ഗാസയിലുണ്ടായ ആക്രമണത്തില്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യക്കാരനായ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. യുണൈറ്റഡ് നേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റിയിലെ (ഡിഎസ്എസ്) സ്റ്റാഫ് അംഗമാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണമുണ്ടാകുകയായിരുന്നു.
കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹം ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നുവെന്നാണ് സൂചന. റാഫയിലെ യൂറോപ്യന്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കുമേറ്റു.
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഐക്യരാഷ്ട്രസഭയിലെ അംഗം കൊല്ലപ്പെടുന്ന ആദ്യത്തെ സംഭവമാണിത്. ആക്രമണത്തെ അപലപിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തി.
യുഎന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ എല്ലാ ആക്രമണങ്ങളെയും ഗുട്ടെറസ് അപലപിക്കുന്നുവെന്നും സമഗ്രമായ അന്വേഷണം വേണമെന്നും സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.