Sunday, November 24, 2024

ഇന്ന് ലോക ഫാർമസിസ്റ്റ് ദിനം: മരുന്നുവിതരണക്കാർക്കും നന്ദി പറയാം

ഇന്ന് സെപ്റ്റംബർ 25, ലോക ഫാർമസിസ്റ്റ് ദിനം. ആരോഗ്യമേഖലയിൽ അധികം വാഴ്ത്തപ്പെടാതെപോകുന്ന കരുതലിന്റെയും ജാഗ്രതയുടെയും നല്ല മാലാഖമാരെ ഓർക്കാനും അവരുടെ സ്നേഹശുശ്രൂഷകളെ അംഗീകരിക്കാനുമുള്ള ദിനം. ആരോഗ്യമേഖലയിൽ ഫാർമസിസ്റ്റുകളുടെ കടമയും ഉത്തരവാദിത്വങ്ങളും ഓർമ്മിപ്പിക്കുക, അതിനുള്ള പ്രവർത്തനങ്ങളെ പോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടിയാണ് എല്ലാ വർഷവും സെപ്റ്റംബർ 25-ന് ലോക ഫാർമസിസ്റ്റ് ദിനമായി ആചരിക്കുന്നത്.

മരുന്ന് വിതരണം ചെയ്യുന്നവർ ജീവന്റെ സംരക്ഷണത്തിനും നിലനിൽപ്പിനുംവേണ്ടിയാണ് അത് ചെയ്യുന്നത്. ഈ അർഥത്തിൽ ജീവന്റെ വിതരണക്കാരായി അവർ മാറുന്നു. അതിനാൽ എല്ലാ ഫാർമസിസ്റ്റുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹാഭിവാദ്യങ്ങൾ!

മരുന്ന് എന്ന് അർഥമുള്ള ‘ഫാർമക്കോൺ’ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഫാർമസി, ഫാർമസിസ്റ്റ് എന്നീ വാക്കുകളുടെ ഉത്ഭവം. ഡോക്ടർമാർ മരുന്നുവഴി രോഗികൾക്ക്  ജീവൻ നൽകുമ്പോൾ ഒരു ഫാർമസിസ്റ്റ് തന്റെ കഴിവും അറിവും വഴി മരുന്നുകൾക്കു ജീവൻ നൽകുന്നു എന്ന് സാധാരണ പറയാറുണ്ട്. ഫാർമസിയിലെ ജോലി, രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുക എന്നതുമാത്രമല്ല, മാനവരാശിയോടുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും ഉത്തരവാദിത്വം കൂടിയാണത്.

ഓരോ വർഷവും ഫാർമസിസ്റ്റ് ദിനം ആഘോഷിക്കുമ്പോൾ ആപ്തവാക്യമായി ഒരു പുതിയ ആശയം സ്വീകരിക്കാറുണ്ട്. 2024-ൽ ഫാർമസിസ്റ്റ് മീറ്റിങ് ഗ്ലോബൽ ഹെൽത്ത് നീഡ്സ് (Phar­ma­cist Meet­ing Glob­al Health Needs) എന്നതാണ് മുഖ്യപ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. ആഗോള ആരോഗ്യപരിപാലനത്തിന് ഫാർമസിസ്റ്റിന്റെ സേവനം അത്യാവശ്യമാണ് എന്നുള്ളതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്.

2009 സെപ്റ്റംബർ 25-നാണ് ലോക ഫാർമസിസ്റ്റ് ദിനം ആദ്യമായി ആചരിച്ചത്. ഇന്റർനാഷണൽ ഫാർമസിസ്റ്റ് ഫെഡറേഷൻ കൗൺസിലാണ് സെപ്റ്റംബർ 25 വേൾഡ് ഫാർമസിസ്റ്റ് ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്. ഇന്റർനാഷണൽ ഫാർമസിസ്റ്റ് ഫെഡറേഷൻ സ്ഥാപിക്കപ്പെട്ടത് 1912 സെപ്റ്റംബർ 25-നായിരുന്നു. അതുകൊണ്ടാണ് സെപ്റ്റംബർ 25 ലോക ഫാർമസിസ്റ്റ് ദിനമായിത്തീർന്നത്.

ആഗോള ആരോഗ്യപരിപാലനത്തിന് ഫാർമസിസ്റ്റിന്റെ സേവനം അത്യാവശ്യമാണ് എന്ന മുഖ്യപ്രമേയത്തിൽ മൂന്നു കാര്യങ്ങൾ കുറിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഒരു ഫാർമസിസ്സിനു വേണ്ട ത്രിവിധ ഗുണങ്ങൾ

1. അറിവ്: മരുന്നുകളെപ്പറ്റിയുള്ള ശരിയായ അറിവ് ഒരു ഫാർമസിസ്റ്റിനു വളരെ അത്യാവശ്യമാണ്. അവ ആർജിക്കാനായി നിരന്തരം ശ്രദ്ധിക്കുക. ഒരു ഡോക്ടറിനു പിഴവ് സംഭവിച്ചാൽ ഒരു രോഗി സഹിച്ചാൽ മതി, എന്നാൽ ഒരു ഫാർമസിസ്റ്റിനു പിഴവു പറ്റിയാൽ ഒരു ജനസമൂഹം തന്നെ സഹിക്കേണ്ടിവരും.

2. അനുഭവം: ഏതു കാര്യത്തിലെന്നതുപോലെ രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുമ്പോഴും ജീവിതാനുഭവങ്ങൾ ഒരു വലിയ ഘടകമാണ്. അനുഭവങ്ങളിൽനിന്നു പഠിക്കുക. മരുന്ന് വാങ്ങാനായി ഫാർമസിയിൽ കാത്തുനിൽക്കുന്നവരെ മുഷിപ്പിക്കാതെ പെരുമാറാൻ കഴിയണമെങ്കിൽ ജീവിതാനുഭവങ്ങൾ പാകപ്പെടുത്തിയ ഹൃദയവിശാലതയുടെ കാര്യസ്ഥരായിരിക്കണം അവർ.

3. ആർദ്രത: ആർദ്രതയും അനുകമ്പയും ഒരു ഫാർമസിസ്റ്റിന്റെ ജീവിതത്തിലെ സുപ്രധാന ഘടകങ്ങളാണ്. രോഗങ്ങളും അവ സൃഷ്ടിക്കുന്ന ജീവിതസംഘർഷങ്ങളും അക്ഷമയുമായി രോഗികളും ബന്ധുക്കളും ഫാർമസിയെ സമീപിക്കുമ്പോൾ അലിവും ആർദ്രതയും അനുകമ്പയും നിറഞ്ഞ നോട്ടവും വാക്കുകളും സമീപനങ്ങളും മറ്റുള്ളവർക്ക് സൗഖ്യലേപനങ്ങളായി മാറിയേക്കാം.

സൂക്ഷ്മതയോടെ, ക്ഷമയോടെ, ആർദ്രതയോടെ ആതുരാലയങ്ങളിൽ സ്നേഹത്തിന്റെ സൗഖ്യത്തിന്റെ നിശ്ശബ്ദവിപ്ലവം സൃഷ്ടിക്കുന്ന എല്ലാ ഫാർമസിസ്റ്റുകൾക്കും ആദരം നേരുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS 

Latest News