പൊതുതിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിച്ച ഇന്ത്യയിലെ ജനങ്ങളെ പ്രശംസിച്ച് അമേരിക്ക. ഇന്ത്യയെപ്പോലെ ഊര്‍ജ്ജസ്വലമായ മറ്റൊരു ജനാധിപത്യ രാജ്യം ലോകത്തില്ലെന്നായിരുന്നു അമേരിക്ക പറഞ്ഞത്. യുഎസിലെ നാഷണല്‍ സെക്യൂരിറ്റി കമ്മ്യൂണിക്കേഷന്‍സ് അഡൈ്വസര്‍ ജോണ്‍ കിര്ബിയുടേതായിരുന്നു പ്രസ്താവന.
‘ഇന്ത്യയെപോലെ ഊര്‍ജ്ജസ്വലമായ മറ്റൊരു ജനാധിപത്യ രാജ്യം ലോകത്തില്ല. പൊതുതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ഇന്ത്യയിലെ ജനങ്ങളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. തങ്ങളുടെ ഭാവി ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നതില്‍ അവര്‍ക്ക് ഭാഗമാകാന്‍ കഴിഞ്ഞു. ഈ ജനാധിപത്യ പ്രക്രിയ നല്ല രീതിയില്‍ അവസാനിക്കട്ടെ എന്നാശംസിക്കുന്നു’. അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിനെ പറ്റിയുള്ള യുഎസ് പ്രസിഡന്റിന്റെ അഭിപ്രായമെന്തെന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു ജോണ്‍ കിര്‍ബിയുടെ മറുപടി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എങ്ങനെയാണെന്നുള്ള ചോദ്യത്തിന് കഴിഞ്ഞ മൂന്നുവര്‍ഷങ്ങള്‍ മാത്രം എടുത്താല്‍ തന്നെ ഇന്ത്യയുമായുള്ള ബന്ധം വളരെ അടുത്തതാണെന്നും അത് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പുതിയ പദ്ധതികള്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് നടപ്പിലാക്കുന്നുണ്ടെന്നും ഇന്‍ഡോ-പസഫിക് സ്ക്വാഡിന്റെ ശാക്തീകരണത്തിലും സൈനിക മേഖലയിലുമെല്ലാം അമേരിക്ക ഇന്ത്യയുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.