Saturday, November 23, 2024

ഹമാസ് തടവിലാക്കിയ നാല് ബന്ദികളെ പ്രത്യേക സൈനിക നടപടിയിലൂടെ മോചിപ്പിച്ച് ഇസ്രായേല്‍

ഹമാസിന്റെ തടവിലായിരുന്ന നാല് ഇസ്രായേല്‍ പൗരന്മാരെ പ്രത്യേക സൈനിക നടപടിയിലൂടെ സെന്‍ട്രല്‍ ഗാസയില്‍ നിന്ന് ഇസ്രായേല്‍ പ്രതിരോധ സേന മോചിപ്പിച്ചു. നോവ അര്‍ഗമണി (25), അല്‍മോഗ് മെയര്‍ ജാന്‍ (21), ആന്‍ഡ്രി കോസ്ലോവ് (27), ഷ്‌ലോമി സിവ് (40) എന്നിവരെയാണ് മോചിപ്പിച്ചത്.

ഐഡിഎഫും ഐഎസ്എയും ഇസ്രായേല്‍ പോലീസും ചേര്‍ന്നുള്ള സംയുക്ത സംഘമാണ് നസറേത്തിന്റെ ഹൃദയഭാഗത്തുള്ള 2 വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് പ്രത്യേക ഓപ്പറേഷനില്‍ ഇവരെ രക്ഷപ്പെടുത്തിയത്.

2023 ഒക്ടോബര്‍ 7 ന് ദക്ഷിണ ഇസ്രായേലിലെ സൂപ്പര്‍നോവ സംഗീതോത്സവത്തില്‍ നിന്ന് ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയതായിരുന്നു ഇവരെ. എട്ട് മാസത്തിനിടെ ആദ്യമായാണ് ഹമാസ് തടവിലാക്കിയ ബന്ദികളെ സൈനിക നടപടിയിലൂടെ മോചിപ്പിക്കാന്‍ ഇസ്രയേലിന് സാധിക്കുന്നത്.

ബന്ദികളാക്കിയ നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി ‘ഷീബ’ ടെല്‍-ഹാഷോമര്‍ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണെന്നും സൈന്യം അറിയിച്ചു.

 

 

Latest News