സ്വന്തം ജീവിതത്തില്‍, വെറും പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍, നടത്തിയ ഒരു അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ അനുഭവകഥ ഫേസ്ബുക്കിലൂടെ വിവരിച്ചിരിക്കുകയാണ് നിപുണ്‍ ചെറിയാന് എന്ന മുപ്പത്തെട്ടുകാരന്. അഴിമതിയും ഡ്രൈവിംഗ് ടെസ്റ്റും വീണ്ടും കേരളത്തില്‍ ചര്‍ച്ചയാകുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് ഈ കുറിപ്പും. നിപുണ്‍ ചെറിയാന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…
ദി ആരംഭം. – ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെയ് മാസത്തെ ഡ്രൈവിങ് ടെസ്റ്റും അഴിമതി വിരുദ്ധ പോരാട്ടവും.
പോരാട്ട കാലഘട്ടം-
മെയ് 2004 – ഓഗസ്റ്റ് 2004.
പോരാട്ട മേഖല – വടക്കന്‍ പറവൂര്‍, എറണാകുളം.
പ്രധാന പോരാട്ട സ്ഥലം- വടക്കന്‍ പറവൂര്‍ സബ് ആര്.ട്ടി.ഓ. ഡ്രൈവിങ് ടെസ്റ്റ് ഗ്രൌണ്ട്, തെക്കേ നാലുവഴി തോന്ന്യകാവ് അംബലം അടുത്ത്.
പോരാളി – നിപുണ്‍ ചെറിയാന്, വയസ് 18.
എതിരാളികള്‍ –
1. രാജു ആശാന് – ഡ്രൈവിങ് സ്കൂള്‍ മാസ്റ്റര്‍.
2. ആര്.ട്ടി.ഓ. ഓഫീസര്‍മാര്‍ – നോര്‍ത്ത് പറവൂര്‍ സബ് ആര്.ട്ടി.ഓ. ഓഫീസ്.
കാഴ്ചക്കാര്‍/നിഷ്പക്ഷര്‍ –
1. പൊതുജനം.
2. കുടുംബം.
സഹ പോരാളികള്‍ –
1. പേരറിയാത്ത എറണാകുളം കളക്ടറേറ്റ് സ്റ്റാഫ്.
2. സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ.
അന്തിമ പോരാട്ട വിജയി –
നിപുണ്‍ ചെറിയാന്.
പോരാട്ട വിവരണം-
പതിനേഴ് പതിനെട്ട് വയസ്സ് , മോട്ടോര്‍ ബൈക്കുകളോട് കമ്പം ഉള്ള പ്രായം. എത്രെയും പെട്ടെന്ന് ഡ്രൈവിങ് ലൈസെന്‍സ് എടുക്കണം എന്നത് പ്രധാന ആവശ്യമായ പ്രായം. 18 തികയുന്നതിന് മുന്‍പേ ലേര്‍ണേഴ്സ് ലൈസെന്‍സ് എടുത്ത് കാത്തിരിപ്പ് തുടങ്ങി. 2004 ജനുവരി 27 -ന് 18 വയസ്സ് തികഞ്ഞു. പിന്നെ 12-ആം ക്ലാസിലെ പരീഷയും എഞ്ചിനീറിങ് എന്‍ട്രന്‍സ് ടെസ്റ്റും കഴിഞ്ഞ് മെയ് 2004 -ന് ലൈസെന്‍സ് എടുക്കാന്‍ സാഹചര്യം റെഡിയായി.
സൗരവ് ഗാംഗുലി ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ഹീറോ ഹോണ്ട അംബീഷന്‍ വേണ്ടി പരസ്യം ചെയ്തതോടെ ബജാജ് പള്‍സര്‍ വാങ്ങിക്കണോ ഹീറോ ഹോണ്ട അംബീഷന്‍ വാങ്ങിക്കണോ എന്ന കണ്ഫ്യൂഷന് മാറി. അംബീഷന്‍ തന്നെ എടുത്തു. ലൈസെന്‍സ് എടുക്കാന്‍ അന്നും നാട്ടുനടപ്പ് ഒന്നുതന്നെ – എന്നെയും വീട്ടുകാര്‍ ഡ്രൈവിങ് സ്കൂളില്‍ കൊണ്ടുപോയി ചേര്‍ത്തു ! എനിക്ക് ഡ്രൈവിങ് പഠിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. ലേര്‍ണേഴ്സ് ലൈസെന്‍സ് എടുത്ത് ഞാന്‍ നന്നായി സ്വന്തമായി പരിശീലനം കഴിഞ്ഞതായിരിന്നു. പക്ഷെ നാട്ട് നടപ്പ് അനുസരിച്ച് അടിസ്ഥാന പരിശീലനത്തിന് ഒഴിച്ചുള്ള തുക കൊടുത്ത് ഡ്രൈവിങ് സ്കൂളിനെ അപ്പന് കാര്യങ്ങള്‍ ഏല്പിച്ചു.
