Sunday, November 24, 2024

എല്ലാ വിമാനത്താവളങ്ങളിലും കര്‍ശന പരിശോധന; യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുഖ്യം: വ്യോമയാന മന്ത്രി

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്തുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു. ശക്തമായ കാറ്റിലും മഴയിലും ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണ് ഒരാള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണു പ്രതികരണം. യാത്രക്കാരുടെ സുരക്ഷയും സൗകര്യവുമാണു തന്റെ മുഖ്യപരിഗണനയെന്നും ദേശീയ മാധ്യമത്തോട് അദ്ദേഹം പറഞ്ഞു.

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന ടെര്‍മിനല്‍ ഒന്നില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5ന് ഉണ്ടായ അപകടത്തില്‍ രോഹിണി സ്വദേശിയും ടാക്സി ഡ്രൈവറുമായ രമേഷ് കുമാറാണ് (45) മരിച്ചത്. 6 പേര്‍ക്കു പരുക്കേറ്റു അപകടത്തെതുടര്‍ന്ന് ഇവിടെനിന്നുള്ള വിമാനയാത്ര തടസ്സപ്പെട്ടിരുന്നു. ടെര്‍മിനല്‍ ഒന്നിനു മുന്നിലെ മേല്‍ക്കൂരയുടെ ഭാഗവും താങ്ങിനിര്‍ത്തിയിരുന്ന തൂണുമാണു കാറുകളുടെ മീതേ തകര്‍ന്നു വീണത്. ടാക്‌സി ഡ്രൈവറുടെ മരണത്തില്‍ അനുശോചിച്ച രാം മോഹന്‍ നായിഡു, മന്ത്രാലയം ഉടനെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്നും ആവശ്യമായ നടപടികള്‍ സ്വീകരിച്ചെന്നും പറഞ്ഞു.

”നിര്‍ഭാഗ്യകരമായ അപകടമാണുണ്ടായത്. യാത്രക്കാരുടെ സൗകര്യത്തിനും സുരക്ഷയ്ക്കുമാണു മുന്‍ഗണന. എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തണം. പ്രതിസന്ധി നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോത്സാഹനവും മാര്‍ഗനിര്‍ദേശവും നല്‍കി. യാത്ര മുടങ്ങിയവര്‍ക്ക് 7 ദിവസത്തിനുള്ളില്‍ പണം തിരികെ ലഭിക്കാന്‍ 24ത7 വാര്‍ റൂം സജ്ജീകരിച്ചു”- കേന്ദ്രമന്ത്രി പറഞ്ഞു.

 

Latest News