ഗാസ സംഘര്‍ഷത്തിനിടയില്‍, ജറുസലേമിലെ ക്രിസ്ത്യന്‍ പള്ളികളുടെ സ്വത്തുക്കള്‍ക്ക് മുനിസിപ്പല്‍ നികുതി ചുമത്താനുള്ള നാല് മുനിസിപ്പാലിറ്റികളുടെ ശ്രമങ്ങളെ അപലപിച്ച് ജറുസലേമിലെ ക്രിസ്ത്യന്‍ നേതാക്കള്‍. കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല, ജറുസലേമിലെ ലത്തീന്‍ കത്തോലിക്ക പാത്രിയാര്‍ക്കീസ്, വിശുദ്ധഭൂമിയിലെ ഫ്രാന്‍സിസ്‌കന്‍ കസ്റ്റോസ് ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍ എന്നിവര്‍ ചേര്‍ന്ന് സംയുക്തപ്രസ്താവന പുറത്തിറക്കുകയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനീതിപൂര്‍വമായ ഇത്തരം പ്രവര്‍ത്തികളെ അപലപിക്കുകയും ചെയ്തു.
‘ഈ ശ്രമങ്ങള്‍ വിശുദ്ധഭൂമിയിലെ ക്രിസ്ത്യന്‍സാന്നിധ്യത്തിനെതിരായ ഒരു ഏകോപിത ആക്രമണത്തെ പ്രതിനിധീകരിക്കുന്നതായി ഞങ്ങള്‍ വിശ്വസിക്കുന്നു. ലോകം മുഴുവന്‍, പ്രത്യേകിച്ച് ക്രിസ്ത്യന്‍ലോകം ഇസ്രായേലിലെ സംഭവങ്ങള്‍ നിരന്തരം പിന്തുടരുന്ന ഈ സമയത്ത് വിശുദ്ധഭൂമിയില്‍നിന്ന് ക്രിസ്ത്യന്‍സാന്നിധ്യത്തെ പുറത്താക്കാനുള്ള അധികാരികളുടെ ശ്രമത്തെ ഞങ്ങള്‍ വീണ്ടും അഭിമുഖീകരിക്കുന്നു’ – പ്രസ്താവനയില്‍ ക്രൈസ്തവനേതൃത്വം ചൂണ്ടിക്കാട്ടി.
നൂറ്റാണ്ടുകളായി പള്ളിസ്വത്തുക്കള്‍ക്ക് സ്ഥാപിതനിയമങ്ങളനുസരിച്ച് മുനിസിപ്പല്‍ നികുതിയില്‍നിന്ന് ഇളവുകളുണ്ടെന്നും ഇവിടെനിന്നും ശേഖരിച്ച പണം സ്‌കൂളുകള്‍, ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, അവശതയുള്ള ആളുകള്‍ക്കായുള്ള സഹായങ്ങള്‍ എന്നിങ്ങനെയുള്ള സംസ്ഥാനത്തിന്റെ പ്രയോജനത്തിനായി നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ അവര്‍ സൂചിപ്പിച്ചു. മുനിസിപ്പല്‍ നടപടികള്‍ സഭയെ പ്രതിസന്ധിയിലാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണെന്നും സഭകളുടെ ചരിത്രപരമായ നിലപാടിനും സര്‍ക്കാരുമായുള്ള ബന്ധത്തിനും വിരുദ്ധമാണെന്നും നിലവിലുള്ള കരാറുകളും സഭകളുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന അന്താരാഷ്ട്ര പ്രതിബദ്ധതകളും ലംഘിക്കുന്നതാണെന്നും നേതാക്കള്‍ വ്യക്തമാക്കി.