ഇതുവരെ ഡീലിങ് എല്ലാം എന്റെ അപ്പനും ഡ്രൈവിങ് സ്കൂളും തമ്മിലായിരുന്നു. അഡ്വാന്‍സും കൊടുത്ത് അപ്പന്റെ ഉത്തരവാദിത്വം കഴിഞ്ഞു, എന്നെ ഏല്പിച്ച് പുള്ളി വിട്ടു. പിന്നെ 18 വയസ്സ് കഴിഞ്ഞ ഉത്തരവാദിത്വത്തില്‍, എന്റെ നടപടികള്‍ തുടങ്ങുകയായി. 8 എടുക്കാനുള്ള പരിശീലന വേളയില്‍ പലരും പറിഞ്ഞ് ഞാന്‍ അറിഞ്ഞു ഈ ഡ്രൈവിങ് സ്കൂള്‍ മാസ്റ്റര്‍ രാജു ആശാന് നമ്മുടെ കയ്യില്‍ നിന്ന് വാങ്ങിക്കുന്ന ഫീസിന്റെ ഒരു പങ്ക് ആര്.ട്ടി.ഓ. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കുന്നതാണ്, അതുകൊണ്ട് ഈ ടെസ്റ്റില്‍ ഒന്നും വലിയ കാര്യമില്ല. 8 തട്ടിക്കൂട്ടി എടുത്താല്‍ മതിയെന്നൊക്കെ. കുട്ടികളുടെ ബൈബിള്‍ തുടങ്ങി മേരി പൈനാടത്ത് മിസ്സിന്റെ മോറല്‍ സയന്‍സ് ക്ലാസ് വരെ എന്റെ മെമ്മറിയില്‍ ഒരു സെക്കന്‍ഡ് ഫ്ലാഷ് അടിച്ചു. ഡി.ഡി.1 – ദേശഭക്തി ഗാനങ്ങള്‍ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി എന്റെ മനസ്സില്‍ ഇന്ത്യന്‍ സിനിമയിലെ കമല്‍ ഹസ്സന് ഡയലോഗ് അശരീരി ആയി ഉച്ചത്തില്‍ മുഴങ്ങി – ‘ലഞ്ചം വാങ്ങറുതും തപ്പ് കൊടുക്കറുതും തപ്പ്’. ഫ്രം ദാറ്റ് മൊമെന്റ് ഐ ഹാഡ് ഒണ്‍ലി വണ്‍ ഓപ്ഷന്.
രാജു ആശാന്റെ ഡ്രൈവിങ് സ്കൂള്‍ സ്റ്റാഫില്‍ നിന്ന് ഓരോ അപേക്ഷകന്റെ കയ്യില്‍ നിന്നും കൈക്കൂലി ആയി കൊടുക്കാന്‍ വാങ്ങിക്കുന്ന വിഹിതം എത്രയെന്ന് ഞാന്‍ കൃത്യം മനസിലാക്കി. എന്റെ 18-ആം വയസ്സിലെ ചെറിയ ഒരു ഇന്റലിജന്‍സ് ഓപ്പറേഷന്. ഡ്രൈവിങ് ടെസ്റ്റിന് തിയതി കുറിച്ച് കിട്ടി – മെയ് മാസത്തിലെ ഒരു തിയതി. അതിന് മുന്‍പായി എന്റെ അപ്പന് കൊടുത്ത അഡ്വാന്‍സ് കഴിഞ്ഞുള്ള ഒരു തുക രാജു ആശാന്റെ ഓഫീസില്‍ കെട്ടണം. ഞാന്‍ ധൈര്യം സമാഹരിച്ച് അവിടെ ചെന്നു. കൈക്കൂലി തുക കുറച്ചിട്ടുള്ള തുക അവിടെ കൊടിത്തിട്ട് സൗമ്യമായ ഭാഷയില്‍ പറഞ്ഞു – ‘ഞാന്‍ കൈക്കൂലി തരില്ല. നിങ്ങളുടെ ഫീസ് ഇതിലുണ്ട് ‘. കൈക്കൂലി തുക കൂടി തന്നില്ല എങ്കില്‍ ഡ്രൈവിങ് ടെസ്റ്റില്‍ എനിക്ക് പങ്കെടുക്കാന്‍ കഴിയില്ല എന്നായി അവര്‍. ഞാന്‍ തര്‍ക്കിക്കാന്‍ നിന്നില്ല. നിലപാട് വ്യകത്മാക്കി.
