Sunday, November 24, 2024

സംഘര്‍ഷം, അക്രമം: കഴിഞ്ഞ വര്‍ഷം ദക്ഷിണേഷ്യയില്‍ കുടിയിറക്കപ്പെട്ടത് 69,000 പേര്‍; 97 ശതമാനവും മണിപ്പൂരികള്‍

കഴിഞ്ഞ വര്‍ഷം ദക്ഷിണേഷ്യയില്‍നിന്ന് കുടിയിറക്കപ്പെട്ടവരില്‍ ഏറ്റവും കൂടുതല്‍ മണിപ്പൂരികള്‍. ദക്ഷിണേഷ്യയില്‍നിന്ന് കുടിയിറക്കപ്പെട്ടവരില്‍ 97 ശതമാനവും മണിപ്പൂരില്‍നിന്നുള്ളവരാണെന്ന് ജനീവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ ഡിസ്പ്ലേസ്മെന്റ് മോണിറ്ററിങ് സെന്ററിന്റെ (ഐഡിഎംസി) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംഘര്‍ഷവും അക്രമവും കാരണം 69,000 പേരാണ് 2023ല്‍ ദക്ഷിണേഷ്യയില്‍നിന്ന് കുടിയിറക്കപ്പെട്ടത്. ഇതില്‍ 67,000 പേരും മണിപ്പൂരില്‍നിന്നാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അക്രമങ്ങളും സംഘര്‍ഷങ്ങളും കാരണം 2018നു ശേഷം കുടിയിറക്കം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട് പറയുന്നത്.

കഴിഞ്ഞ വര്‍ഷം മേയ് മൂന്നിന് ആരംഭിച്ച മണിപ്പൂര്‍ കലാപത്തില്‍ ഇരുന്നൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പട്ടികജാതി പദവി വേണമെന്ന ആവശ്യത്തില്‍ പ്രതിഷേധിച്ച് ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മെയ്തി- കുകി വിഭാഗങ്ങള്‍ സംഘര്‍ഷം ആരംഭിക്കുന്നത്.

കുടിയൊഴിപ്പിക്കലിന്റെ ഭൂരിഭാഗവും മണിപ്പൂരിലായിരുന്നു നടന്നതെങ്കിലും മിസോറാം, നാഗലാന്‍ഡ്, അസം തുടങ്ങിയ അയല്‍സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ കുടിയിറക്കപ്പെട്ടിട്ടുണ്ട്. അക്രമം രൂക്ഷമായതോടെ കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്‍ര്‍നെറ്റ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. സംഘര്‍ഷം തുടങ്ങി ഒരു വര്‍ഷമായിട്ടും ആഭ്യന്തര കുടിയൊഴിപ്പിക്കലിലാണ് മണിപ്പൂര്‍ ജനതയെന്നും ഐഡിഎംസി ചൂണ്ടിക്കാട്ടുന്നു.

സംഘര്‍ഷങ്ങളും അക്രമങ്ങളും കാരണം 2023ന്റെ അവസാനത്തോടെ 53 ലക്ഷം പേരാണ് ദക്ഷിണേഷ്യയില്‍ ആഭ്യന്തരമായി കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി ജീവിക്കുന്നത്. ഇതില്‍ 80 ശതമാനം അഫ്ഗാനിസ്ഥാനില്‍നിന്നാണ്. രാജ്യാര്‍ത്തികള്‍ക്കുള്ളില്‍ തന്നെ പലായനം ചെയ്യുന്നതിനെയാണ് ആഭ്യന്തര കുടിയിറക്കമെന്നു വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ആഗോളതലത്തില്‍ ആഭ്യന്തരമായി പലായനം ചെയ്യേണ്ടി വന്നത് 2.05 കോടി പേര്‍ക്കാണ്.

ആഗോള തലത്തില്‍ സംഘര്‍ഷങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം മാത്രം 6.83 കോടി ജനങ്ങളാണ് കുടിയിറക്കപ്പെട്ടത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരുടെ എണ്ണം 2.26 കോടിയായി വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022, 2023 വര്‍ഷങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കുടിയിറക്കപ്പെട്ടത്.

സുഡാന്‍, കോംഗോ, പലസ്തീന്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ വര്‍ഷം നടന്ന കുടിയൊഴിക്കലില്‍ മൂന്നില്‍ രണ്ടും സംഭവിച്ചത്. 14 വര്‍ഷത്തെ അപേക്ഷിച്ച് സുഡാനിലെ സംഘര്‍ഷങ്ങള്‍ കഴിഞ്ഞ വര്‍ഷം മാത്രം 60 ലക്ഷം പേരെയാണ് ബാധിച്ചത്. 2022ല്‍ യുക്രെയിനില്‍നിന്ന് 1.69 കോടി പേര്‍ കുടിയിറക്കപ്പെട്ടശേഷമുള്ള ഏറ്റവും വലിയ കണക്കാണിത്.

സംഘര്‍ഷങ്ങള്‍ മാത്രമല്ല, പ്രകൃതി ദുരന്തങ്ങളും കുടിയിറക്കപ്പെടുന്നതിനു കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 77 ലക്ഷം പേരാണ് ഇത്തരത്തില്‍ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടത്.

 

Latest News