Sunday, November 24, 2024

ജനക്കൂട്ടം കോടതി വളഞ്ഞു; രാജി പ്രഖ്യാപിച്ച് ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

അക്രമാസക്തമായ ജനക്കൂട്ടം സുപ്രീം കോടതി വളഞ്ഞ് അന്ത്യശാസനം നല്‍കിയതോടെ രാജിവെക്കാന്‍ തീരുമാനിച്ച് ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് ഒബൈദുല്‍ ഹസ്സന്‍. ഒരു മണിക്കൂറിനുള്ളില്‍ രാജിവെക്കാനാണ് ജനക്കൂട്ടം അന്ത്യശാസനം നല്‍കിയത്. രാജിവെച്ചില്ലെങ്കില്‍ സുപ്രീം കോടതി ജഡ്ജിമാരുടെയും ചീഫ് ജസ്റ്റിസിന്റെയും വസതികള്‍ ആക്രമിക്കുമെന്ന് കലാപകാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

രാജ്യത്തുടനീളമുള്ള സുപ്രീം കോടതിയിലെയും കീഴ്്‌ക്കോടതികളിലെയും ജഡ്ജിമാരുടെ സുരക്ഷ കണക്കിലെടുത്താണ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതെന്ന് ചീഫ് ജസ്റ്റിസ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെ തന്റെ രാജിക്കത്ത് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് അയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.ചീഫ് ജസ്റ്റിസ് ഫുള്‍ കോര്‍ട്ട് യോഗം വിളിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ കോടതി വളഞ്ഞത്.

വിദ്യാര്‍ത്ഥികളും അഭിഭാഷകരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് ചെയ്യുകയും കോടതി പരിസരം കയ്യടക്കുകയും ചെയ്തു. ഇടക്കാല സര്‍ക്കാരിനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ ചീഫ് ജസ്റ്റിസ് ഗൂഢാലോചന നടത്തുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

ഇടക്കാല സര്‍ക്കാരിലെ കായിക മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ആസിഫ് മഹ്മൂദും ചീഫ് ജസ്റ്റിസ് ഒബൈദുല്‍ ഹസ്സന്‍ നിരുപാധികം രാജിവെക്കണമെന്നും ഫുള്‍കോര്‍ട്ട് മീറ്റിംഗ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

 

Latest News