നിലപാട് ആവര്‍ത്തിച്ച് അവിടെ നിന്ന് ഇറങ്ങി. ആദ്യമായിട്ടാണ് ആ തലത്തില്‍ ഒരു കോണ്‍ഫ്ലിക്റ്റ് ഞാന്‍ അഭിമുഖീകരിക്കാന്‍ തുടങ്ങുന്നത്. അതിന്റെ ഭയം എനിക്ക് ഉണ്ടായിരിന്നു. പക്ഷെ ആദ്യ പടി എടുത്തപ്പോള്‍ ഒരു കോണ്‍ഫിഡന്‍സ് വന്നു. എനിക്കെന്റെ മൂല്യങ്ങള്‍ അത്രയ്ക്കും വിലപ്പെട്ടതായിരുന്നു. ഭയം മറികടക്കാന്‍ ഓരോ ഘട്ടത്തിലും അതുകൊണ്ട് സാധിക്കുമായിരുന്നു. അങ്ങനെ 8 എടുക്കാനുള്ള ടെസ്റ്റിന്റെ തിയതിയായി. ഞാന്‍ തോന്ന്യകാവ് അംബലത്തിന് അടുത്തുള്ള ഗ്രൗണ്ടില്‍ ചെന്നു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ നാഷണല്‍ ഹൈവേ 17 -ന് വേണ്ടി ഏറ്റെടുത്ത് വെറുതെ കിടക്കുന്ന സ്ഥലമായിരുന്നു അത്. 8 എടുക്കാന്‍ ധാരാളം പേര് വന്നിട്ടുണ്ടായിരുന്നു. യൂണിഫോമില്‍ ആര്. ടി. ഓ. ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. എന്നാല്‍ മൊത്തം രാജു ആശാന്റെ നിയന്ത്രണത്തില്‍ നടക്കുന്നത് പ്രകടമായിരുന്നു. പട്ടിക അനുസരിച്ച് എല്ലാവരും വരിവരിയായി നിന്നു. എനിക്കൊരു ചെറിയ ചങ്കിടിപ്പ് ഉണ്ടായിരിന്നു എന്റെ കാര്യം എന്താകും എന്ന്. അങ്ങനെ തന്നെ സംഭവിച്ചു.
ഓരോരുത്തരുടെ കഴിഞ്ഞ് ഞാന്‍ വരിയില്‍ മുന്നേറി ആര്. ട്ടി. ഓ. ഉദ്യോഗസ്ഥര്‍ ഇരിക്കുന്നതിന്റെ മുന്പില് എത്തി. എന്റെ മുന്പില് വരിയില്‍ മൂന്നോ നാലോ ആളുകള്‍. രാജു ആശാന് കേറി അങ്ങ് ഇടപെട്ടു. ഇവന് അഹങ്കാരം ആണ് ബാക്കി ആര്‍ക്കുമില്ലാത്ത പ്രശനം ആണ് ഇവന് എന്നൊക്കെ പറഞ്ഞു എല്ലാവരുടെയും മുന്പില് ഒരു സീന്‍ ആക്കി എന്നെ പിടിച്ച് വരിയില്‍ നിന്ന് പുറത്താക്കി ഡ്രൈവിങ് ടെസ്റ്റ് എടുക്കാന്‍ അനുവദിക്കാതെ അവിടെ നിന്ന് പറഞ്ഞ് അയച്ചു. രാജു ആശാന്റെ ഈ ഷോ നടക്കുമ്പോള്‍ ഇതൊക്കെ കണ്ട് എന്നെ നോക്കി ഒരു പുച്ഛിക്കുന്ന ചിരിയോടെ യൂണിഫോം ധരിച്ച ആര്. ട്ടി. ഓ. ഉദ്യോഗസ്ഥര്‍ ഇരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. എനിക്ക് ചുറ്റും ഉണ്ടായിരുന്ന ഡ്രൈവിങ് ടെസ്റ്റിന് വന്ന ആളുകള്‍ പലരും ചെറിയ പരിഭ്രാന്തിയോടെ ഇതെല്ലം കാണുന്നുണ്ടായിരുന്നു. അങ്ങനെ മൊത്തത്തില്‍ എന്നെ പരസ്യമായി നന്നായിട്ട് അപമാനിച്ചു വിട്ടു.
