Sunday, November 24, 2024

പ്രായം 54, കാമി റിത ഷെര്‍പ്പയ്ക്ക് എവറസ്റ്റ് നിസ്സാരം; 29-ാം തവണയും കൊടുമുടി കീഴടക്കി പുതു റെക്കോഡ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് വീണ്ടും കീഴടക്കി പുതു റെക്കോഡിട്ട് കാമി റിത ഷെര്‍പ്പ. നേപ്പാളി പര്‍വതാരോഹകനും ഗെയ്ഡുമായ കാമി റിത ഞായറാഴ്ച രാവിലെയാണ് നിലവിലുള്ള സ്വന്തം റെക്കോഡ് മറികടന്നത്. സാഗരമാത (എവറസ്റ്റിന്റെ നേപ്പാളി പേര്) എത്ര തവണ കയറുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എങ്കിലും തുടര്‍ച്ചയായി കയറുകയാണ്. അദ്ദേഹം പറഞ്ഞു.

‘എവറസ്റ്റ് മാന്‍’ എന്നറിയപ്പെടുന്ന 54കാരനായ കാമി റിത 29-ാം തവണയാണ് കൊടുമുടി കീഴടക്കുന്നത്. ഏറ്റവും കൂടുതല്‍ തവണ എവറസ്റ്റ് കീഴക്കിയ വ്യക്തിയെന്ന റെക്കോഡ് ആണ് കാമി റിത നിലനിര്‍ത്തിയിരിക്കുന്നത്. സെവന്‍ സമ്മിറ്റ് ട്രക്ക്‌സ് എന്ന പര്‍വതാരോഹണ കമ്പനിയിലെ സീനിയര്‍ ഗെയ്ഡ് ആണ് ഇദ്ദേഹം.

ഞായറാഴ്ച രാവിലെ 7:25നാണ് കാമി റിത എവറസ്റ്റ് കീഴടക്കിയത്. കഴിഞ്ഞ മാസം ഒടുവില്‍ കാഠ്മണ്ഡുവില്‍നിന്ന് പുറപ്പെട്ട 28 പേര്‍ ഉള്‍പ്പെട്ട പര്‍വതാരോഹണ സംഘത്തെയാണ് കാമി റിത നയിച്ചത്. കാമി റിതയുടെ ചരിത്ര നേട്ടത്തില്‍ സെവന്‍ സമ്മിറ്റ് ട്രക്ക്‌സ് അഭിനന്ദനം അറിയിച്ചു.

സൊലുകുമ്പുവിലെ താമി സ്വദേശിയാണ് കാമി റിത. 1970 ജനുവരി 17നാണ് ജനനം. കഴിഞ്ഞ് രണ്ടു പതിറ്റാണ്ടായി എവറസ്റ്റ് ദൗത്യം നടത്തുന്നുണ്ട്. 1994ല്‍, തന്റെ 24-ാം വയസ്സിലാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. കഴിഞ്ഞ വര്‍ഷമാണ് കാമി റിത 28-ാം തവണ എവറസ്റ്റിലെത്തിയത്. എവറസ്റ്റിനു പുറമേ മൗണ്ട് കെ2 ഉള്‍പ്പെടെയുള്ള മറ്റ് കൊടുമുടികളിലും തന്റെ പാദം പതിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം.

1950ല്‍ എവറസ്റ്റ് പര്‍വ്വതാരോഹകര്‍ക്കായി തുറന്നു നല്‍കിയപ്പോള്‍ ആദ്യമെത്തിയ ഷെര്‍പ്പകളില്‍ ഒരാളായിരുന്നു കാമിയുടെ അച്ഛനും. കാമിയുടെ സഹോദരന്‍ ലാക്പ റീത്ത 17 തവണ എവറസ്റ്റ് കയറിയിട്ടുണ്ട്. പര്‍വ്വതാരോഹക സംഘത്തിനൊപ്പം അവരുടെ സഹായിയായി ആരും ആദ്യം അന്വേഷിക്കുന്ന പേരാണ് കാമി. അത്രയേറെയാണ് ഹിമാലയവും എവറസ്റ്റും കയറിയുള്ള പരിചയം. ഓരോയിടത്തും പതിയിരിക്കുന്ന അപകടം പോലും കാമിക്കറിയാം. പല ഹിമാലയന്‍ മലകയറ്റ സംഘടനകളുടെയും ബ്രാന്‍ഡ് അംബാസിഡറാണ് കാമി.

 

 

 

Latest News