ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി അടക്കം പ്രമുഖര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച് ഇറാന്‍. ഇറാനിയന്‍ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഗേരി ഉന്നത പ്രതിനിധി സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു.
ബ്രിഗേഡിയര്‍ അലി അബ്ദുല്ലാഹിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സംഭവസ്ഥലത്തേക്ക് അയക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ ഇറാനെ സഹായിക്കാന്‍ മോസ്‌കോ തയ്യാറാണെന്ന് റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി സെര്‍ജി ഷോയിഗു പറഞ്ഞു.
ഇറാനും ഇസ്രായേലും തമ്മില്‍ സംഘര്‍ഷാവസ്ഥയുള്ള രാഷ്ട്രീയ പശ്ചാത്തലവും ഇസ്രായേലും അസര്‍ബൈജാനും തമ്മിലുള്ള ബന്ധവും ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ ഹെലികോപ്ടര്‍ അപകടം അസ്വാഭാവികമാണെന്ന ചര്‍ച്ച ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
ഇസ്രായേലിന്റെ ചാരസംഘടന മൊസാദിന് പങ്കുണ്ടെന്ന് സംശയിക്കാന്‍ കാരണങ്ങളുണ്ടെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് മുന്‍ അംഗം നിക്ക് ഗ്രിഫിന്‍ എക്സില്‍ കുറിച്ചു. എന്നാല്‍, അപകടത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇസ്രായേല്‍ അനൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രസിഡന്റ് അടക്കം സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ നിയന്ത്രണ സംവിധാനം തകരാറിലായിരുന്നു എന്നതാണ് ലഭ്യമായ വിവരങ്ങള്‍ നല്‍കുന്ന സൂചന. അതുകൊണ്ടാകാം അപായ സന്ദേശം പോലും കൈമാറാന്‍ പൈലറ്റിന് സാധിക്കാതിരുന്നതെന്ന് കരുതുന്നു.