്യാപാര ചലനാത്മകത വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി.

വിവിധ മേഖകളിലെ വ്യാപാര കമ്മിയോ മിച്ചമോ ആണ് കയറ്റിറക്കുമതികളില്‍ പ്രതിഫലിച്ചത്, റിപ്പോര്‍ട്ട് പറയുന്നു.ഇന്ത്യന്‍ വാണിജ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2013-14 സാമ്പത്തിക വര്‍ഷം മുതല്‍ 2017- 18 വരെയും 2020- 21 ലും ചൈന ആയിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ചൈനക്ക് മുമ്പ് യുഎഇക്ക് ആയിരുന്നു ഈ സ്ഥാനം.

 

Latest News