ലോകത്തില്‍ ഭൂരിഭാഗം ആളുകളെയും ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയായിരിക്കും അവരുടെ അമ്മ. കുടുംബത്തിലെ ഓരോ കാര്യവും, അവിടെയുള്ള അംഗങ്ങളുമായുള്ള അടുപ്പവും ആത്മബന്ധവും ഏറ്റവും നല്ല രീതിയില്‍ കാത്തുസൂക്ഷിക്കാന്‍ വേണ്ടുന്നതെല്ലാം ചെയ്യുന്നവരാണ് ഓരോ അമ്മയും. കുടുംബനാഥയായി, അധ്യാപികയായി, സുഹൃത്തായി, കുടുംബത്തില്‍ സ്‌നേഹം വിളമ്പുന്ന അടുക്കളക്കാരിയായി ഒക്കെ മാറാനുള്ള കഴിവ് ഓരോ അമ്മയ്ക്കുമുണ്ട്. ഇങ്ങനെ പലവിധത്തിലുള്ള കര്‍ത്തവ്യങ്ങള്‍ ഒരേസമയം നിറവേറ്റുന്ന ഒരു അമ്മയാകുക എന്നത് ദൈവം തരുന്ന വലിയ അനുഗ്രഹമാണ്. എന്നാല്‍ നമ്മുടെ ‘അമ്മമാര്‍’ സന്തോഷവതികളാണോ? പലപ്പോഴും വിവിധ ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ അവര്‍ വീര്‍പ്പുമുട്ടുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ നമുക്ക് നമ്മോടുതന്നെ ചോദിക്കാം. നമുക്കായി സ്വന്തം സന്തോഷങ്ങള്‍ മാറ്റിവയ്ക്കുന്ന അമ്മമാരെ സന്തോഷിപ്പിക്കുന്നതിനുള്ള ഏതാനും മാര്‍ഗങ്ങള്‍ ഇതാ.
1. അമ്മമാര്‍ക്കായി സമയം കണ്ടെത്തുക
വീട്ടിലെ ജോലിയും കൊച്ചുമക്കളെ വളര്‍ത്തലുമൊക്കെയായി തിരക്കുപിടിച്ചോടുന്നവരാണ് നമ്മുടെ അമ്മമാര്‍. ഈ തിരക്കിനിടയില്‍ അമ്മമാര്‍ക്ക് അവരുടെ സന്തോഷങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ സാധിക്കാറില്ല. ഇങ്ങനെയുള്ള അവസരങ്ങളില്‍ ചില കാര്യങ്ങള്‍ അമ്മമാര്‍ക്കുവേണ്ടി മക്കള്‍ക്ക് ചെയ്യാനാകും.
മാസത്തില്‍ ഒരിക്കലെങ്കിലും അമ്മയെക്കൂട്ടി പുറത്തുപോകാം. അവരുടെ ചെറിയചെറിയ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാം ഇങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ അമ്മമാരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ മക്കള്‍ക്കു കഴിയും. മറ്റുള്ള ആവശ്യങ്ങള്‍ക്ക് സമയം കണ്ടെത്തുന്നതുപോലെ അമ്മമാരുടെ ആവശ്യങ്ങള്‍ക്കായും സമയം മാറ്റിവയ്ക്കേണ്ട ആവശ്യകതയെക്കുറിച്ച് മക്കള്‍ക്ക് ബോധ്യമുണ്ടാകണം.
2. ദൈനംദിന കര്‍ത്തവ്യങ്ങളില്‍ സഹായിക്കുക
തിരക്കുള്ള ജീവിതത്തിനിടയില്‍ അമ്മമാരും ക്ഷീണിതരാകും. അതുകൊണ്ടുതന്നെ അവരുടെ ദൈനംദിനജോലികളില്‍ അല്പം രസം പകരുക പ്രധാനമാണ്. അമ്മമാര്‍ക്കും തങ്ങളുടെ സര്‍ഗാത്മകത പുലര്‍ത്താനും കുട്ടികളുമായി വിനോദങ്ങളില്‍ ഏര്‍പ്പെടാനും അവകാശമുണ്ട്. അതുപോലെ അവരുടെ ദൈനംദിന കര്‍ത്തവ്യങ്ങളില്‍ ഒരു കൈത്താങ്ങാകാന്‍ മക്കള്‍ക്കും സാധിക്കണം.
3. പിന്തുണ
അമ്മമാരില്ലെങ്കില്‍ തീര്‍ച്ചയായും ജീവിതം ഇരുളടഞ്ഞതാകും. അതിനാല്‍ നമ്മുടെ അമ്മമാരെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. അതിനുള്ള ഒരു പ്രധാന മാര്‍ഗം, വീട്ടുജോലികളില്‍ അമ്മമാരെ സഹായിക്കുക എന്നതാണ്. വീട്ടുജോലികളില്‍ അമ്മമാരെ കൂടുതല്‍ സഹായിക്കാന്‍ മക്കള്‍ ശ്രമിക്കണം. ഇത് തീര്‍ച്ചയായും അമ്മമാരുടെ അധ്വാനഭാരം കുറയ്ക്കും. അങ്ങനെ, അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
4. അംഗീകാരം
കുടുംബത്തിന്റെ നട്ടെല്ല് കൂടിയാണ് ഓരോ അമ്മമാരും. ഒരു കുടുംബത്തിലെ എല്ലാവരുടെയും വികാരങ്ങളെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നതും അമ്മമാരാണ്. അവര്‍ക്കു കൊടുക്കാന്‍പറ്റിയ വലിയൊരു അംഗീകാരമാണ്, അമ്മമാര്‍ പാകംചെയ്ത ഭക്ഷണത്തെ പ്രശംസിക്കുക എന്നത്. അത്തരം അംഗീകാരങ്ങള്‍ പതിവായി കൊടുക്കണം. അംഗീകാരത്തിന്റെ ഏതാനും വാക്കുകള്‍ അമ്മയുടെ ഹൃദയത്തെ സന്തോഷംകൊണ്ടു നിറയ്ക്കും.
റ്റിന്റു തോമസ്