Sunday, November 24, 2024

മഴക്കാലത്തെ വൈദ്യുതി അപകടങ്ങളില്‍ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി.

മഴക്കാലത്ത് വൈദ്യുതി അപകടങ്ങള്‍ കൂടുന്നത് പതിവ് സംഭവമാണ്. ഇത്തരം സംഭവങ്ങളില്‍ തികഞ്ഞ ജാഗ്രത അനിവാര്യമാണെന്ന് കെ.എസ്ഇ.ബി. ഇത് സംബന്ധിച്ച് കെഎസ്ഇബി പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ….

കാലവര്‍ഷത്തോടനുബന്ധിച്ച് വൈദ്യുതി അപകടങ്ങളില്‍പ്പെടാതിരിക്കാന്‍ തികഞ്ഞ ജാഗ്രത അനിവാര്യമാണ്. ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാനും അതുപോലെതന്നെ സര്‍വ്വീസ് വയര്‍, സ്റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം.

ലോഹഷീറ്റിന് മുകളില്‍ സര്‍വ്വീസ് വയര്‍ കിടക്കുക, സര്‍വ്വീസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുക എന്നിവയില്‍ നിന്ന് വൈദ്യുതാഘാതം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍ അറിയിക്കുക. വൈദ്യുതി ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാനും ലൈനില്‍ തട്ടാന്‍ സാധ്യതയുള്ള വൃക്ഷത്തലപ്പുകള്‍ വെട്ടിമാറ്റാനും കെ.എസ്.ഇ.ബി. പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. ഇതുമായി പൊതുജനങ്ങള്‍ സഹകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ലൈനിനോടനുബന്ധിച്ച് നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്നതിനായി ലൈന്‍ ഓഫ് ചെയ്യുന്നതിന് കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിനെ സമീപിക്കാവുന്നതാണ്. മഴസമയത്ത് ലൈനിന്റെ സമീപത്തോ ലൈനില്‍ തൊട്ടുകിടക്കുന്നതോ ആയ മരങ്ങളില്‍ സ്പര്‍ശിക്കരുത്.

ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ ആവശ്യങ്ങളോ ഉണ്ടെങ്കില്‍ തൊട്ടടുത്തുള്ള കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍ അറിയിക്കുക. അല്ലെങ്കില്‍ 1912-ല്‍ വിളിക്കുക. 9496001912 എന്ന നമ്പരില്‍ വാട്‌സ്ആപ് ചെയ്യുന്നതിനും സാധിക്കും.

 

Latest News