കെമിക്കല്‍ വച്ചു പഴുപ്പിച്ച മാമ്പഴം കഴിച്ചാല്‍ കാന്‍സര്‍ വരുമോ? പലരേയും അലട്ടുന്ന ചോദ്യമാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി തെറ്റായ ഉത്തരങ്ങളുണ്ട്. എന്നാല്‍, കൃത്യമായ ഉത്തരവുമായി പ്രശസ്ത കാന്‍സര്‍ സര്ജന് ഡോക്ടര്‍ ജോജോ ജോസഫ് എഴുതുന്നു. തുടര്‍ന്നു വായിക്കുക..
പ്ലസ് ടുവിനു പഠിക്കുന്ന ഒരു കുട്ടിയാണ് നിരഞ്ജന. കഴിഞ്ഞ വര്‍ഷം കഴുത്തിലുണ്ടായ ഒരു മുഴ, പരിശോധന നടത്തിയപ്പോള്‍ അത് തൈറോയിഡ് കാന്‍സറില്‍നിന്നും വന്നതാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. അങ്ങനെയാണ് നിരഞ്ജന എന്റെയടുത്തു വരുന്നത്.
തൈറോയിഡ് ഗ്രന്ഥിയും ഇടതുവശത്തെ കഴലകളും നീക്കംചെയ്ത് റേഡിയോ അയഡിന്‍ തെറാപ്പിയും കഴിഞ്ഞ് ഇപ്പോള്‍ ആ കുട്ടി സാധാരണജീവിതത്തിലേക്കു തിരിച്ചെത്തി. പഠനം തുടരുകയാണ്. തൈറോയിഡ് കാന്‍സര്‍ ചെറുപ്രായത്തിലും വരാവുന്ന ഒന്നാണ്. അതുപോലെതന്നെ ശരിയായ ചികിത്സ നല്കിയാല് പൂര്‍ണ്ണമായി മാറുന്ന ഒരു കാന്‍സറുമാണ്. ഇനി സംഭവത്തിലേക്കു വരാം.
രണ്ടാം വര്‍ഷത്തെ ഫോളോ അപ്പിനു വന്നപ്പോള്‍ നിരഞ്ജന ഒരു സംശയം ഉന്നയിച്ചു.
”എനിക്ക് മാമ്പഴം കഴിച്ചാല്‍ എന്തെങ്കിലും പ്രശ്നമുണ്ടോ?”
‘ഇല്ല, ഒരു പ്രശ്നവുമില്ല’ എന്നുപറഞ്ഞപ്പോള്‍ നിരഞ്ജന പറഞ്ഞു:
”പക്ഷേ ഡോക്ടര്‍, അച്ഛന് സമ്മതിക്കുന്നില്ല.”
അപ്പോള്‍ അച്ഛന് ഇടപെട്ടു. ”സാറെ, വീട്ടില്‍ ഇഷ്ടംപോലെ നാടന്‍ മാമ്പഴമുണ്ട്. അത് അവള്‍ക്കു വേണ്ട. അവള്‍ക്കുവേണ്ടത് കെമിക്കലിട്ടു പഴുപ്പിച്ച, കടയില്‍നിന്നും കിട്ടുന്ന മാമ്പഴമാണ്.”
അതിന് നിരഞ്ജനയുടെ മറുപടി ഇങ്ങനെയായിരുന്നു: ”നാടന്‍ മാമ്പഴത്തിന് ഭയങ്കര പുളിയാണ്. കടയില്‍ നല്ല കളര്‍ഫുള്‍ ആയിട്ടുള്ള, മധുരമുള്ള, നാരില്ലാത്ത മാമ്പഴം കിട്ടും. കാണുമ്പോള്‍ത്തന്നെ വായില്‍ വെള്ളംവരും.’
കടയില്‍നിന്നും വാങ്ങുന്ന, കെമിക്കലിട്ടു പഴുപ്പിച്ച മാമ്പഴമാണ് പ്രശ്നക്കാരന്‍.
നിരഞ്ജനയുടെ അച്ഛനോട് കടയില്‍നിന്നും വാങ്ങുന്ന മാമ്പഴം എങ്ങനെ സേഫ് ആയി കഴിക്കാമെന്നു പറഞ്ഞുകൊടുത്തത് നിങ്ങളുമായി പങ്കുവയ്ക്കുകയാണ് ഈ ലേഖനത്തിലൂടെ.
