അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നത് സംബന്ധിച്ച് നിയമവിദഗ്ധരോട് ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പ്രതികരണം. അഴിമതിക്കാര്‍ പാവപ്പെട്ടവരുടെ പണം അപഹരിക്കുകയും ദുരുപയോഗിക്കുകയും ചെയ്തു, ആ പണം അവര്‍ക്ക് തിരിച്ച് കിട്ടണമെന്നും മോദി അഭിപ്രായപ്പെട്ടു.
‘ഇതിനായി നിയമപരമായ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അത് മാറ്റണം. ഞാനത് ചെയ്യും. നിയമവിദഗ്ധരുടെ സഹായം ഇതിനായി തേടിയിരിക്കുകയാണ്. നിയമസംവിധാനത്തോട് ഈ വിഷയത്തില്‍ ഉപദേശം തേടിയിട്ടുണ്ട്’. എന്‍ഫോഴ്സ്മെന്റ് പിടികൂടിയ പണത്തിന്റെ കൂമ്പാരം എന്തുചെയ്യുമെന്ന ചോദ്യത്തോടായിരുന്നു മോദിയുടെ പ്രതികരണം.
ഇന്ത്യന്‍ പീനല്‍കോഡിന് പകരം കൊണ്ടുവരുന്ന ന്യായ് സംഹിതയില്‍ ഇതിനായി ചില വകുപ്പുകള്‍ ആലോചിക്കുമെന്ന സൂചനയും പ്രധാനമന്ത്രി നല്കി. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതുവരെ 1.25 ലക്ഷം കോടി രൂപ ഈ നിലയില്‍ പിടിച്ചെടുത്തുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബംഗാളിലെയും കേരളത്തിലെയും ഇഡി കേസുകളെക്കുറിച്ചും ബിഹാറില്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട ഭൂമിക്ക് പകരം ജോലി അഴിമതിയെക്കുറിച്ചും പ്രധാനമന്ത്രി അഭിമുഖത്തില്‍ സൂചിപ്പിച്ചു.
‘രണ്ട് വിധത്തിലുള്ള അഴിമതിയെക്കുറിച്ചാണ് പറയുന്നത്. ഒന്ന് വലിയ കച്ചവടങ്ങളിലൂടെ നടത്തിയതാണ്, അതിലെ ഇടപാട് രഹസ്യമായി തുടരുകയാണ്. ഇതാണ് പ്രശ്നം. ഭൂരിപക്ഷം കേസുകളിലും നിഷ്കളങ്കരായ ആളുകളാണ് ഇതിന് വിലകൊടുക്കേണ്ടി വന്നിട്ടുള്ളത്.’ അധ്യാപകരെ നിയമിക്കുന്നതിന് അഴമതി നടന്ന ബംഗാളിലെ കേസിനെ ഇതിന് ഉദാഹരണമായി നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചു.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ നിക്ഷേപം കബിളിപ്പിച്ചെടുത്ത് വ്യക്തിപരമായ കൂട്ടുകച്ചവടത്തിന് ഉപയോഗിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് കോടി രൂപയാണ് ഈ നിലയില്‍ കബിളിപ്പിച്ചെടുത്തിരിക്കുന്നതെന്നും അഭിമുഖത്തില്‍ പ്രധാനമന്ത്രി ആരോപിച്ചു. റെയില്‍വെ വകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍ ലാലു ജി ജോലിക്ക് പകരം പാവപ്പെട്ടവരുടെ ഭൂമി അദ്ദേഹത്തിന്റെ പേരില്‍ എഴുതിവാങ്ങിയെന്നും മോദി ആരോപിച്ചു. ഈ ഇടപാടുകളിലെ പണം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഭൂമി പാവപ്പെട്ടവര്‍ക്ക് തിരികെ നല്‍കുന്നതിനുള്ള ധാരണയെക്കുറിച്ച് ആലോചിക്കുകയാണെന്നും മോദി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ കാലത്ത് ഇഡി നിഷ്ക്രിയരായിരുന്നെന്നും ബിജെപിയുടെ കാലത്താണ് സക്രിയമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്നും ഒരുചോദ്യത്തിന് ഉത്തരമായി മോദി പറഞ്ഞു.