തെറ്റാണ് എന്ന് പൂര്‍ണ ബോധ്യമുണ്ടായിരുന്ന കാര്യം അവരുടെ ആവശ്യപ്രകാരം ചെയ്യാന്‍ ഞാന്‍ തയ്യാറാകാതെ ഇരുന്നതിനു ഇവിടത്തെ വ്യവസ്ഥ എനിക്ക് നല്കിയ മറുപടി. ഇതേ സാഹചര്യത്തില്‍ ഞാന്‍ പതിനെട്ട് – പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം കേരള ഹൈക്കോടതിയില്‍ നേരിട്ടു. എനിക്ക് തെറ്റാണ് എന്ന് പൂര്‍ണ ബോധ്യമുള്ള കാര്യം ഞാന്‍ ചെയ്യണം എന്നായിരുന്നു അവരുടെ ആവശ്യം – അതായത് ഞാന്‍ പൂര്‍ണ ബോധ്യത്തോടെ പറഞ്ഞ സത്യം, സത്യം അല്ല എന്ന് പറഞ്ഞ് ഞാന്‍ മാപ്പ് പറയണം എന്ന്. അതും ഞാന്‍ പൊതുവിഷയത്തില്‍ ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് മാറ്റി പറയണം എന്ന്. കേരള ഹൈക്കോടതിയില്‍ ഞാന്‍ വീണ്ടും രാജു ആശാനെ കണ്ടു. ‘ബി എ ഗുഡ് ബോയ്’ എന്ന് രാജു ആശാന് പണ്ട് പറഞ്ഞതായി എന്നിക്ക് ഒരു ഓര്‍മ്മ സംശയം.
ഓക്കെ, ഫ്ലാഷ്ബാക്കിലേക്ക് തിരിച്ച് പോകാം – അങ്ങനെ 8 എടുക്കാന്‍ പറ്റാതെ ഞാന്‍ വീട്ടില്‍ തിരിച്ചെത്തി. അടുത്ത നടപടികള്‍ക്കായുള്ള ആലോചന തുടങ്ങി. നമുക്ക് അന്ന് ആകെ അറിയാവുന്നത്, കളക്ടര്‍, കളക്ടറേറ്റ് എന്തോ സംഭവം ആണെന്നൊക്കെയാണ്. കാക്കനാട് എന്റെ അമ്മായുടെ വീട് സിവില്‍ സ്റ്റേഷന് അടുത്തായത് കൊണ്ട് അവിടം വരെ പോയി പരിചയവും ഉണ്ട്. അപ്പൊ പിന്നെ ഒരു ദിവസം ബസ്സ് കയറി കാക്കനാട് കളക്ടറേറ്റില്‍ എത്തി. അവിടെ റിസപ്ഷനില്‍ ചെന്നപ്പോള്‍ അവര്‍ കാര്യം തിരക്കിയപ്പോള്‍ അത് ഇവിടെയെല്ലാ പറയേണ്ടത് എന്ന് സൂചിപ്പിച്ചു. പക്ഷെ എന്നെ ഈ വിഷയത്തില്‍ സഹായിക്കാന്‍ കളക്ടറേറ്റിലെ ഒരു ഉദ്യോഗസ്ഥന്റെ അടുത്തേക്ക് വിട്ടു. അദ്ദേഹം എന്നെ അഴിമതിക്കെതിരെ പ്രതികരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും അക്കാലത്ത് എറണാകുളം എസ്.ആര്.എം. റോഡിലുള്ള വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യുറോ ഓഫീസില്‍ ചെന്ന് പരാതി കൊടുക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞ് മനസിലാക്കി.
