Sunday, November 24, 2024

350 ബന്ദികളെ ബോക്കോ ഹറാം തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്

ബൊക്കോ ഹറാം തീവ്രവാദികളില്‍ നിന്നും 350 ബന്ദികളെ നൈജീരിയന്‍ സൈന്യം മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. 209 കുട്ടികളെയും 135 സ്ത്രീകളെയും ആറ് പുരുഷന്മാരെയും ചൊവ്വാഴ്ചയാണ് സൈന്യം മോചിപ്പിച്ചത്. മോചിക്കപ്പെട്ടവരില്‍ പലരും വര്‍ഷങ്ങളായി ഭീകരരുടെ തടവിലായിരുന്നു.

ബോക്കോ ഹറാമിന്റെ മധ്യഭാഗത്തുള്ള സാംബിസ വനത്തില്‍ നിന്നാണ് സൈന്യം ബന്ദികളെ മോചിപ്പിച്ചത്. ‘എനിക്ക് രക്ഷപ്പെടാന്‍ എപ്പോഴും ആഗ്രഹമുണ്ടായിരുന്നു, പക്ഷേ കുട്ടികള്‍ കാരണം കഴിഞ്ഞില്ല. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ നിങ്ങളെ പിടികൂടിയാല്‍, അവര്‍ നിങ്ങളെ പീഡിപ്പിക്കുകയും അനിശ്ചിതകാലത്തേക്ക് തടവിലിടുകയും ചെയ്യും’ – മോചിപ്പിക്കപ്പെട്ടവരില്‍ ഒരാളായ ഹജറ ഉമറ വെളിപ്പെടുത്തി.

ആയിരക്കണക്കിന് ആളുകളെ തട്ടിക്കൊണ്ടുപോകലിനും മരണത്തിനും കാരണമായത് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പാണ് ബൊക്കോ ഹറാം. നൈജീരിയയിലെ യു.എന്‍ ഏജന്‍സികളുടെ കണക്കനുസരിച്ച്, തീവ്രവാദ അക്രമം 35,000 ആളുകളുടെ മരണത്തിനും 2.1 ദശലക്ഷം ആളുകളുടെ കുടിയിറക്കത്തിനും കാരണമായി. 2014-ല്‍ ബോര്‍ണോ സംസ്ഥാനത്തെ ഭൂരിപക്ഷ ക്രിസ്ത്യന്‍ ഗ്രാമമായ ചിബോക്കില്‍ നിന്ന് 276 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയതിനുശേഷം, നൈജീരിയന്‍ സ്‌കൂളുകളില്‍ നിന്ന് 1,4000 വിദ്യാര്‍ത്ഥികളെയെങ്കിലും ബോക്കോ ഹറാം കൊണ്ടുപോയിട്ടുണ്ട്.

നൈജീരിയന്‍ സര്‍ക്കാരിനെ അട്ടിമറിച്ച് ശരീഅത്ത് രാജ്യത്തുടനീളം സ്ഥാപിക്കാനാണ് ബോക്കോ ഹറാം ശ്രമിക്കുന്നത്. നൈജീരിയയില്‍ താമസിക്കുന്ന 108.3 ദശലക്ഷം ക്രിസ്ത്യാനികളെ പൂര്‍ണ്ണമായും ഇല്ലാതാക്കി ഇസ്ലാമിക് രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് ഈ ഭീകര സംഘടനയ്ക്ക് ഉള്ളത്.

 

Latest News