ഇസ്രായേല്‍ ഹമാസ് യുദ്ധം വീണ്ടും ശക്തമാവുകയാണ്. പാലസ്തീനിലെ ജനങ്ങളെ മുന്നില്‍ നിര്‍ത്തി അവരെ ബലിയാടാക്കി കൊണ്ടാണ് ഇസ്രായേലിനെതിരെ ഹമാസ് ഭീകരര്‍ യുദ്ധം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഹമാസ് ഭീകരര്‍ക്കെതിരെ ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രത്യാക്രമണങ്ങളില്‍ പലസ്തീനിലെ ജനങ്ങളും മരണപ്പെടുന്നുണ്ട്.
ഹമാസ് എന്ന ഭീകര സംഘടനയാണ് പലസ്തീനിലെ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നതെന്ന സത്യം മറച്ചു വെച്ച് ഒരു കൂട്ടര് ഇസ്രായേലിനെതിരെ രംഗത്ത് വരുന്നുണ്ട്. സിനിമാ താരങ്ങള്‍ അടക്കമുള്ളവര്‍ പാലസ്തീന് പിന്തുണയുമായി പോസ്റ്റുകള്‍ പങ്കുവെക്കുന്നു. ‘എല്ലാ കണ്ണും റാഫയില്‍’ എന്ന തലവാചകത്തോടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ക്യാമ്പയിനിലാണ് താരങ്ങള്‍ പങ്കുചേരുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഇക്കൂട്ടര്‍ ഇസ്രായേലില്‍ ഹമാസ് ഭീകരര്‍ നടത്തിയ നരഹത്യക്കെതിരെ പ്രതികരിക്കാത്തത് എന്ന ചോദ്യവും മറുഭാഗത്ത് ശക്തമായി ഉയരുന്നുണ്ട്. ഹമാസ് ഭീകരരുടെ പ്രവര്‍ത്തികള്‍ കണ്ടില്ലെന്ന് നടിച്ച് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 7 ലെ സംഭവം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മറുപക്ഷം മറുപടി നല്‍കുന്നത്.
‘ഒക്ടോബര്‍ 7 -ന് എവിടെയായിരുന്നു നിങ്ങളുടെ കണ്ണുകള്‍’ എന്ന തലവാചകത്തോടെയാണ് ഇസ്രായേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ക്യാമ്പയ്ന് നടക്കുന്നത്. ഒരു ശിശുവിന്റെ മുന്നില്‍ ഹമാസ് ഭീകരന് തോക്കുമായി നില്ക്കുന്ന ചിത്രം ഇസ്രായേലി സര്‍ക്കാരാണ് പുറത്തുവിട്ടത്. ഇത് പിന്നീട് വൈറലായി. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രായേലില്‍ നടത്തിയ കൂട്ടക്കൊലയും നരനായാട്ടുമാണ് യുദ്ധത്തിന് തുടക്കം കുറിക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങളെ ഒരു ദയയും ഇല്ലാതെ ഹമാസ് കൊന്നു. നിരവധി ഇസ്രായേലി വനിതകളെ ഭീകരര്‍ ക്രൂരമായി പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു. നൂറുകണക്കിന് ആളുകളെ ബന്ദികളാക്കുകയും ചെയ്തിരുന്നു. എല്ലാത്തിനും തുടക്കം കുറിച്ച ഹമാസ് ഭീകരരുടെ നരനായാട്ടിനെതിരെ സിനിമാതാരങ്ങളും ബുദ്ധിജീവികളും എന്തുകൊണ്ടാണ് ശബ്ദിക്കാതിരുന്നതെന്ന് ഇവര്‍ ചോദ്യമുയര്‍ത്തുന്നു.