Sunday, November 24, 2024

ഇന്ന് ലോക മാനസികാരോഗ്യ ദിനം: ക്രിയാത്മക ഇടപെടലുകൾ തേടുന്ന മാനസികാരോഗ്യ മേഖല

ഡോ സെമിച്ചൻ ജോസഫ്

ശാരീരികമായ ആരോഗ്യസംരക്ഷണത്തോടൊപ്പംതന്നെ പ്രാധാന്യമർഹിക്കുന്നതാണ് നമ്മുടെ മാനസികാരോഗ്യവും. സന്തോഷകരവും ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതിനാവശ്യമായ സാമൂഹികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിക്കാൻ ശരിയായ മാനസികാരോഗ്യം കൂടിയേതീരൂ.

അതിസങ്കീർണ്ണമായ ഒരു പ്രതിഭാസമായാണ് മനുഷ്യമനസ്സ് വിലയിരുത്തപ്പെടുന്നത്. അതിൽ മിന്നിമറയുന്ന ഭാവനയ്‌ക്കോ, ചിന്തയ്‌ക്കോ പകരംവയ്ക്കാൻ മനുഷ്യൻ കണ്ടുപിടിച്ച ഒരു ഉപകരണവും മതിയായെന്നുവരില്ല. സങ്കീർണ്ണമായ വൈകാരികതയും അർഥതലങ്ങളുമാണ് മനസ്സിനുള്ളത്. അങ്ങനെയുള്ള മനസ്സിന്റെ പരിചരണവും സംരക്ഷണവും ആത്മീയ-ഭൗതികതലങ്ങളെ ചൂഴ്ന്നുനിൽക്കുന്ന അനവധി ഘടകങ്ങളെ  ആശ്രയിച്ചാണിരിക്കുന്നത്. ജീവിതത്തിന്റെ പരുപരുത്ത യാഥാർഥ്യങ്ങൾ ചിലപ്പോഴെങ്കിലും മനസ്സിന്റെ താളംതെറ്റിക്കുന്നതായി കാണാം. ഈ താളപ്പിഴകൾ പരിഹരിക്കുന്നതിനോ, ലഘൂകരിക്കുന്നതിനോ സഹായകമായ പ്രതിവിധികളെക്കുറിച്ചുള്ള അറിവില്ലായ്മ പ്രശ്നത്തെ കൂടുതൽ ഗുരുതരമാക്കുന്നു. ഇത് ലോകത്ത് മാനസികരോഗികളുടെ എണ്ണം കൂടാൻ കാരണമാവുന്നുവെന്ന്  പഠനങ്ങൾ  ചൂണ്ടിക്കാണിക്കുന്നു.

‘മാനസികാരോഗ്യം ഒരു സാർവത്രിക മനുഷ്യാവകാശം’

മാനസികാരോഗ്യം എല്ലാ മനുഷ്യരുടെയും അടിസ്ഥാന അവകാശമാണ്. എല്ലാവർക്കും, ആരായാലും എവിടെയായിരുന്നാലും, മാനസികാരോഗ്യത്തിന്റെ ഉയർന്ന നിലവാരം കൈവരിക്കാൻ അവകാശമുണ്ട്. മാനസികമായ അപകടങ്ങളിൽനിന്നും സംരക്ഷിക്കപ്പെടാനുള്ള അവകാശം, ഗുണമേന്മയുള്ള പരിചരണത്തിനുള്ള അവകാശം, സാമൂഹ്യജീവിതത്തിലുള്ള തുല്യപങ്കാളിത്തത്തിനുള്ള അവകാശം എന്നിവ സവിശേഷമായി പരിഗണിക്കേണ്ടതുണ്ട്.

ശരിയായ മാനസികാരോഗ്യം വ്യക്തികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്. ആഗോളതലത്തിൽ എട്ടിലൊരാൾ മാനസികാരോഗ്യ സാഹചര്യങ്ങളുമായി ജീവിക്കുന്നു എന്നാണ് കണക്കുകൾ. അത് അവരുടെ ശാരീരികാരോഗ്യം, ക്ഷേമം, സാമൂഹ്യ ഇടപെടലുകൾ, ഉപജീവനമാർഗം എന്നിവയെ ബാധിക്കുന്നു. കൗമാരക്കാരിലും  യുവാക്കളിലും വർധിച്ചുവരുന്ന മാനസികാരോഗ്യപ്രശ്ങ്ങൾ നമ്മൾ കൂടുതൽ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. ഈ ദിശയിലുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളെ തങ്ങളുടെ മനസ്സിന്റെ ആരോഗ്യത്തെക്കുറിച്ച് കരുതലുള്ളവരാക്കിമാറ്റുക എന്ന ലഷ്യത്തോടെയുമാണ് ലോക മാനസികാരോഗ്യദിനം എല്ലാ വർഷവും ആചരിക്കുന്നത്.

തൊഴിലിടങ്ങളിലെ  മാനസികാരോഗ്യം

തൊഴിലും മാനസികാരോഗ്യവും തമ്മിലുള്ള ആഴമായ  ബന്ധം കൂടുതൽ ചർച്ചകൾക്കു വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ‘തൊഴിലിടങ്ങളിലെ മാനസികാരോഗ്യം’ എന്ന വിഷയമാണ് ഈ വർഷം ലോകാരോഗ്യസംഘടന മുന്നോട്ടുവയ്ക്കുന്നത്. ലോക ജനസംഖ്യയുടെ അറുപതു ശതമാനത്തിലധികംപേരും ഏതെങ്കിലും തരത്തിലുള്ള ജോലിയിടങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരായതുകൊണ്ടുതന്നെ തൊഴിലിടങ്ങളിലെ മാനസികാരോഗ്യം അത്രമേൽ പ്രാധാന്യമർഹിക്കുന്നു.

സർക്കാരുകൾ, തൊഴിലുടമകൾ, തൊഴിലാളികളെയും തൊഴിലുടമകളെയും പ്രതിനിധീകരിക്കുന്ന ഓർഗനൈസേഷനുകൾ, തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഉത്തരവാദിത്വമുള്ള മറ്റ് പങ്കാളികൾ എന്നിവർ ജോലിസ്ഥലത്ത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഒരുമിച്ചുപ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ജോലിസ്ഥലത്ത് മാനസികാരോഗ്യം കൈകാര്യം ചെയ്യുന്നതിനായി അനുഭവസമ്പത്തും യോഗ്യതയുമുള്ള പ്രഫഷണലുകളുടെ സാന്നിധ്യവും ഉറപ്പുവരുത്തേണ്ടണ്ടതാണ്.

ഡോ. സെമിച്ചൻ ജോസഫ്
(സാമൂഹ്യപ്രവർത്തകനും കൗൺസിലറും സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപകനുമാണ് ലേഖകൻ)

Latest News