നിരഞ്ജനയുടെ അച്ഛന്റെ വാക്കുകളില്‍ നിന്നുതന്നെ തുടങ്ങാം. ‘കെമിക്കല്‍ വച്ചു പഴുപ്പിച്ച മാമ്പഴം’ – ഇതായിരുന്നു അദ്ദേഹം ഉപയോഗിച്ച പദം.. ഇവിടെ ‘കെമിക്കല്‍’ എന്ന വാക്കിനോടുള്ള ഭയമാണ് പ്രധാനപ്രശ്നം. നേരത്തെ പല ലേഖനങ്ങളിലും ഞാന്‍ പറഞ്ഞിട്ടുണ്ട്, കെമിക്കല്‍ എന്നാല്‍ ഭയപ്പെടേണ്ട ഒരു വസ്തുവല്ല എന്ന്. കാരണം, നമ്മുടെ ശരീരം നിര്മ്മിക്കപ്പെട്ടിരിക്കുന്നതുതന്നെ കെമിക്കലുകള്‍ ഉപയോഗിച്ചാണ്.
ഇനി മുന്നോട്ടുപറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അല്പം പ്ലാന്റ് ബയോളജിയും ജൈവരസതന്ത്രവുംകൂടി പറയേണ്ടതായിട്ടുണ്ട്. അതായത്, ഒരു ഫലം അത് മാങ്ങയോ, വാഴക്കായോ എന്തുമാകട്ടെ, ഇവയൊക്കെ പഴുക്കുമ്പോള്‍ എന്താണ് സംഭവിക്കുക. ഈ കായകള്‍ പഴുക്കുന്നതിനെ ‘റൈപെനിംഗ്’ (Ripening) എന്നാണ് ഇംഗ്ലീഷില്‍ പറയുക.
‘റൈപെനിംഗ്’ എന്നുപറയുന്നത്, ഈ പച്ചക്കായയ്ക്കുള്ളില് നടക്കുന്ന ഒരുകൂട്ടം കെമിക്കല്‍ റിയാക്ഷനുകളുടെ ആകെത്തുകയാണ്. അതുവഴി കായയ്ക്ക് അതിന്റെ നിറം, വര്‍ണ്ണം, രുചി, ഗന്ധം തുടങ്ങിയ ഫിസിക്കല്‍ പ്രോപ്പര്‍ട്ടിയില്‍ (Physical Property)വന്ന വ്യത്യാസത്തെ ആണ് നാം പഴം എന്ന് വിളിക്കുന്നത്. അതായത് ഉദാഹരണത്തിന് കട്ടിയായിരുന്ന കായ പഴുക്കുമ്പോള്‍ സോഫ്റ്റായി മാറുന്ന അവസ്ഥ എന്തൊക്കെ കെമിക്കല്‍ റിയാക്ഷനുകളാണ് ഇവിടെ സംഭവിക്കുക എന്ന് പരിശോധിക്കാം.
പച്ചക്കായകള്‍ കട്ടിയായി ഇരിക്കുന്നത് അതില്‍ ധാരാളം പെക്റ്റിന്‍ എന്ന കെമിക്കല്‍ ഉള്ളതുകൊണ്ടാണ്. വിവിധ കെമിക്കല്‍ റിയാക്ഷനുകള്വഴി ഈ പെക്റ്റിന്‍ അലിയുന്ന (Soluble Pectin ) അവസ്ഥയില്‍ എത്തുന്നു. അതിന്റെ ഫലമായി പഴം സോഫ്റ്റ് ആയി മാറുന്നു. സ്റ്റാര്‍ച്ച് പോലെയുള്ള വിവിധ പോളിസാക്രറൈഡ് (Poly Saccharide) കെമിക്കല്‍ റിയാക്ഷന്വഴി മധുരമുള്ള സൂക്രോസ് (Sucrose), ഫ്രക്റ്റോസ് (Fructose), ഗ്ളൂക്കോസ് (Glucose) തുടങ്ങിയ കെമിക്കലുകളായി മാറുന്നു.