അതനുസരിച്ച് ഞാന്‍ തൊട്ടടുത്ത ദിവസം വെള്ള പേപ്പറില്‍ പരാതി എഴുതി തയ്യാറാക്കി വിജിലന്‍സ് ഓഫീസില്‍ ചെന്നു. എന്റെ പരാതി കേട്ട് വളരെ കൗതുകത്തോടെയാണ് വിജിലസ് ഉദ്യോഗസ്ഥര്‍ വിഷയം തിരിക്കിയതും സംസാരിച്ചതും. കുറച്ച് കാശ് കൈക്കൂലി കൊടുത്തിട്ടാണെങ്കിലും തടസ്സം ഇല്ലാതെ ലൈസന്‍സ് എടുത്തു പോകുന്നതിന് പകരം ഇങ്ങനെ ഒരു പ്രശ്നവുമായി ഒരാള്‍ വരുന്നത് അവരെ സംബന്ധിച്ച് പുതുമയുള്ള കാര്യമായിരുന്നു. അന്ന് മലയാളം എഴുതാന്‍ അറിയാത്ത ഞാന്‍ ഇംഗ്ലീഷില്‍ ആണ് പരാതി എഴുതിയത്. 12-ആം ക്ലാസ് കഴിഞ്ഞ് കോളേജില്‍ ചേരാന്‍ നില്ക്കുന്ന ഒരു ചെറുപ്പം പയ്യന് ഇങ്ങനെ പരാതിയുമായി വന്നതില്‍ അവര്‍ക്ക് കൗതുകം ഉണ്ടായിരുന്നു.
വളരെ സ്നേഹത്തോടെ അവര്‍ എന്നോട് പെരുമാറി. ആ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ അടുത്തേക്ക് കൊണ്ടുപോയി. ‘കുറുപ്പ്’ എന്ന പേര് ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹം പരാതി വായിച്ച് ഒരു പുഞ്ചിരിയോടെ അവര്‍ ഈ പ്രശ്നം ശരിയാക്കാം എന്ന് പറഞ്ഞു. അതോടൊപ്പം എന്റെ മോട്ടിവേഷന്‍ അറിയാനുള്ള സംഭാഷണത്തിലേക്ക് കടന്നു. അന്ന് അദ്ദേഹം പറഞ്ഞ ഒരു കാര്യം എന്നിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അഴിമതി ഒരിക്കലും പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിക്കില്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു. അതൊരു പ്രായോഗിക യാഥാര്‍ഥ്യം ആയിരിക്കാം, എന്നിരുന്നാലും ആ സമീപനം പ്രതികരണം അര്ത്ഥശൂന്യമാക്കുന്നതായിരുന്നതിനാല് എന്നിക്ക് അത് ഇഷ്ടപെട്ടില്ല. അങ്ങനെ പറഞ്ഞെങ്കിലും അദ്ദേഹം എന്റെ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്തു.
കളക്ടറേറ്റിലും വിജിലന്‍സ് ഓഫീസിലേക്കും ഉള്ള എന്റെ യാത്രകളും നടപടികളും ഫലം കണ്ടു. എനിക്ക് ലഭിച്ച അടുത്ത ഡ്രൈവിങ് ടെസ്റ്റ് തിയതിയില്‍ തോന്ന്യകാവ് അമ്പലത്തിന് അടുത്തുള്ള ഗ്രൗണ്ടില്‍ എറണാകുളം ആര്.ട്ടി.ഓ ഓഫീസില്‍ നിന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വന്നു. രാജു ആശാന് നിശബ്ദനായി അവിടെ മാറി നിന്നു. ഞാന്‍ ഡ്രൈവിങ് ടെസ്റ്റ് എന്റെ സ്വന്തം ഹീറോ ഹോണ്ട അംബീഷനില്‍ എടുത്ത് വാശി തീര്‍ത്തു. എച്ച്. എടുക്കാനും വീട്ടിലെ കാര്‍ ഉപയോഗിച്ചു. ടെസ്റ്റ് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ആഗസ്റ്റ് മാസം 2004 -ഇല് എനിക്ക് വലിയൊരു മഞ്ഞ പേപ്പറില്‍ ഡ്രൈവിങ് ലൈസെന്‍സ് ലഭിച്ചു. ഞാന്‍ വിജയിച്ചു. എന്റെ മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ചു. പതിനെട്ട് വയസ്സ് തികഞ്ഞ് വോട്ടവകാശം ഉള്ള പൗരനായപ്പോള്‍ അഴിമതിയുടെ ഭാഗമായില്ല. ഇപ്പോള്‍ 20 വര്‍ഷം കഴിഞ്ഞ് ലൈസെന്‍സ് പുതുക്കാന്‍ സമയം ആയി എന്ന് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഈ കാര്യങ്ങള്‍ എഴുതാന്‍ തോന്നിയത്.
