റഷ്യയുമായുള്ള യുദ്ധം വേഗത്തിൽ അവസാനിപ്പിക്കുന്നതിനായി അമേരിക്കയുടെ പൂർണ്ണ പിന്തുണ പ്രതീക്ഷിച്ചിരിക്കുകയാണ് ഉക്രൈൻ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഉക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കി കൂടിക്കാഴ്ചയ്ക്കു ഒരുങ്ങുമ്പോൾ ഏറെ പ്രത്യാശയോടെയാണ് ഉക്രൈൻ ജനത ഇതിനെ നോക്കിക്കാണുന്നത്.
ജോ ബൈഡനു മുന്നിൽ അവതരിപ്പിക്കുന്ന ഉക്രേനിയൻ പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും കൂടുതൽ സൈനിക, സാമ്പത്തിക പിന്തുണയ്‌ക്കുള്ള അപേക്ഷകളും ഭാവിയിലെ സുരക്ഷാ ഗ്യാരണ്ടികളും തന്ത്രത്തിൽ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു “പാലം” ആയിട്ടാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് എന്നും ആളുകൾ വിചാരിക്കുന്നതിലും വേഗത്തിൽ ഇത് അവസാനിക്കുമെന്നു താൻ വിശ്വസിക്കുന്നു എന്നും സെലെൻസ്കി പറയുന്നു.
പാശ്ചാത്യ രാജ്യങ്ങൾ ഉക്രൈന്റെ സ്ഥാനം ശക്തിപ്പെടുത്തുകയാണെങ്കിൽ മാത്രമേ റഷ്യയുടെ വ്‌ളാഡിമിർ പുടിനെ നയതന്ത്ര പ്രവർത്തനങ്ങളിലൂടെ സമാധാന സ്ഥാപനത്തിനായി പ്രേരിപ്പിക്കാൻ സാധിക്കൂ എന്നും സെലെൻസ്കി വ്യക്തമാക്കി.
റഷ്യയിലേക്ക് കൂടുതൽ ദൂരത്തിൽ ആക്രമണം നടത്താൻ ഉപയോഗിക്കാവുന്ന ദീർഘദൂര മിസൈലുകളുടെ ഉപയോഗത്തിലുള്ള നിയന്ത്രണങ്ങൾ മാറ്റാൻ ഉക്രൈനെ അനുവദിക്കണമെന്ന് സെലെൻസ്‌കി പാശ്ചാത്യ രാജ്യങ്ങളോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഈ ആഴ്ച യുഎസ് സന്ദർശിക്കുമ്പോൾ ഈ ആവശ്യം വീണ്ടും ഉന്നയിക്കും എന്ന് പ്രതീക്ഷിക്കുന്നു.
‘എല്ലാവരും ബൈഡനെ ഉറ്റുനോക്കുന്നു, സ്വയം പ്രതിരോധിക്കാൻ ഞങ്ങൾക്കിത് ആവശ്യമാണ്’- സെലൻസ്കി വ്യക്തമാക്കി. യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുന്ന സെലെൻസ്‌കി യുഎസ് പ്രസിഡന്‌റ് സ്ഥാനാർഥികളായ ഡോണൾഡ് ട്രംപിനെയും കമല ഹാരിസിനെയും കാണുന്നുണ്ട്.