പച്ചക്കായകളിലുള്ള വിവിധ ആസിഡുകള്‍ക്ക് മാറ്റം വരുന്നതോടെ (Degrade) കായുടെ പുളിപ്പ് മാറുന്നു. പച്ചക്കായയിലുള്ള പച്ച നിറമുള്ള ക്ലോറോഫില്‍ എന്ന കെമിക്കല്‍, റിയാക്ഷന് വഴി ബ്രേക്ക് ഡൗണ്‍ ചെയ്യപ്പെടുകയും പകരം അവിടെ മഞ്ഞക്കളറുള്ള കരോട്ടിനോയ്ഡ് (Carotenoids), ചുവന്ന കളറുള്ള ആന്തോസയാനിനുകള്‍ (Anthocyanins) എന്നീ കെമിക്കലുകള്‍ ഉണ്ടാകുകയും ചെയ്യുന്നു.അവയുടെ ഏറ്റക്കുറച്ചില്‍ അനുസരിച് വിവിധ കളര്‍ ഉള്ള പഴങ്ങള്‍ നമുക്ക് ലഭിക്കുന്നു
ഇതെല്ലാം തുടങ്ങുന്നതിന്, അതായത് ഈ രസപ്രക്രിയയുടെ ചങ്ങല തുടങ്ങുന്നതിന് ആ കായയ്ക്കുള്ളിലെ എത്തിലിന്‍ എന്ന രാസവസ്തുവാണ് സഹായിക്കുന്നത്. പഴം പഴുക്കണമെങ്കില്‍ ആ കായയ്ക്കുള്ളില്‍ എത്തിലിന്‍ ഉണ്ടാകണമെന്നു സാരം. ഇങ്ങനെ ഉണ്ടാകുന്ന രാസവസ്തുക്കളെ നാം ‘പ്ലാന്റ് ഹോര്‍മോണ്‍’ അഥവാ ‘ഫൈറ്റോ ഹോര്‍മോണ്‍’ എന്നാണ് വിളിക്കുന്നത്.
ഈ സാധാരണ പ്രക്രിയ വഴി പഴങ്ങള്‍ പഴുപ്പിക്കുമ്പോളുള്ള പ്രശ്നം, ഒരേസമയം കുറേ പഴങ്ങള്‍ ഒരുമിച്ചു കിട്ടാന്‍ ബുദ്ധിമുട്ടാണ് എന്നതുതന്നെയാണ്.
ഉദാഹരണത്തിന്, ഒരു പഴക്കുലയെടുത്താല്ത്തന്നെ ഏതെങ്കിലും ഭാഗത്ത് ഒരു കായ പഴുക്കും. പിന്നെ അതിനടുത്തുള്ളവ പഴുക്കും. ഇതിനുപിന്നിലെ ശാസ്ത്രം എന്നുപറയുന്നത്, പഴുത്ത കായയില്‍നിന്നും വരുന്ന എത്തിലിന്‍ തൊട്ടടുത്ത കായിലെ പഴുക്കാനുള്ള പ്രവണതയെ ത്വരിതപ്പെടുത്തുന്നത് (Ripening Stimulate) കൊണ്ടാണ്.
നിങ്ങളുടെ ചെറുപ്പകാലത്ത് വീട്ടില്‍ പഴക്കുല പഴുപ്പിക്കാന്‍ പുകയടിപ്പിച്ച് ചാക്കില്‍ കെട്ടിവയ്ക്കുന്നത് ഓര്‍മ്മയുണ്ടാകുമല്ലോ. ഇതിനുപിന്നിലെ ശാസ്ത്രം എന്താണെന്നു ചോദിച്ചാല്‍, ഈ ചൂട്ട് കത്തുമ്പോള്‍ കുറച്ച് എത്തിലിന്‍ അല്ലെങ്കില്‍ അസറ്റിലിന്‍ ഉണ്ടാകും. അത് പുറത്തുപോകാതിരിക്കാനാണ് ചാക്കില്‍ കെട്ടിവയ്ക്കുന്നത്. അതുപോലെതന്നെയാണ് പഴുത്തമാങ്ങ പച്ചമാങ്ങയ്ക്ക് ഇടയില്‍വച്ച് അറയില്‍ സൂക്ഷിക്കുന്നതൊക്കെ.
ഇനി നമുക്ക് ഈ കെമിക്കല്‍ വച്ച് പഴുപ്പിക്കുന്നത് (Artificial Ripening) എങ്ങനെയെന്നു നോക്കാം. ഏതെങ്കിലും രീതിയില്‍ എത്തിലിന്‍ എന്ന രാസവസ്തു അഥവാ ഗ്യാസ്, കായ്കളുമായി സമ്പര്‍ഗ്ഗം ഉണ്ടാക്കുക എന്നതാണ് ഈ കൃത്രിമമായി പഴുപ്പിക്കുമ്പോള്‍ സംഭവിക്കുന്നത്. ഇത് നിയമപരമായും ആരോഗ്യപരമായും അനുവദനീയമായ ഒരു കാര്യമാണ്. കൊമേഴ്സ്യലായി ധാരാളം പഴവര്‍ഗങ്ങള്‍ ഒരുമിച്ച് ഉണ്ടാക്കാന്‍ ഇത് ആവശ്യമാണുതാനും. അല്ലെങ്കില്‍ കര്‍ഷകര്‍ ഉണ്ടാകുന്ന ഭൂരിഭാഗം പഴങ്ങളും നശിച്ചുപോകും.
