പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട്-ഉക്രെയ്ന് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ഇന്നും നാളെയുമാണ് സന്ദര്‍ശനം. ചരിത്ര സന്ദര്‍ശനത്തിന് പ്രധാനമന്ത്രി വെള്ളിയാഴ്ച ഉക്രെയിനില്‍ എത്തും. റഷ്യന്‍-ഉക്രെയിന് സേനകള്‍ ഏറ്റുമുട്ടല്‍ തുടരുമ്പോള്‍, യുദ്ധം അവസാനിപ്പിക്കാനുള്ള സമവായ ദൗത്യവും മോദിയുടെ സന്ദര്‍ശനത്തിനുണ്ടെന്നാണ് സൂചന.
അതേസമയം മൊറാര്‍ജി ദേശായിക്ക് ശേഷം 45 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടിലേക്ക് യാത്ര തിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70-ാം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം. രണ്ട് ദിവസങ്ങളിലായി നടത്തുന്ന പോളണ്ട് സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്കുമായും പോളണ്ടിന്റെ പ്രസിഡന്റ് ആന്ദ്രെജ് ദുഡെയുമായും രാജ്യത്തെ ഇന്ത്യന്‍ സമൂഹവുമായും അദേഹം കൂടിക്കാഴ്ച നടത്തും. പിന്നീട് വാര്‍സോയില്‍ വിവിധ പരിസ്ഥിതി ശാസ്ത്രജ്ഞരുമായും വ്യവസായ പ്രമുഖരുമായും പ്രധാനമന്ത്രി സംവദിക്കും.
പോളണ്ടില്‍ നിന്ന് റെയില്‍ ഫോഴ്സ് വണ്‍ എന്ന ട്രെയിനില്‍ ഉക്രെയ്ന് തലസ്ഥാനമായ കീവിലേക്ക് പ്രധാനമന്ത്രി യാത്ര തിരിക്കും. 2022 ല്‍ റഷ്യ ഉക്രെയ്ന് നേരെ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ എത്തുന്നത്. പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. 30 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയിനില്‍ എത്തുന്നത്. ജൂണില്‍ ഇറ്റലിയില്‍ ജി 7 ഉച്ചകോടിയില്‍ മോദിയും സെലെന്‍സ്കിയും കൂടിക്കാഴ്ച നടത്തിയിരുന്നു.
നയതന്ത്രത്തിലൂടെയും ചര്‍ച്ചയിലൂടെയും സംഘര്‍ഷം പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. മോദി – സെലെന്‍സ്കി ചര്‍ച്ചയില്‍ സമവായ സാധ്യതകള്‍ വിഷയമായേക്കും. ഉഭയകക്ഷി ബന്ധവും ചര്‍ച്ച ചെയ്യും. സഹകരണ കരാറുകളും ഒപ്പിടും. അടിസ്ഥാന മേഖലയിലെ വികസനം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങി ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലകളിലും ചര്‍ച്ച നടത്തുമെന്നുമാണ് വിവരം.