KSRTC ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നും അമിതവേഗം പാടില്ലെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. മത്സരയോട്ടം പാടില്ലെന്നും മുന്നറിയിപ്പുണ്ട്. ജോലിയില്‍ കൃത്യനിഷ്ഠ പാലിക്കണം. രണ്ടുബസുകള്‍ സമാന്തരമായി നിര്‍ത്തരുത്. ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചാല്‍ കര്‍ശന നടപടിയെന്നും മന്ത്രി അറിയിച്ചു.
അതേസമയം തൃശൂര്‍ പേരാമംഗലത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ യുവതി പ്രസവിച്ച സാഹചര്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്ത ജീവനക്കാരെ മന്ത്രി നേരിട്ടു വിളിച്ച് അഭിനന്ദിച്ചു. ഇന്നലെ തൃശൂരില്‍ നിന്ന് തൊട്ടില്‍പ്പാലത്തേക്ക് പോയ ടേക്ക് ഓവര്‍ സര്‍വ്വീസില്‍ തിരുനാവായയിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്തുവച്ച് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. അവസരോചിതമായ തീരുമാനം കൈകൊണ്ട് അടിയന്തരമായി യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി.
ഏറ്റവും അഭിനന്ദനാര്‍ഹവും മാതൃകാപരവുമായി സേവനമനുഷ്ഠിച്ച രണ്ട് ജീവനക്കാര്‍ക്കും ഗതാഗത വകുപ്പ് മന്ത്രിയുടെയും ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെയും അഭിനന്ദന പത്രവും കെഎസ്ആര്‍ടിസിയുടെ സത്സേവനാ രേഖയും നല്‍കുമെന്നും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.