എഫ്.എസ്.എസ്.എ. ഐ (FSSA- Food Safety and Standards Authority of India) ഈ എത്തിലിന്‍ ഗ്യാസ് ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏതാണ്ട് 100 ppm എന്ന അളവില്‍ ഒരു ചേമ്പറില്‍ വച്ച് ഇത് ഉപയോഗിക്കണമെന്നാണു പറയുന്നത്. ഇതിന്റെ വിശദവിവരങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
ഇതുപോലെ തന്നെ Artificial Ripeningമായി ബന്ധപ്പെട്ടുകേള്‍ക്കുന്ന ഒരു പേരാണ് എത്തിഫോണ്‍. ഇതില്‍നിന്നും വരുന്ന എത്തിലീന്‍ ആണ് പഴം പഴുക്കാന്‍ സഹായിക്കുന്നത്. ഇത് അപകടകരമായ രാസവസ്തുവാണ്. കാന്‍സര്‍ ഉണ്ടാകും എന്നൊക്കെ പറയുന്ന ധാരാളം വീഡിയോ സോഷ്യല്‍ മീഡിയയിലുണ്ട്. 1973-ല്‍ ഇത് കണ്ടുപിടിച്ച സമയം ഇത് യു.എസിലൊക്കെ ഒരു കീടനാശിനി (Pesticide) ആയിട്ടാണ് രജിസ്റ്റര്‍ ചെയ്തതെങ്കിലും ഇത് ഉപയോഗിക്കുന്നത് ഒരു ‘പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റര്‍’ (Plant Growth Regulator) ആയിട്ടാണ്.
അതായത്, കായകള്‍ പഴുപ്പിക്കുന്നതിനും ഇലകളും കായ്കളും പൊഴിച്ചുകളയുന്നതിനുമാണ്. ഇത് ഒരു കാര്‍സിനോജന്‍ അല്ല. എന്നാല്‍ ത്വക്കിനും കണ്ണിനും ഇത് അസ്വസ്ഥതയുളവാക്കാം. കൂടാതെ, അകത്തേക്കു പോയാല്‍ ഗ്യാസിന്റെ പ്രശ്നവും ഉണ്ടാക്കും. അതിനാല്‍ പഴങ്ങളുമായി ഒരിക്കലും നേരിട്ട് സമ്പര്‍ഗ്ഗം ഉണ്ടാകാത്ത രീതിയില്‍ മാത്രമേ ഇത് ഉപയോഗിക്കാന്‍ പാടുള്ളൂ. ഇത് എടടഅക പ്രത്യേകം നിര്‍ദേശമായി പറയുന്നുമുണ്ട്. അതിനാല്‍ പഴങ്ങളുമായി നേരിട്ട് സമ്പര്‍ഗ്ഗം ഉണ്ടാകാതെ സഞ്ചിയില്‍ (Sachet) ആണ് ഇത് ഉപയോഗിക്കുന്നത്.
ഇനി എന്താണ് കെമിക്കല്‍ വച്ച് പഴുപ്പിക്കുന്നതിന്റെ (Artificial Ripening) പ്രശ്നം എന്നുകൂടി നോക്കാം. എത്തിലിന്‍ ആണ് പഴം പഴുക്കാന്‍ ഉപയോഗിക്കുന്നത് എന്ന് നാം മനസ്സിലാക്കിയല്ലോ. എത്തിലിനോട് വളരെ സാമ്യമുള്ള മറ്റൊരു ഗ്യാസ് ആണ് അസറ്റലീന്‍ (Acetelene). ഈ സാമ്യം കാരണം അസറ്റലീന്‍ പഴം പഴുപ്പിക്കാനുള്ള കഴിവുണ്ട്. ചില വ്യാപാരികള്‍ എളുപ്പത്തിന് പഴം പഴുപ്പിക്കാന്‍ അസറ്റലീന്‍ പ്രയോജനപ്പെടുത്താറുണ്ട്. അവര്‍ ഇത് ഉണ്ടാക്കുന്നത് കാത്സ്യം കാര്‍ബൈഡ് എന്ന കെമിക്കല്‍ വെള്ളവുമായി കലര്‍ത്തിയാണ്. വ്യാപാരികള്‍ ഇതിനെ ‘മസാല’ എന്ന ഓമനപ്പേരിലാണു വിളിക്കുന്നത്.
