ഗാസ മുനമ്പില്‍ നിന്ന് ബന്ദികളാക്കപ്പെട്ട ആറ് പേരുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രായേല്‍ സൈന്യം. ഒക്ടോബറില്‍ ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹങ്ങളാണ് ഗാസ മുനമ്പിലെ ഖാന് യുനിസ് മേഖലയില്‍ നിന്ന് കണ്ടെത്തിയതായി ഇസ്രായേല്‍ സൈന്യം തിങ്കളാഴ്ച അവകാശപ്പെട്ടത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. ഇവരുടെ പേരുകളും ഇസ്രായേല്‍ സൈന്യം പുറത്ത് വിട്ടിട്ടുണ്ട്.
ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിക്കൊപ്പമുള്ള രക്ഷാപ്രവര്‍ത്തനത്തിനിടയിലാണ് കണ്ടെത്തലെന്നാണ് അവകാശവാദം. വെടിനിര്‍ത്തല്‍ ധാരണയ്ക്കായി നയതന്ത്ര ചര്‍ച്ചകളുടെ അടുത്ത റൗണ്ട് അടുത്ത ആഴ്ച ദോഹയില്‍ നടക്കാനിരിക്കെയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശവാദം. യാഗേവ് ബച്ച്താബ്, അലക്സാണ്ടര്‍ ഡാന്സിഗ്, അവ്റാഹാം മുണ്ടര്, യോറാം മെറ്റ്സഗര്‍, നാദാവ് പോപ്പില്വെല്, ഹെം പെറി എന്നിവരുടെ മൃതദേഹങ്ങളാണ് നിലവില്‍ കണ്ടെത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കലിലൂടെ മാത്രമാകും ബന്ദികളുടെ മോചനം സാധ്യമാവുകയെന്ന് ധാരണാ ചര്‍ച്ചകളേക്കുറിച്ച് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച പ്രതികരിച്ചിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും ബന്ദികളെ വിട്ടയ്ക്കാനുമുള്ള ഏറ്റവും മികച്ചതും മിക്കവാറും അവസാനത്തേതുമായ അവസരമാണ് നിലവിലുള്ളതെന്നാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചത്. ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ഈ പ്രതികരണം.
തെക്കന്‍ ഇസ്രായേലില്‍ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിരുന്നു. ഒക്ടോബറിലെ ആക്രമണത്തില്‍ 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇതിന് പിന്നാലെ ഗാസയിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ 40000 ലേറെ പലസ്തീനികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മധ്യ ഗാസയിലെ നുസൈറത്തില്‍ വീട് ലക്ഷ്യമാക്കി നടന്ന ആക്രമണത്തില്‍ 5 പേര് കൊല്ലപ്പെട്ടിരുന്നു. കുട്ടികളടക്കമുള്ളവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ദെയ്ര് അല്‍ബലായില്‍ 21 പേര് കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെയായിരുന്നു ഈ ആക്രമണം.