Sunday, November 24, 2024

ക്രമക്കേട് വ്യക്തമായാല്‍ മാത്രം പുനഃപരീക്ഷയ്ക്ക് ഉത്തരവിടും; സുപ്രീംകോടതി

വലിയ തോതില്‍ ക്രമക്കേട് നടന്നുവെന്ന് വ്യക്തമായാല്‍ മാത്രമേ മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി 2024 പരീക്ഷയില്‍ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാകൂവെന്ന് സുപ്രീംകോടതി. പരീക്ഷാ ക്രമക്കേടുകള്‍ സംബന്ധിച്ചും, പുനഃപരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചും എത്തിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

ക്രമക്കേട് നടന്നെന്നാരോപിച്ചുള്ള 40 ഹര്‍ജികളാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ചോര്‍ച്ച മുഴുവന്‍ പരീക്ഷയെയും റദ്ദാക്കുന്ന തരത്തില്‍ ബാധിച്ചെന്ന് വ്യക്തമാവണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ നരേന്ദ്ര ഹൂഡയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ച സംഘടിതമായി നടത്തിയതെന്ന് ബോധ്യപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ വിദ്യാര്‍ത്ഥികളെയും ബാധിച്ചുവെന്ന് വ്യക്തമായാല്‍ മാത്രമേ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാകൂ. പ്രാദേശികമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായതിന്റെ പേരില്‍ പുനഃപരീക്ഷ നടത്തണമെന്ന് ഉത്തരവിടാനാകില്ല. നീറ്റ് പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ത്ഥികളെയും ചോദ്യപേപ്പര്‍ ചോര്‍ച്ചയും തട്ടിപ്പും ബാധിച്ചുവെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ പുനഃപരീക്ഷ നടത്തണമെന്ന തീരുമാനത്തില്‍ എത്താന്‍ സാധിക്കൂവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

രാജ്യത്താകമാനമുള്ള സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ സീറ്റുകളെക്കുറിച്ചും നരേന്ദ്ര ഹൂഡയോട് ചന്ദ്രചൂഢ് ആരാഞ്ഞു. 1,08,000 വിദ്യാര്‍ത്ഥികളാണ് ഉള്ളതെന്നും പുനഃപരീക്ഷ നടത്തുകയാണെങ്കില്‍ നേരത്തെ പരീക്ഷയെഴുതിയ 23 ലക്ഷം പേരുണ്ടാകില്ല, മറിച്ച് 1.8 ലക്ഷം വിദ്യാര്‍ത്ഥികള്‍ മാത്രമായിരിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മറുപടിയായി അറിയിച്ചു.

 

Latest News