എന്താണ് ഇവിടുത്തെ ആരോഗ്യപ്രശ്നം. രണ്ടു പ്രശ്നങ്ങളാണ് പ്രധാനപ്പെട്ടവ. ഏറ്റവും പ്രധാനം ഈ കാത്സ്യം കാര്ബൈഡിലുള്ള Arsenic, Phosphorus എന്നീ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കെമിക്കലുകളുടെ സാന്നിധ്യമാണ്.
അടുത്ത പ്രശ്നം ഈ കാത്സ്യം കാര്‍ബൈഡ് തൊലിയിലും കണ്ണിലുമൊക്കെ വീണാല്‍ അത് പ്രശ്നങ്ങളുണ്ടാക്കും എന്നതാണ്. നമ്മുടെ ഉള്ളില്‍ പോയാല്‍ വയറിനുള്ളില്‍ അസ്വസ്ഥത ഉണ്ടാകും അതുപോലെ തന്നെയാണ് ഈ അസറ്റലീന്‍ ഗ്യാസും സ്പര്‍ശന വേളയില്‍തന്നെ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണത്. അതുപോലെ പെട്ടെന്ന് തീപിടിക്കാനും സ്ഫാടനമുണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ ഇത് ഒട്ടും സുരക്ഷിതമല്ല.
കാത്സ്യം കാര്‍ബൈഡ്, അസറ്റലീന്‍ ഗ്യാസ് എന്നിവ ഉപയോഗിച്ചുള്ള ആര്‍ട്ടിഫിഷ്യല്‍ റൈപെനിംഗ് (Artificial Ripening) നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാല്‍ ശിക്ഷാര്‍ഹവുമാണ്.
മനസിലാക്കേണ്ട പ്രധാന കാര്യങ്ങള്‍
പ്രധാനമായും മൂന്നു കാര്യങ്ങളാണ്. ഏറ്റവും ആദ്യത്തേത്, കെമിക്കല്‍ വച്ചു പഴുപ്പിക്കുക (Artificial Ripening) എന്നത് പേടിക്കാനുള്ള ഒരു കാര്യമല്ല. രണ്ടാമതായി, കെമിക്കല്‍ വച്ചു പഴുപ്പിച്ച (Artificial Ripening) പഴങ്ങള്‍ കഴിച്ചതുകൊണ്ട് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല. മൂന്നാമത്തെ കാര്യം, പഴങ്ങള്‍ വെള്ളത്തില്‍ കഴുകിയശേഷമോ തൊലി ചെത്തിയോ മാത്രം ഉപയോഗിക്കുക.
രണ്ടുതരം പഴങ്ങള്‍
ടോപിക് തീരുന്നതിനു മുന്‍പ് ഒരു കാര്യകൂടി പറഞ്ഞാലേ ഇത് പൂര്‍ണ്ണമാകൂ. പഴങ്ങളെ നമുക്ക് രണ്ടായി തരംതിരിക്കാം. ആദ്യവിഭാഗമാണ് ക്ലൈമാക്റ്ററിക് ഫ്രൂട്സ് (Climacteric Fruits). അതായത്, ഫലം വിളവെടുത്തശേഷം പഴുക്കുന്നവ. വാഴപ്പഴം, പേരക്ക, മാമ്പഴം, ആപ്പിള്‍, പിയര്‍, തക്കാളി മുതലായവ ഇവയെ മാത്രമേ ആര്‍ട്ടിഫിഷ്യല്‍ ആയി പഴുപ്പിക്കാന്‍ സാധിക്കു.രണ്ടാമത്തെ വിഭാഗമാണ് നോണ്ക്ലൈമാക്റ്ററിക് ഫ്രൂട്സ് (ചon Climacteric Fruits). അതായത്, വിളവെടുത്തുകഴിഞ്ഞാല്പ്പിന്നെ പഴുക്കാത്തവ. ഉദാ. നാരങ്ങ, ഓറഞ്ച്, മുന്തിരി, ചെറി, പൈനാപ്പിള്‍ മുതലായവ.
ഇത് ഇവിടെ പറയാന്‍ കാരണം, പലപ്പോഴും ആള്ക്കാര് ഈ നോണ്ക്ലൈമാക്റ്ററിക് ഫ്രൂട്സിന്റെ ടേസ്റ്റ് നന്നാവാത്തത് കൃത്രിമമായി പഴുപ്പിച്ചതുകൊണ്ടാണ് എന്നാണ് പറയാറ്. എന്നാല്‍, യാഥാര്‍ഥ്യം, അത് പഴുക്കുന്നതിനുമുന്പ് വിളവെടുത്തു എന്നതാണ്. അല്ലാതെ, കെമിക്കല്‍ വച്ചു പഴുപ്പിച്ചിട്ടല്ല.