ഓഗസ്റ്റ് 2004 -ഇല് വിഷയം അവസാനിച്ചില്ല. ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം എറണാകുളം വിജിലന്‍സ് ഓഫീസിലേക്ക് പറവൂര്‍ പുത്തന്‍വേലിക്കര പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന് ട്രാന്‍സ്ഫര്‍ ആയി വന്നു. അദ്ദേഹത്തിന്റെ പേര് ടോമി എന്നാണ് ഓര്‍ക്കുന്നത്. അദ്ദേഹം എന്റെ പരാതിയിന്മേല് മൊഴി രേഖപ്പെടുത്തി നപടികള്‍ ആരംഭിച്ചു. നോര്‍ത്ത് പറവൂര്‍ സബ്. ആര്. ട്ടി. ഓ. ഓഫീസ് റെയ്ഡ് ചെയ്തു. റെയ്ഡ് വിവരം ചോര്‍ന്നത് കൊണ്ട് ആര്. ട്ടി. ഓ. ഉദ്യോഗസ്ഥര്‍ ഫയലുകള്‍ മുക്കി. സ്ഥിരമായി രേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയിരുന്നത് ഞാന്‍ എന്റെ പരാതിയില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അവര്‍ അന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും പണി അത്യാവശ്യം കിട്ടി.
പിന്നീട് അഞ്ച് – ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2009 -2011 കാലഘട്ടത്തില്‍ വീണ്ടും എന്റെ മൊഴി ഇതുമായി ബന്ധപ്പെട്ട കേസില്‍ പറവൂര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് രേഖപ്പെടുത്തി. പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല. 2005-2006 വര്‍ഷങ്ങളില്‍ തന്നെ എന്റെ അനുഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എന്റെ ഒരു സുഹൃത്ത് ഡ്രൈവിങ് സ്കൂളിനെ ഒഴിവാക്കി കാക്കനാട് എറണാകുളം ആര്. ട്ടി. ഓ. ഓഫീസില്‍ നേരിട്ട് അപേക്ഷ നല്കി ടെസ്റ്റ് എടുത്ത് ലൈസന്‍സ് കരസ്ഥമാക്കി. എന്റെ സുഹൃത്തിന് കൈക്കൂലിയും കൊടുക്കേണ്ടി വന്നില്ല ഡ്രൈവിങ് സ്കൂള്‍ അഴിമതി ഇടനിലക്കാരെ ഒഴിവാക്കാനും സാധിച്ചു. അന്ന് അവരെ ഒഴിവാക്കി നേരിട്ട് ലൈസന്‍സ് എടുക്കുന്നത് കാരണം ഡ്രൈവിങ് സ്കൂള്‍ ആളുകള്‍ പ്രശനം ഉണ്ടാക്കാന്‍ സാധ്യത ഉള്ളത് കൊണ്ട് ഞാനും ഡ്രൈവിങ് ടെസ്റ്റ് സമയത്ത് കാക്കനാട് സജ്ജമായി എത്തിയിരുന്നു. ഒരു പടി അപ്പോള്‍ തന്നെ മുന്നേറിയിരിന്നു.
ഇപ്പോള്‍ എനിക്ക് 38 വയസ്സ്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ലൈസെന്‍സ് പുതുക്കാന്‍ അടുത്ത മാസങ്ങളില്‍ വീണ്ടും ആര്. ട്ടി. ഓ. ഓഫീസില്‍ ചെല്ലും. പൂര്‍ണ സംതൃപ്തിയോടെ. 18 വയസില്‍ തുടങ്ങിയത് അതേ പടി ഇപ്പോഴും തുടരുന്നു. അഴിമതിക്കെതിരെയുള്ള എന്റെ പോരാട്ടം എന്നെ 4 മാസം ജയിലില്‍ അടച്ചിട്ടും തകര്‍ക്കാന്‍ ഇവിടത്തെ വ്യവസ്ഥയ്ക്കും രാജു ആശാന്മാര്ക്കും സാധിച്ചിട്ടില്ല. എന്റെ മൂല്യങ്ങള്‍ ഇന്നും എന്നോടൊപ്പം ജീവിക്കുന്നു. 20 വര്‍ഷം മുന്‍പ് തോന്നിയ ആ ഭയം എപ്പോഴോ ഒക്കെ പൂര്‍ണമായി പോയി. ഈ മഴക്കാലവും ഞാന്‍ ആസ്വദിക്കും.
നിപുണ്‍ ചെറിയാന്