ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ (ബിഎച്ച്യു) നേതൃത്വത്തിലുള്ള കോവാക്സിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് നിരസിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പഠനത്തെ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ലെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
വാക്സിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസിലാന്‍ഡ് ആസ്ഥാനമായുള്ള ഡ്രഗ് സേഫ്റ്റി ജേണലിന്റെ എഡിറ്റര്‍ക്കും ഐസിഎംഐആര്‍ കത്തുമയച്ചു. ഐസിഎംആറിന് ഈ പഠനവുമായി ഒരു ബന്ധവുമില്ല. ഗവേഷണത്തിന് സാമ്പത്തികമോ സാങ്കേതികമോ ആയ പിന്തുണ നല്‍കിയിട്ടില്ലെന്നും ഐസിഎംആര്‍ കത്തില്‍ വ്യക്തമാക്കി.
കൂടാതെ, ഐസിഎംആറിന്റെ മുന്‍കൂര്‍ അനുമതിയോ അറിയിപ്പോ ഇല്ലാതെ ഇത്തരത്തിലൊരു ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് അനുചിതവും അസ്വീകാര്യവുമാണെന്നും ഐസിഎംആര്‍ ഡയറക്റ്റര്‍ ജനറല്‍ ഡോ. രാജീവ് ബഹല്‍ വ്യക്തമാക്കി. മുന്‍പും ചില പഠന റിപ്പോര്‍ട്ടുകള്‍ക്ക് ഐസിഎംആര്‍ അംഗീകാരമുണ്ടെന്ന് തെറ്റായി പ്രചരിപ്പിച്ചിട്ടുണ്ടെന്നും ബഹല്‍ കത്തില്‍ പറഞ്ഞു. നേരത്തേ, കോവാക്സിന്‍ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ വിശദീകരണവുമായി നിര്‍മാതാക്കളായ ഭാരത് ബയോടെക് രംഗത്തെത്തിയിരുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാല നടത്തിയ പഠനത്തില്‍ പിഴവുണ്ടെന്ന് ഭാരത് ബയോടെക്കും വ്യക്തമാക്കിയിരുന്നു.