Sunday, November 24, 2024

‘ഇസ്രയേൽ ദീർഘകാലം നിലനിൽക്കില്ല’: മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ്

ഇസ്രയേൽ ദീർഘകാലം നിലനിൽക്കില്ല എന്ന് വെളിപ്പെടുത്തി ഇറാൻ പരമോന്നത നേതാവ അയത്തുള്ള അലി ഖമേനി. ടെഹ്‌റാനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കുശേഷം അനുയായികളെ അഭിസംബോധന ചെയ്ത ഖമേനി ഇസ്രയേലിന് നേരേയുള്ള മിസൈൽ ആക്രമണങ്ങളെ ‘പൊതുസേവനം’ എന്നും വിശേഷിപ്പിച്ചു. അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഖമേനി ഒരു പൊതുപ്രസംഗം നടത്തുന്നത്.

“നമ്മുടെ അചഞ്ചലമായ വിശ്വാസം ശക്തിപ്പെടുത്തിക്കൊണ്ട് ശത്രുവിനെതിരെ നാം നിലകൊള്ളണം. ഇസ്രയേൽ ദീർഘകാലം നിലനിൽക്കില്ല” -അലി ഖമേനി മുന്നറിയിപ്പ് നൽകി. ഹമാസിനെയും ഹിസ്ബുള്ളയെയും തോൽപ്പിക്കാൻ ഇസ്രയേലിന് സാധിക്കില്ലെന്നും ഇസ്രയേലിനെതിരേയുള്ള ഇറാന്റെ നീക്കം ഉടനെയുണ്ടാകില്ല എങ്കിലും അത് അധികം വൈകില്ല എന്നും ഖമേനി പറഞ്ഞു.

ഹാമസും ഹിസ്ബുള്ളയുമായി ചേർന്ന് ഇറാൻ പൊതുശത്രുവിനെ നശിപ്പിക്കും. ഇസ്രയേലിന് തങ്ങളെ ഒരിക്കലും തോൽപ്പിക്കാനാകില്ല. ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങൾ ഒരുമിച്ചു നിൽക്കണം എന്നും സന്ദേശത്തിൽ ഖമേനി ആഹ്വാനം ചെയ്തു. ഇസ്രയേലിനെതിരെ വൻ മിസൈൽ ആക്രമണത്തിന് ശേഷമാണ് ഖമേനി ഒരു പൊതു പ്രഭാഷണം നടത്താൻ എത്തിയത്.

Latest News