Sunday, November 24, 2024

‘ജയിൽ രജിസ്റ്ററിൽ ജാതി വെളിപ്പെടുത്തുന്ന കോളം ഇനി വേണ്ട’: സുപ്രീം കോടതി

ജയിലുകളിൽ തടവുകാർക്കു തൊഴിൽ നൽകുന്നതിൽ ജാതി പരിഗണിക്കുന്ന പ്രവണതയ്ക്ക് തടയിട്ട് സുപ്രീം കോടതി. ജാതിയുടെ അടിസ്ഥാനത്തിൽ ജോലി നൽകുന്ന പല സംസ്ഥാനങ്ങളിലെയും ജയിൽ മാനുവൽ വ്യവസ്ഥകൾ കോടതി റദ്ദാക്കി. ഒപ്പം ജയിൽ രജിസ്റ്ററിലെ ജാതി വെളിപ്പെടുത്തുന്ന കോളങ്ങൾ നിർബന്ധമായും ഇല്ലാതാക്കണം എന്ന നിർദേശവും കോടതി പുറപ്പെടുവിച്ചു.

പിന്നാക്ക ജാതിക്കാരായ തടവുകാർക്കു ശുചീകരണവും തൂത്തുവാരലും ഉയർന്ന ജാതിയിലുള്ള തടവുകാർക്കു പാചക ജോലിയും നൽകുന്ന രീതി പല ജയിലുകയിലും തുടർന്നു വന്നിരുന്നു. ഇത് പ്രത്യക്ഷത്തിലുള്ള ജാതി വിവേചനവും ഭരണഘടനയുടെ അനുച്‌ഛേദം 15 ന്റെ ലംഘനവുമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തക സുകന്യ ശാന്ത സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ഉത്തരവ്.

“തടവുകാരെ ജാതിയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നത് ജാതിവിവേചനം ശക്തിപ്പെടുത്തുന്ന പ്രവർത്തിയാണ്. വേർതിരിവ് പുനരധിവാസം സുഗമമാക്കില്ല. തടവുകാർക്ക് അന്തസ്സ് നൽകാതിരിക്കുന്നത് കൊളോണിയൽ വ്യവസ്ഥയുടെ അവശേഷിപ്പാണ്. തടവുകാരോട് മനുഷ്യത്വപരമായും ദയയോടെയും പെരുമാറണം. തടവുകാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിഗണിക്കണം”- വിധിന്യായം വായിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Latest News