Sunday, November 24, 2024

ഇവിഎം ഹാക്ക് ചെയ്യാന്‍ കഴിയില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇവിഎം പ്രവര്‍ത്തിപ്പിക്കാന്‍ ഒടിപി ആവശ്യമില്ലെന്നും ഒരിക്കലും ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്‌സഭാ സീറ്റില്‍ വോട്ടെണ്ണല്‍ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രവീന്ദ്ര വയ്ക്കറുടെ ബന്ധു ഇവിഎം അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്ന ഫോണ്‍ ഉപയോഗിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. മണ്ഡലത്തിലെ ശിവസേന ഏക്നാഥ് ഷിന്‍ഡെ പക്ഷം സ്ഥാനാര്‍ഥി 48 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

വയ്ക്കറിന്റെ ബന്ധുവായ മങ്കേഷ് പണ്ടില്‍ക്കര്‍ ഇവിഎം അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഫോണ്‍ ഉപയോഗിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഇന്ത്യയിലെ വോട്ടെണ്ണല്‍ യന്ത്രങ്ങള്‍ ആരെയും പരിശോധിക്കാന്‍ അനുവദിക്കാത്ത ബ്ലാക്ക് ബോക്‌സുകളാണെന്ന് അദ്ദേഹം ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗത്തിനെതിരെ ടെസ്ല സ്ഥാപകനും സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോണ്‍ മസ്‌കും രംഗത്തെത്തിയിരുന്നു.

 

Latest News