ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുവേണ്ടിയുള്ള തെരച്ചിൽ ഇന്ന് വീണ്ടും നടക്കും. ഡ്രെഡ്ജർ ഉപയോഗിച്ചാണ് പരിശോധന നടത്തുക. ഇതിനായി ഗോവ തുറമുഖത്തു നിന്നെത്തിച്ച ഡ്രെഡ്ജർ രാവിലെ ഷിരൂരിൽ എത്തും.
പുഴയിൽ നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്തെ കല്ലും മണ്ണും നീക്കം ചെയ്യുന്നതായിരിക്കും ആദ്യപ്രവർത്തനം. നിലവിൽ മൂന്ന് നോട്‌സിനു താഴെയാണ് നദിയിലെ നീരൊഴുക്ക്. ഇത് തെരച്ചിലിനു അനുകൂലമാണെന്ന വിലയിരുത്തലിലാണ് മുന്നോട്ടുപോകുന്നത്. അപകടം നടന്ന് രണ്ടുമാസം കഴിഞ്ഞിട്ടും കാണാതായവരെക്കുറിച്ച് യാതൊരു അറിവും ലഭ്യമല്ല.
അർജുൻ ഓടിച്ച ലോറി ഉണ്ടെന്നു കരുതപ്പെടുന്ന മേഖല കണ്ടെത്തിയെങ്കിലും പുഴയുടെ അടിത്തട്ടിലെ കല്ലും മണ്ണും മൂലം തിരച്ചിൽ നടത്താൻ അന്ന് സംഘത്തിനു കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡ്രെഡ്ജർ എത്തിച്ച് തെരച്ചിൽ നടത്താൻ തീരുമാനിച്ചത്. അർജുനെ കൂടാതെ ഷിരൂർ സ്വദേശി ജഗനാഥ്, ഗംഗേകൊല്ല സ്വദേശി ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്.