ട്രഷറി നിയന്ത്രണത്തില്‍ ഇളവു വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കായി ഏര്‍പ്പെടുത്തിയ ഹെലികോപ്റ്ററിന് 3 മാസത്തെ വാടകയായി 2.4 കോടി അനുവദിച്ച് ഉത്തരവായി. ഈ മാസം 22നാണ് ഉത്തരവിറങ്ങിയത്.
ചിപ്സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡില്‍നിന്നാണു ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. 80 ലക്ഷം രൂപയാണ് ഒരു മാസത്തെ വാടക. ഹെലികോപ്റ്ററിന്റെ വാടക ആവശ്യപ്പെട്ട് മേയ് 6ന് സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു. പണം അടിയന്തിരമായി അനുവദിക്കാന്‍ മെയ് 15 ന് മുഖ്യമന്ത്രി, ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് അധിക ഫണ്ട് അനുവദിച്ചത്.
ക്ഷേമ പെന്ഷന്, ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ അടക്കം കുടിശിക ആയിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിനായി കോടികള്‍ ചെലവഴിക്കുന്നത്.
ഡല്‍ഹി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷനില്‍ നിന്ന് കേരളാ പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററാണ് മുഖ്യമന്ത്രിയുടെ യാത്രാ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷംരൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 90,000 രൂപയുമാണ് ഹെലികോപ്റ്റര്‍ വാടക. സാമ്പത്തിക പ്രയാസത്തിനിടെ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
മാവോവാദി നിരീക്ഷണം, ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങി പോലീസിന്റെ ആവശ്യങ്ങള്‍ക്കായാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതെന്നാണ് അന്ന് അധികൃതര്‍ നല്കിയ വിശദീകരണം.