ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ പുതിയ നിര്‍ദേശങ്ങളുമായി ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഐആര്‍ഡിഎഐ). കാഷ്ലെസ് ഇന്‍ഷ്വറന്‍സ് അപേക്ഷ ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നു കമ്പനികള്‍ക്ക് അഥോറിറ്റി നിര്‍ദേശം നല്‍കി.
ഫൈനല്‍ സെറ്റില്‍മെന്റ് ഡിസ്ചാര്‍ജിനു ശേഷം ആശുപത്രിയില്‍നിന്നുള്ള അപേക്ഷ കിട്ടിയാല്‍ മൂന്നു മണിക്കൂറിനകം തീര്‍പ്പാക്കണം. പോളിസി ഉടമ മരിച്ചാല്‍ ക്ലെയിം സെറ്റില്‍മെന്റ് ഉടന്‍ നടപ്പാക്കണം. ആശുപത്രികള്‍ മൃതദേഹം വിട്ടുനല്‍കാന്‍ കാലതാമസം വരുത്തരുത്. ഇന്‍ഷ്വറന്‍സ് തുക തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഇതിനു തടസമാകരുത്. സെറ്റില്‍മെന്റില്‍ കാലതാമസമുണ്ടായാല്‍ അതിന് ആശുപത്രി ചുമത്തുന്ന തുക ഇന്‍ഷ്വറന്‍സ് കമ്പനി നല്‍കേണ്ടിവരും.
നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ ഉപയോക്താവിന് 30 ദിവസത്തിനുള്ളില്‍ ഇന്‍ഷ്വറന്‍സ് ഓംബുഡ്‌സ്മാനെ സമീപിക്കാം. ഓംബുഡ്‌സ്മാന്റെ തീരുമാനം ഇന്‍ഷ്വറന്‍സ് കമ്പനി അനുസരിക്കാതിരുന്നാല്‍, നഷ്ടപരിഹാരത്തിനു പുറമേ ഓരോ ദിവസത്തിനും 5000 രൂപ വീതം പരാതിക്കാരനു നല്‍കേണ്ടിവരും. എപ്പോള്‍ വേണമെങ്കിലും ഉടമയ്ക്ക് പോളിസി അവസാനിപ്പിക്കാം. ബാക്കിയുള്ള പോളിസി കാലത്തേക്കുള്ള തുക ആനുപാതികമായി തിരിച്ചുകിട്ടാന്‍ ഉടമയ്ക്ക് അവകാശമുണ്ടെന്നും അഥോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു.