Saturday, November 23, 2024

ഹമാസ് ആക്രമണത്തിനു ശേഷം ഇസ്രയേലില്‍ തോക്ക് ലൈസന്‍സിന് അപേക്ഷിച്ച് 42000 സ്ത്രീകള്‍

ഒക്ടോബര്‍ 7ലെ ഹമാസിന്റെ അഭൂതപൂര്‍വമായ ആക്രമണത്തിന് ശേഷം ഇസ്രായേലില്‍ തോക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണം കുതിച്ചുയരുന്നു. സുരക്ഷാ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ആക്രമണത്തിന് ശേഷം തോക്ക് പെര്‍മിറ്റിനായി 42,000 സ്ത്രീകള്‍ അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്.

ഇതില്‍ 18,000 അപേക്ഷകള്‍ സര്‍ക്കാര്‍ ഇതിനകം അംഗീകരിച്ചു. യുദ്ധത്തിന് മുമ്പത്തേക്കാള്‍ മൂന്നിരട്ടിയിലധികം വര്‍ധനയാണ് തോക്ക് ലൈസന്‍സിനായി അപേക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.

ഇസ്രായേലിലെ തീവ്ര വലതുപക്ഷക്കാരനായ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ തോക്ക് നിയമങ്ങള്‍ ലഘൂകരിച്ചതിനാലാണ് ലൈസന്‍സ് അപേക്ഷകളില്‍ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇസ്രായേലിലും അധിനിവേശ വെസ്റ്റ് ബാങ്കിലും 15,000-ത്തിലധികം സ്ത്രീകള്‍ക്ക് ഇപ്പോള്‍ തോക്ക് ഉണ്ട്.

തോക്ക് വാങ്ങുന്നതിലെ കുതിച്ചുചാട്ടത്തിന് കാരണമായത് ഹമാസ് ആക്രമണമാണെങ്കിലും, 2022 അവസാനത്തോടെ സുരക്ഷാ മന്ത്രിയായപ്പോള്‍ തന്നെ തോക്കുകളുടെ നിയമനിര്‍മ്മാണം പരിഷ്‌കരിക്കുമെന്ന് ബെന്‍ ഗ്വിര്‍ പ്രതിജ്ഞയെടുക്കുകയായിരുന്നു.

 

Latest News