Saturday, November 23, 2024

ജിയോസേഫ് ആപ്പ് പുറത്തിറക്കി ജിയോ; ഒരു വര്‍ഷം സൗജന്യം

വാട്‌സ്ആപ്പ് മാതൃകയിലുള്ള പുതിയ ചാറ്റ് ആപ്ലിക്കേഷന്‍ ‘ജിയോസേഫ്’ എന്ന പേരില്‍ പുറത്തിറക്കി ജിയോ. വീഡിയോ കോളിംഗ് സാധ്യമാകുന്ന ഈ ആപ്പ് കൂടുതല്‍ സുരക്ഷിതവും സ്വകാര്യത ഉറപ്പാക്കുന്നതുമാണ് എന്നാണ് ജിയോയുടെ അവകാശവാദം. എന്നാല്‍ 5ജി നെറ്റ്വര്‍ക്കില്‍ മാത്രമേ ജിയോസേഫ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയൂ എന്നതാണ് ഇതിന്റെ ന്യൂനത.

വീഡിയോ കോളിംഗിന് പുറമെ ജിയോ സേഫ് യൂസര്‍മാര്‍ തമ്മില്‍ ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കാനും ഓഡിയോ കോള്‍ ചെയ്യാനും സാധിക്കും. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ജിയോസേഫ് ആപ്പ് ലഭ്യമായിട്ടുണ്ട്. ഒരു മാസത്തേക്ക് 199 രൂപയാണ് ജിയോസേഫിനുള്ള സബ്‌സ്‌ക്രിപ്ഷന്‍ ഫീ. എന്നാല്‍ ജിയോയുടെ പുത്തന്‍ ഉല്‍പന്നം എന്ന നിലയില്‍ ആദ്യത്തെ ഒരു വര്‍ഷം സൗജന്യമായി ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.

ഹാക്ക് ചെയ്യാന്‍ പറ്റാത്ത രീതിയില്‍ സുരക്ഷിതമായ ആപ്ലിക്കേഷനാണ് ഇതെന്നാണ് ജിയോയുടെ അവകാശവാദം. അഞ്ച് തലങ്ങളിലുള്ള സുരക്ഷയാണ് ജിയോസേഫ് പ്രധാന സുരക്ഷയായി മുന്നോട്ടുവെക്കുന്നത്. ഉപഭോക്താക്കളുടെ ഒരു വിവരങ്ങളും ചോരാത്ത സുരക്ഷയാണിത് എന്ന് ജിയോ അവകാശപ്പെടുന്നു. നിലവില്‍ വാട്‌സ്ആപ്പും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

5ജി നെറ്റ്വര്‍ക്കുമായി ബന്ധിപ്പിച്ച ജിയോ സിം ഉപയോഗിക്കുന്ന 5ജി സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ ജിയോസേഫ് ആപ്പ് പ്രവര്‍ത്തിക്കൂ. 4ജി നെറ്റ്വര്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കോ ജിയോ സിം ഇല്ലാത്തവര്‍ക്കോ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാവില്ല. ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമാണ് ജിയോസേഫ് ആപ്പ് നിലവില്‍ വന്നിരിക്കുന്നത്. ഇക്കാര്യങ്ങള്‍ തുടക്കത്തില്‍ ജിയോസേഫിന്റെ പ്രചാരം കുറയ്ക്കാന്‍ സാധ്യതയുണ്ട്.

 

Latest News